സുരേഷ് കുമാര്‍ രവീന്ദ്രന്‍
വയലിൻ വാദനത്തിലൂടെ ലോകമെമ്പാടുമുള്ള സംഗീത പ്രേമികളെ ഏറെ ഹരം കൊള്ളിച്ച്, അസൂയാവഹമായ നേട്ടങ്ങൾ സ്വന്തമാക്കി, മാധുര്യമേറിയ പുഞ്ചിരിയോടെ മുന്നേറുകയാണ് പെരുമ്പാവൂരുകാരനായ ഇരുപത്തിരണ്ടുകാരൻ അസീർ മുഹമ്മദ്. ലോകത്തിലെ ഏറ്റവും മികച്ച വയലിൻ ബ്രാൻഡായ കാന്റിനി അവരുടെ വെബ്‌സൈറ്റ് പ്രൊഫൈലിൽ ചേർത്ത അന്താരാഷ്ത്ര നിലവാരമുള്ള ചുരുക്കം ചില വയലിനിസ്റ്റുകളിൽ ഒരാളാണ് അസീർ. പ്രതിഭാധനനായ മലയാളി സംഗീതജ്ഞൻ ബാലഭാസ്‌ക്കർ മാത്രമാണ് അസീറിനെ കൂടാതെ ഇന്ത്യയിൽ നിന്നും കാന്റിനിയുടെ ലിസ്റ്റിൽ ഇടം പിടിച്ചിട്ടുള്ളത്. വയലിൻ എന്ന വാദ്യോപകരണം ആയുധമാക്കി ഒരു ചെറുപ്പക്കാരൻ ഇത്രയും ഗംഭീരമായ മുന്നേറ്റം നടത്തുന്നു എന്നറിയുമ്പോൾ ആരും മൂക്കത്ത് വിരൽ വച്ച് ചോദിച്ചു പോകും, ഈ പ്രായത്തിൽ ഇതെങ്ങനെ സാധിക്കുന്നു?
കലാപ്രതിഭകളെ സൃഷ്ടിക്കുന്നതിൽ അന്നും, ഇന്നും, എന്നും മുൻപന്തിയിലാണ് കേരളത്തിൽ എറണാകുളം ജില്ലയിലെ പെരുമ്പാവൂർ എന്ന നാട്. പെരുമ്പാവൂർ ജി.രവീന്ദ്രനാഥ്, പത്മശ്രീ ജയറാം എന്നിവരടക്കം ഒട്ടനവധി പ്രതിഭാധനരായ വ്യക്തിത്വങ്ങൾ അവിടെ നിന്നും ജനഹൃദയങ്ങളിൽ ചേക്കേറിയിട്ടുണ്ട്. ആ ശ്രേണിയിലേക്ക് ഈ തലമുറയുടെ സമ്മാനമാണ് അസീർ മുഹമ്മദ്. വായിൽ സ്വർണ്ണക്കരണ്ടി വച്ചു കൊണ്ടായിരുന്നില്ല ജനനം. ബാല്യവും, കൗമാരവും വ്യത്യസ്തമായിരുന്നില്ല. ഉമ്മയെന്ന പുണ്യം അസീറിനെ തോളിലേറ്റി ധൈര്യത്തോടെ ലോകത്തെ നേരിട്ടപ്പോൾ ദുരിത ഘട്ടം പമ്പയും കടന്ന് ഓടി മറഞ്ഞു. കൂട്ടുകാരൊക്കെ ക്രിക്കറ്റിന്റെയും, ഫുടബോളിന്റെയും പിറകേ പാഞ്ഞപ്പോൾ, ഒൻപതാം വയസ്സിൽ തന്നെ തന്റെ ഇഷ്ടലോകത്തെത്തി ഒരു കസേര വലിച്ചിട്ട് അതിൽ കയറി ഇരിക്കുകയായിരുന്നു അസീർ. അന്നു മുതൽ ഇന്നുവരെയും ‘വയലിൻ’ എന്ന ആ സ്വർഗ്ഗ ലോകമാണ് അസീറിന്റെ ശ്വാസവായു. സ്‌കൂളിലെ ഒരു ചടങ്ങിൽ വയലിൻ വായിച്ചപ്പോൾ അത് ഇഷ്ടമാകാതെ ഒരു അധ്യാപകൻ കനത്ത ആക്ഷേപത്തിലൂടെ അസീറിനെ അപമാനിച്ചു വിട്ടു. ആ കുഞ്ഞു മനസ്സ് വേദനിച്ചു, പ്രകൃതി അത് മനസ്സിൽ കുറിച്ചിട്ടു. വർഷങ്ങൾക്കിപ്പുറം ലോകം അറിയപ്പെടുന്ന മികച്ചൊരു വയലിനിസ്റ്റായി അസീർ മാറിയപ്പോൾ ആദ്യം ചെയ്തത് ആ അധ്യാപകനെ നേരിട്ട് കണ്ട് കാൽ തൊട്ടു വന്ദിച്ച് അനുഗ്രഹം വാങ്ങുകയായിരുന്നു. ഒപ്പം ഇങ്ങനെ പറഞ്ഞു, “നന്ദി സാർ. അങ്ങ് എന്നിലുണ്ടാക്കിയ ആ വാശിയും, കടുത്ത ആഗ്രഹവുമാണ് എന്നെ ഇന്ന് ഈ നിലയിൽ എത്തിച്ചത്. ഒരുപാട് നന്ദി”.
ഇന്ന് അസീർ മുഹമ്മദ് എന്നത് പുറംലോകം അറിയപ്പെടുന്ന ഒരു വയലിൻ വാദകന്റെ പേരാണ്. ചരിത്ര നേട്ടങ്ങൾ സ്വന്തമാക്കി വിജയത്തിന്റെ പടികളോരോന്നായി നടന്നു കയറുകയാണ് അസീർ. ഉയിരിനെക്കാളും ഇഷ്ടമായ വയലിനെയും കെട്ടിപ്പിടിച്ചു കൊണ്ട് ജീവിതത്തിലേക്ക് നടന്നു നീങ്ങിയ അസീറിനെ ജന്മനാട് തുടക്കകാലത്ത് അത്രകണ്ട് അംഗീകരിച്ചിരുന്നില്ല. നിരുത്സാഹപ്പെടുത്തുന്ന തിരക്കിലായിരുന്നു ഒപ്പമുണ്ടായിരുന്നവരിൽ ഏറെയും. എന്നാലിപ്പോൾ കാലം മാറിയപ്പോൾ, കഥയും മൊത്തമായും മാറുകയാണ്. അസീർ മുഹമ്മദ് എന്ന ലോകോത്തര പ്രതിഭയ്ക്ക് അനുമോദനം നൽകാൻ ഒരുങ്ങുകയാണ് സ്വന്തം ജന്മനാട്! നാട്ടുകാർ ഇപ്പോൾ അഭിമാനത്തോടെ പറയുന്നു അസീർ ഞങ്ങളുടെ സ്വന്തം നാട്ടുകാരനാണ് എന്ന്. മാറ്റം എന്ന വാക്കിനു മാത്രമാണ് മാറ്റമില്ലാത്തത് എന്ന് വീണ്ടും വീണ്ടും തെളിയിക്കപ്പെടുന്നു. അസീറിന്റെ ജീവിതത്തിൽ ഇത്രയും വലിയൊരു മാറ്റം ഉണ്ടായതെങ്ങനെ ?
കലാപാരമ്പര്യം കൊണ്ട് സമ്പന്നമായൊരു കുടുംബമോ, ചുറ്റുപാടോ സ്വന്തമായിരുന്നില്ല അസീറിന്. ഉമ്മ റഷീദയ്ക്ക് സംഗീതത്തോട് ഏറെ ഇഷ്ടമായിരുന്നതും, ആ വകയിൽ ചെറിയ രീതിയിൽ പാട്ടിനോട് കമ്പമുണ്ടായിരുന്നതും ഒഴിച്ചു നിർത്തിയാൽ വേറെ ഒന്നും തന്നെ അസീറിനെ പ്രോത്സാഹിപ്പിക്കാൻ ഉതകുന്ന തരത്തിലുള്ളതായിരുന്നുല്ല. സ്വന്തം മനസ്സിൽ നിന്നും കിട്ടിയ ‘നിശ്ചയദാർഢ്യതയോടെ മുന്നേറൂ’ എന്ന കല്ലേപ്പിളർക്കും ആജ്ഞ അതൊന്നാണ് അസീറിന്റെ ജീവിതം മാറ്റിമറിച്ചത്. ദുരിതപർവ്വം അത് തീർന്നു കിട്ടിയേ മതിയാകൂ എന്ന ഉറച്ച തീരുമാനം ആ കുഞ്ഞു പ്രായത്തിൽ തന്നെ അസീറിന്റെ മനസ്സിൽ സ്ഥിരപ്രതിഷ്ഠ നേടിയിരുന്നു. ചെറിയ ചെറിയ പരിപാടികൾക്കും, കല്യാണമേളങ്ങൾക്കും വയലിൻ വായിച്ചു കൊണ്ടായിരുന്നു തുടക്കം. കഷ്ടപ്പാടുകളോട് പൊരുതി മുന്നേറിയ അസീറിനെത്തേടി പിന്നീട് അവസരങ്ങൾ ഓടിയെത്തുകയായിരുന്നു. അത് ഇന്ന് ദുബായ് ഭരണാധികാരി ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റഷീദ് നഹ്യാന്റെ കൊട്ടാര കാര്യദർശിയും, റീജൻസി ഗ്രൂപ്പ് ചെയർമാനുമായ ഷംസുദ്ധീൻ ബിൻ മുഹിയുദീനിൽ നിന്നും ‘ബെസ്റ്റ് പെർഫോർമർ’ അവാർഡ് സ്വീകരിക്കുന്നതിൽ വരെ എത്തി നിൽക്കുകയാണ് അസീറിന്റെ ജീവിത സപര്യ.
ഏറ്റവും പുതിയതായി, ലണ്ടൻ ആസ്ഥാനമാക്കിയുള്ള സംഗീതപ്രേമികളായ മലയാളി കൂട്ടായ്മ പ്രൗഢ ഗംഭീരമായൊരു ചടങ്ങിൽ വെച്ച് അസീർ മുഹമ്മദിനെ ആദരിക്കാനായി പദ്ധതിയിട്ടിരിക്കുകയാണ്. കേരളത്തിനകത്തും പുറത്തുമുള്ള നിരവധി വ്യക്തിത്വങ്ങൾ സംബന്ധിക്കുന്ന ചടങ്ങ് ഈ വരുന്ന ജൂൺ അവസാന വാരത്തിൽ ലണ്ടനിൽ വെച്ചായിരിക്കും നടക്കുക. ലോകത്തിലെ ഇരുപത് രാജ്യങ്ങളിലെ മ്യൂസിക് ശാഖകളെ ചേർത്തു വച്ചു കൊണ്ട് ലോക സമാധാനത്തിന് വേണ്ടി ഒരു ഫ്യുഷൻ തയ്യാറാക്കുന്ന തിരക്കിലാണ് അസീർ ഇപ്പോൾ. ലണ്ടനിൽ വെച്ച് നടക്കുന്ന സ്വീകരണ ചടങ്ങിൽ തന്റെ ഡ്രീം പ്രോജക്ടായ ഈ ഫ്യൂഷൻ അവതരിപ്പിക്കാനാണു അസീറിന്റെ പ്ലാൻ. ഇതിനോടകം തന്നെ ദുബായ് ഏഷ്യാവിഷൻ ഫിലിം അവാർഡ് നൈറ്റ്, ‘ഹരിത ചന്ദ്രിക’ മിഡിൽ ഈസ്റ്റ് വാർഷികോത്സവം, ‘മഴനിലാവ്’ മാധ്യമം വാർഷികോത്സവം, ദുബായിൽ നടന്ന പ്രശസ്ത ഗസൽ ഗായകൻ ഉമ്പായിയുടെ ഗസൽ സന്ധ്യ, പെരുമ്പാവൂരിൽ നടന്ന ഫ്‌ളവേഴ്‌സ് ഫിലിം ക്രിട്ടിക്സ് അവാർഡ്, കൊച്ചിയിൽ നടന്ന മാക്ട യുടെ പ്രണാമസന്ധ്യ തുടങ്ങി താര നിബിഡമായ ഒട്ടനവധി സദസ്സുകളിൽ അസീർ തന്റെ കാന്റിനി വയലിനിലൂടെ സംഗീത പ്രേമികളുടെ ഹൃദയം കവർന്നിരിക്കുകയാണ്. യു എ ഇ യിലെ വാണിജ്യ, വ്യാവസായിക, വിദ്യാഭ്യാസ, കലാ സാഹിത്യ, സാമൂഹിക മേഖലകളിൽ തനത് വ്യക്തിത്വം പ്രകടമാക്കിയ അതിശക്തരായ നൂറ് മലയാളികളെ ആദരിക്കുന്ന അതേ വേദിയിൽ നിറഞ്ഞ സദസ്സിന് മുന്നിൽ ഗസൽ മാന്ത്രികൻ ഉമ്പായിയോടൊപ്പം പെർഫോം ചെയ്യാനുള്ള അവസരവും അസീറിന് ലഭിച്ചു.
ഈ ചെറിയ പ്രായത്തിൽ ഒരുപാട് പ്രഗത്ഭരുടെ സ്നേഹവാത്സല്യം നേടുന്നതിന്, അഭിനന്ദനങ്ങൾ നേരിട്ടനുഭവിക്കുന്നതിന് അസീറിന് സാധിക്കുകയാണ്. ഈയിടെ ദുബായ് അൽ നാസർ ലെഷർലാന്റിൽ മലയാളത്തിന്റെ മാപ്പിളപ്പാട്ട് ഇതിഹാസം എരഞ്ഞോളി മൂസയെ ആദരിക്കുന്ന ‘മിഅറാജ് രാവിലെ കാറ്റ്’ എന്ന ചടങ്ങിലെ വേദിയിൽ സൂപ്പർഹിറ്റായ മാപ്പിളപ്പാട്ടുകൾക്ക് വയലിനിൽ മെഡ്‌ലെ വിരുന്നൊരുക്കികൊണ്ട് അസീർ നടത്തിയ പ്രകടനം കലാപ്രേമികളുടെ ഓർമ്മയിലെ മറക്കാത്ത ഒരനുഭവമായിരിക്കും എന്നും. തുടർന്ന് മസ്‌കറ്റിലെ റൂവിയിൽ നടന്ന, ഉണ്ണിമേനോൻ – അഫ്സൽ ടീം നയിച്ച ‘വൈശാഖസന്ധ്യ’ എന്ന പരിപാടിക്കിടെ അസീർ നടത്തിയ വയലിൻ പെർഫോമൻസിന് ശേഷം വിശിഷ്ട വ്യക്തിത്വങ്ങൾ അടങ്ങിയ സദസ്സ് മുഴുവൻ എഴുന്നേറ്റ് നിന്ന് കയ്യടിച്ച് അദ്ദേഹത്തെ ആദരിച്ചത് ഈ കലാകാരന്റെ കലാജീവിതത്തിലെ അവിസ്മരണീയമായ ഒരു ഏടാണ്. ഇന്ന് പ്രശസ്ത സംഗീത സംവിധായകരായ ഗോപീസുന്ദർ, സ്റ്റീഫൻ ദേവസ്സി എന്നിവരുടെ സംഗീതപരിപാടികളിലെ സ്ഥിരസാന്നിധ്യമാണ് അസീർ. മെഗാസ്റ്റാർ മമ്മൂട്ടിയുടെ പ്രത്യേക ക്ഷണപ്രകാരം, ഈ വരുന്ന ഏപ്രിൽ 7 ന് കൈരളി ടിവി ദുബായിൽ സംഘടിപ്പിക്കുന്ന ‘ഇശൽ ലൈല’ എന്ന പ്രോഗ്രാമിൽ പെർഫോം ചെയ്യാനായി തയ്യാറെടുക്കുകയാണ് അസീർ ഇപ്പോൾ. തന്നോട് കലാകേരളം കാണിക്കുന്ന ഈ സ്നേഹവാത്സല്യത്തെ നിറഞ്ഞ മനസ്സോടെ, ഹൃദയം തുളുമ്പുന്ന നന്ദിയോടെ ഓർക്കുന്നുണ്ട് അസീർ.
Leave a Comment