CinemaGeneralNEWS

ദേവരാഗങ്ങള്‍ പൊഴിച്ച ദേവര്‍ഷി; ജി ദേവരാജന്‍ മാസ്റ്റര്‍ ഓര്‍മ്മ ദിനം

മലയാള ചലച്ചിത്ര സംഗീതത്തില്‍ ദേവരാഗങ്ങള്‍ ചൊരിഞ്ഞിട്ട പ്രതിഭാധനനായ സംഗീതജ്ഞനാണ് പരവൂര്‍ ഗോവിന്ദന്‍ ദേവരാജന്‍ എന്ന ദേവരാജന്‍ മാസ്റ്റര്‍. കൊല്ലം ജില്ലയിലെ പരവൂരില്‍ 1925 ഒക്ടോബര്‍ 27 നാണ് ദേവരാജന്‍ മാസ്റ്റര്‍ ജനിച്ചത്. മൃദംഗ വിദ്വാനായിരുന്ന കൊച്ചുഗോവിന്ദനാശാനാണ് പിതാവ്. മാതാവ് കൊച്ചുകുഞ്ഞ്.

മനുഷ്യനും പ്രകൃതിയും കാലവും സമന്വയിപ്പിച്ചുകൊണ്ടുള്ള ഒരു സംഗീത സപര്യയായിരുന്നു ദേവരാജന്‍ മാസ്റ്ററുടേത്. പ്രണയം, വിരഹം, ദു:ഖം, ഹാസ്യം, ദര്‍ശനം, വേദാന്തം എന്നിങ്ങനെ മനുഷ്യര്‍ നിത്യേന പ്രതിനിധാനം ചെയ്യുന്ന സമസ്ത മണ്ഡലങ്ങളെയും സ്പര്‍ശിച്ചുകൊണ്ടുള്ള ഗാനങ്ങള്‍ ഒരുക്കി.

ദേവരാജൻ സംഗീതസംവിധാനം ചെയ്ത ആദ്യ ചലച്ചിത്രം കാലം മാറുന്നു (1955) ആയിരുന്നു. പ്രശസ്ത ഗാനരചയിതാവായ വയലാർ രാമവർമ്മയുമായി ഒന്നുചേർന്ന് ദേവരാജൻ ചതുരംഗം എന്ന ചിത്രത്തിനു സംഗീതസംവിധാനം ചെയ്തു (1959). വയലാറിന്റെ പങ്കാളിയായി ചെയ്ത രണ്ടാമത്തെ ചിത്രം – ദേവരാ‍ജന്റെ മൂന്നാമത്തെ ചിത്രം – ഭാര്യ (1962) ആയിരുന്നു. ദേവരാജന്‍ മാസ്റ്ററും, വയലാറും, യേശുദാസും ചേര്‍ന്നാല്‍ മലയാള ചലച്ചിത്ര സംഗീതം ഏതാണ്ട് പൂര്‍ണ്ണമായെന്ന് പറയാം. വയലാറിന്റെ വരികള്‍ക്ക് ഈണം പകരുമ്പോഴാണ് ദേവരാജ സംഗീതം അതിന്റെ പൂര്‍ണ്ണതയില്‍ എത്തുക. സന്യാസിനി നിന്‍ പുണ്യാശ്രമത്തില്‍ ഞാന്‍, സംഗമം സംഗമം ത്രിവേണി സംഗമം, ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം… തുടങ്ങിയ ഗാനങ്ങള്‍ അങ്ങനെ ആവിഷ്‌കരിക്കപ്പെട്ടവയാണ്.

വയലാറിന്റെ ശക്തമായ ഒരു രചനയാണ് മനുഷ്യര്‍ മതങ്ങളെ സൃഷ്ടിച്ചു… എന്ന ഗാനം. കേരളം ഒരു ഭ്രാന്താലയം എന്ന് സ്വാമി വിവേകാനന്ദന്‍ പറഞ്ഞതിനെ അതിന്റെ വൈകാരികത ഒട്ടും ചോര്‍ന്നുപോകാതെയും ആശയദ്യുതി കൈവിട്ടു പോകാതെയും മാസ്റ്റര്‍ ഈ ഗാനം ആവിഷ്‌കരിച്ചിരിക്കുന്നു. ദേവദാരു പൂത്തനാളൊരു ദേവകുമാരിയെ കണ്ടു ഞാന്‍, ശംഖുപുഷ്പം കണ്ണെഴുതുമ്പോള്‍ ശകുന്തളേ നിന്നെ ഓര്‍മ്മ വരും, സ്വര്‍ണച്ചാമരം വീശിയെത്തുന്ന, കറുത്ത ചക്രവാള മതിലുകള്‍ ചൂഴും… തുടങ്ങിയ ഗാനങ്ങള്‍ ഇന്നും ആസ്വാദകന് പ്രിയങ്കരമാണ്.

നാടൻ പാട്ടുകളുടെ ഈണങ്ങളും പാശ്ചാത്യ സംഗീതവും കർണ്ണാടക – ഹിന്ദുസ്ഥാനി സംഗീതവുമായി ഒന്നിച്ചുചേർത്ത രീതിയായിരുന്നു അദ്ദേഹം സ്വീകരിച്ചിരുന്നത്. ഒരു നിരീശ്വരവാദി ആയിരുന്നെങ്കിലും മലയാളത്തിലെ പ്രശസ്തമായ പല ഭക്തിഗാനങ്ങൾക്കും ഈണം പകർന്നത് ദേവരാജനാണ്. ഗുരുവായൂരമ്പലനടയിൽ, നിത്യ വിശുദ്ധയാം കന്യാമറിയമേ, തുടങ്ങിയ ഭക്തിഗാനങ്ങൾ ദേവരാജൻ ചിട്ടപ്പെടുത്തിയവയാണ്.

മലയാളത്തിലെ നിത്യഹരിത ഗാനങ്ങള്‍ക്ക് ജന്മം നല്‍കിയ ദേവരാജന്‍ മാസ്റ്റര്‍ മുന്നൂറിലേറെ മലയാളചലച്ചിത്രങ്ങൾക്ക് ഈണം പകർന്നിട്ടുണ്ട്. ഇതിനു പുറമേ പല നാടകങ്ങൾക്കും 20 തമിഴ് ചലച്ചിത്രങ്ങൾക്കും 4 കന്നഡ ചലച്ചിത്രങ്ങൾക്കും അദ്ദേഹം സംഗീതസംവിധാനം ചെയ്തു. തമിഴ് ചിത്രമായ ‘അണ്ണൈ വേളാങ്കണ്ണി’ എന്ന ചിത്രത്തിലെ ഗാനം വളരെ പ്രശസ്തമായിരുന്നു. കേരള സർക്കാരിന്റെ ഏറ്റവും നല്ല ചലച്ചിത്രസംഗീതസംവിധായകനുള്ള പുരസ്കാരം ദേവരാജൻ മാസ്റ്റർ 5 തവണ നേടിയിട്ടുണ്ട്. പിൽക്കാലത്ത്‌ വയലാറിന്റെ പുത്രൻ വയലാർ ശരത്ചന്ദ്ര വർമ്മ ആദ്യമായി ഗാനരചന നിർവ്വഹിച്ച എന്റെ പൊന്നു തമ്പുരാനും എന്ന ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണമിട്ടതും ദേവരാജൻ മാസ്റ്റർ തന്നെയായിരുന്നു

shortlink

Related Articles

Post Your Comments


Back to top button