മലയാളത്തിന്റെ പ്രിയ താരം മണി ഓര്‍മ്മയായിട്ട് ഒരു വര്ഷം പൂര്‍ത്തിയാകുമ്പോള്‍ സംവിധായകന്‍ സിബി മലയില്‍ മണിയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കു വയ്ക്കുന്നു.
കാക്കനാട്ട് നവോദയയില്‍ നടന്ന അക്ഷരം എന്ന സിനിമയുടെ ഷൂട്ടിംഗ് സെറ്റില്‍ തന്റെ മുന്‍പില്‍ ആദ്യ ചിത്രത്തിനായി മണി മേക്കപ്പ് ഇടുന്നത് ഓര്‍ത്തെടുക്കുന്ന സിബി മലയില്‍ സംവിധാന സഹായിയായ സുന്ദർദാസാണു ചാലക്കുടിക്കാരൻ മണിയെക്കുറിച്ച് തന്നോട് പറഞ്ഞതെന്ന് ഓര്‍ത്തെടുക്കുന്നു. ചിത്രത്തിൽ ഓട്ടോറിക്ഷ ഓടിക്കുന്ന കഥപാത്രമുണ്ടായിരുന്നു. ഓട്ടോഡ്രൈവറായി സാധാരണക്കാരനെ വേണമായിരുന്നു. പലരെയും നോക്കി. അവസാനം സുന്ദര്‍ദാസ് മണിയെക്കുറിച്ച് പറഞ്ഞു. നല്ല മിമിക്രിക്കാരൻ. നല്ല കലാകാരനുമാണ്. ജീവിത മാർഗം എന്ന നിലയ്ക്ക് ഓട്ടോറിക്ഷ ഓടിക്കുന്നുമുണ്ട്. അങ്ങനെ മണിയെ ആ കഥാപാത്രമാക്കി.
കാക്കനാട്ട് നവോദയയിലെ ഷൂട്ടിങ്ങിനായി ഓട്ടോറിക്ഷയില്‍ തന്നെ ചാലക്കുടിയിൽനിന്നും മണി വന്നു. ഷൂട്ടിങ് തുടങ്ങി. കൊച്ചി നഗരത്തിലൂടെ മണി ഓട്ടോ ഓടിക്കുന്നു. യാത്രക്കാരനായി സുരേഷ് ഗോപി. സുരേഷിന് ആദ്യം പേടിയായിരുന്നു. ഡ്രൈവർ പിന്നിലേക്കു തിരിഞ്ഞുള്ള ഡയലോഗൊക്കെയുണ്ട്. സംസാരത്തിനിടെ വണ്ടിയുടെ നിയന്ത്രണം വിടുമോ എന്നായിരുന്നു സുരേഷ് ഗോപിയുടെ പേടി. പേടിച്ചതുപോലെയൊന്നും ഉണ്ടായില്ല. മണി നന്നായി ഓട്ടോ ഓടിച്ചു. നന്നായി അഭിനയിക്കുകയും ചെയ്തു. സിബി മലയില്‍ പറയുന്നു
സുന്ദർദാസ് സ്വന്തമായി ചെയ്ത ആദ്യചിത്രമായ സല്ലാപത്തിലും മണി അഭിനയിച്ചു. സുന്ദർദാസിനു പിന്തുണയുമായി താനും ലൊക്കേഷനിൽ പോയിരുന്നു. ചെത്തുകാരന്റെ വേഷമായിരുന്നു മണിക്ക്. മണി അനായാസം തെങ്ങിന്റെ മുകളിലേക്കു കയറിപ്പോകുന്നതുകണ്ടു തങ്ങളെല്ലാം അമ്പരന്നുവെന്നും സിബി പറയുന്നു. ഓട്ടോ ഓടിക്കുന്ന നടൻ. തെങ്ങുകയറുന്ന നടൻ. തെങ്ങിന്റെ മുകളിലിരുന്ന് അനായാസം ഡയലോഗുകൾ പറയുന്നു. മലയാള സിനിമ അത്തരം കാഴ്ചകൾ മുൻപു കണ്ടിരുന്നില്ല.
ഇന്ത്യയിൽ ഏറ്റവുമധികം താരമൂല്യമുള്ള രണ്ടുപേരുടെ കൂടെ––രജനീകാന്തിന്റെയും ഐശ്വര്യ റായിയുടെയും–– അഭിനയിച്ചു. രജനീകാന്തിനെപ്പോലൊരു വ്യക്തിയായിരുന്നു മണിയും എന്നുവേണമെങ്കിൽ പറയാം. ഒട്ടേറെ ബുദ്ധിമുട്ടുകൾ തരണം ചെയ്തു സിനിമയിലെത്തി കഴിവു തെളിയിച്ചവരാണല്ലോ രണ്ടുപേരും.
കൂട്ടുകാർക്കും നാട്ടുകാർക്കും ഒപ്പമായിരുന്നു എന്നും മണി. ‘കിസാൻ’ എന്ന സിനിമയിൽ ഫുട്ബോൾ കളിക്കാരന്റെ വേഷമായിരുന്നു. അന്നു സഹകളിക്കാരായി അഭിനയിപ്പിക്കാൻ ചാലക്കുടിയിലെ കളിക്കാരെയാണു കൊണ്ടുവന്നത്. നാട്ടുകാരിൽ സാമ്പത്തിക ബുദ്ധിമുട്ടുള്ളവരെ സഹായിക്കാൻ മണി മടിച്ചുനിന്നില്ല. കുട്ടിക്കാലത്തെ കൂട്ടുകാരെ നല്ലകാലത്തു മറന്നില്ല. ഷൂട്ടിങ്ങിനെത്തുമ്പോൾ കൂട്ടുകാരും ഉണ്ടാകും. അവർക്കു രണ്ടുമൂന്നു മുറി എടുത്തുകൊടുക്കും. ഷൂട്ടിങ് തീരുന്ന ദിവസം വലിയ ആഘോഷമാണ്.
രണ്ടുമൂന്നു വർഷം മുൻപ് ചാലക്കുടിയിൽവച്ചു മണിയെ കണ്ടു. ‘‘സാറെന്താ എന്റെ വീട്ടിലേക്കു വരാത്തത്?’’ ഇപ്പോൾത്തന്നെ പോയേക്കാം എന്നു ഞാൻ പറഞ്ഞു.
മണി നിർമിച്ച പുതിയ വീട്ടിലേക്കല്ല ; പകരം . പണ്ടത്തെ കുടിലിലേക്കാണ് എന്നെ കൊണ്ടുപോയത്. അതിന്റെ വരാന്തയിൽ കസേരയിട്ടുതന്നു. എന്റെ സിനിമയിൽ അഭിനയിക്കണം എന്നൊരാഗ്രഹം അന്നു പറഞ്ഞു. അതു യാഥാർഥ്യമായില്ല എന്ന സങ്കടം ഇപ്പോഴും ബാക്കി.
Post Your Comments