CinemaKollywoodNEWS

തമിഴ് സിനിമകള്‍ തളരുമ്പോള്‍ മലയാള സിനിമകള്‍ തകര്‍ക്കുന്നു

മലയാള സിനിമകളുടെ കുതിപ്പ് തമിഴ് സിനിമകളെ വേരോടെ അറുത്തു മാറ്റുമ്പോള്‍ കേരളത്തിലെ ഭൂരിഭാഗം എ ക്ലാസ് പ്രദര്‍ശനശാലകളില്‍ നിന്നും വിജയ്‌ സൂര്യ എന്നിവരടക്കമുള്ള സൂപ്പര്‍ താരങ്ങളുടെ ചിത്രങ്ങള്‍ നീക്കി കഴിഞ്ഞു. സമീപകാലത്തായി തമിഴില്‍ ഇറങ്ങിയ ചിത്രങ്ങളെല്ലാം പരാജയമാണെന്ന് വാദിക്കുന്ന തമിഴ് സിനിമകളുടെ വിതരണക്കാരും കോളിവുഡ് സിനിമാ വ്യവസായത്തെ തഴഞ്ഞ മട്ടാണ്. രജനീകാന്ത്, വിജയ്‌, സൂര്യ, ജയം രവി തുടങ്ങിയ താരങ്ങളുടെ ചിത്രങ്ങള്‍ വന്‍ പരാജയമാണ് ഏറ്റുവാങ്ങിയതെന്നും നിര്‍മ്മാതാവിന് താരങ്ങളുടെ ഡേറ്റ് കിട്ടാന്‍ വേണ്ടി ചിത്രങ്ങള്‍ വിജയമാണെന്ന തരത്തില്‍ പ്രചരിപ്പിക്കുകയാണെന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു.

കേരളത്തിലും തമിഴ് ചിത്രങ്ങളോടുള്ള സ്വാധീനം പ്രേക്ഷകര്‍ക്ക് കുറഞ്ഞു വരികയാണ്‌. സ്ഥിരം ചേരുവയില്‍ ഒരുക്കുന്ന സൂപ്പര്‍ താരങ്ങളുടെ തമിഴ് ചിത്രങ്ങള്‍ അവഗണിക്കുന്ന മലയാളി പ്രേക്ഷകര്‍ക്ക് വ്യത്യസ്ഥമായ പ്രേമയം കൈകാര്യം ചെയ്യുന്ന മലയാള സിനിമകളോടാണ് ഇപ്പോള്‍ ഏറെ പ്രിയം. വിജയ്‌ ചിത്രങ്ങള്‍ മോശമായ അഭിപ്രായമാണ് നേടുന്നതെങ്കില്‍ പോലും അഞ്ചാഴ്ചയില്‍ കൂടുതല്‍ കേരളത്തിലെ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്ന സാഹചര്യമായിരുന്നു. ‘ഭൈരവ’, ‘സിങ്കം 3’, ‘ബോഗന്‍’ തുടങ്ങിയ സൂപ്പര്‍താര ചിത്രങ്ങള്‍ കേരളത്തില്‍ വലിയ പരാജയം ഏറ്റു വാങ്ങിയപ്പോള്‍ സമീപകലത്തിറങ്ങിയ എല്ലാ മലയാള ചിത്രങ്ങളും തിയേറ്ററുകളില്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ്. ‘മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍’, ‘ജോമോന്റെ സുവിശേഷങ്ങള്‍’,’ഫുക്രി’ ,’എസ്ര’, തുടങ്ങിയ ചിത്രങ്ങളൊക്കെ പ്രദര്‍ശന വിജയം നേടി മുന്നേറുകയാണ്.

തമിഴ് ചിത്രങ്ങള്‍ കോടികള്‍ മുടക്കി വിതരണത്തിനെത്തിക്കുന്ന കേരളത്തിലെ വിതരണക്കാര്‍ ഇനിയും തമിഴ് സിനിമകള്‍ക്കായി കോടികള്‍ പൊടിക്കണോ എന്ന ആശങ്കയിലാണ്. വന്‍ മുതല്‍മുടക്കില്‍ കേരളത്തില്‍ വിതരണത്തിനെടുത്ത ‘ഭൈരവ’യും
‘സിങ്കം ത്രീ’യും വിതരണക്കാരന് കനത്ത നഷ്ടമാണ് വരുത്തിവെച്ചത്. സംസ്ഥാനത്തെ എല്ലാ പ്രധാന റിലീസ് കേന്ദ്രങ്ങളിലും മലയാള ചിത്രങ്ങള്‍ മാത്രം പ്രദര്‍ശിക്കുമ്പോള്‍ കോളിവുഡിന്റെ തേരോട്ടം കേരളത്തില്‍ ശരിക്കും അസ്തമിച്ചു തുടങ്ങിയിരിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button