Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
CinemaGeneralNEWS

ചിരിയുടെ തമ്പുരാന് ഇന്ന് 90-ആം ജന്മവാര്‍ഷിക ദിനം

സിനിമ എന്നും ഒരു വിനോദോപാധിയാണ്. അതുകൊണ്ട് തന്നെ ചിത്രങ്ങളില്‍ ഹാസ്യ രംഗങ്ങള്‍ കൂടുതലായിരുന്നു.  മലയാള സിനിമയില്‍ നിരവധി ഹാസ്യ രാജാക്കന്‍മാര്‍ പല കാലഘട്ടങ്ങളിലായിയുണ്ടായി.

മലയാള സിനിമയുടെ ചരിത്രം രേഖപ്പെടുത്തുമ്പോള്‍ 60കള്‍ മുതല്‍ ചലച്ചിത്ര ലോകത്ത് നിറഞ്ഞു നിന്ന ഹാസ്യ താരമാണ് അടൂര്‍ ഭാസി. സിനിമയിലെ ഹാസ്യ രംഗങ്ങള്‍ക്ക് കേരളീയ സംസ്‌കാരം കൊണ്ടുവന്ന നടനായിരുന്നു അടൂര്‍ ഭാസി എന്ന കെ ഭാസ്‌ക്കരന്‍ നായര്‍. ഹാസ്യത്തെ അടുക്കളയില്‍ നിന്ന് പൂമുഖത്തേക്ക് കൊണ്ടു വന്ന നടന്‍മാരില്‍ പ്രധാനിയാണ് ഇദ്ദേഹമെന്ന് നിരൂപകര്‍ വിലയിരുത്തുന്നു. കേവലം ഒരു ഹാസ്യനടന്‍ മാത്രമായി അദ്ദേഹത്തെ ഒതുക്കുവാന്‍ സാധിക്കുകയില്ല. ഉള്‍ക്കരുത്തുള്ള കഥാപാത്രങ്ങള്‍ക്കും ഇദ്ദേഹം ജീവന്‍ നല്‍കി. അഭിനേതാവെന്നതിനുപരിഎഴുത്തുകാരനും പത്രപ്രവര്‍ത്തകനും ഗായകനും സംവിധായകനുമായിരുന്നു അദ്ദേഹം.

ആദ്യകാല ചിത്രങ്ങള്‍ പരിശോധിച്ചാല്‍ എന്നും നായകന്റെ അടുത്തു നിൽക്കുന്ന ഒരു കഥപാത്രമായിട്ടാണ് ഭാസി സിനിമകളിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ആദ്യ കാല ബ്ലാക്ക് & വൈറ്റ് മലയാളചിത്രങ്ങളിലെ ഹാസ്യത്തിന്റെ ഒരു അവിഭാജ്യഘടകമായിരുന്നു ഭാസി. ബഹദൂറുമായി ചേർന്നുള്ള സഖ്യം മലയാളി സിനിമയിൽ ഒരു ഭാസി-ബഹദൂർ എന്ന ഒരു സംസ്കാരം തന്നെ അക്കാലത്ത് സൃഷ്ടിച്ചു.

മലയാളത്തിന്റെ ഹാസ്യ സാമ്രാട്ടായ ഇ വി കൃഷ്ണപിള്ളയുടെയും മഹേശ്വരി അമ്മയുടെയും മക്കളില്‍ നാലാമനായി 1927 മാര്‍ച്ച് 1 നാണ് അടൂര്‍ ഭാസി ജനിച്ചത്. മലയാള നോവല്‍ സാഹിത്യത്തിന്റെ അമരക്കാരില്‍ ഒരാളായ സി വി രാമന്‍പിള്ള അടൂര്‍ ഭാസിയുടെ മുത്തശ്ശനായിരുന്നു. അച്ഛന്റെ ആകസ്മിക നിര്യാണത്തോടെ, പത്തനംതിട്ട ജില്ലയിലെ അടൂരിലേക്ക് കുടുംബസമേതം താമസം മാറുകയായിരുന്നു.

ഭാസിയുടെ ചെറുപ്പം തിരുവനന്തപുരത്തായിരുന്നു. പഠിച്ചത് എം ജി കോളജില്‍. ആകാശവാണിയിലെ ജോലിക്കിടയില്‍ ടി എന്‍ ഗോപിനാഥന്‍നായരെ പരിചയപ്പെട്ടത് അദ്ദേഹത്തിന്റെ പത്രാധിപത്യത്തിലിറങ്ങിയ സഖി വാരികയില്‍പ്രവര്‍ത്തിക്കാന്‍ കാരണമായി. ഭാസി തന്റെ അഭിനയ ജീവിതം ആരംഭിച്ചത് നാടകങ്ങളില്‍ അഭിനയിച്ചു കൊണ്ടാണ്. പ്രസിദ്ധ നാടകാചാര്യന്മാരായ പി.കെ. വിക്രമന്‍ നായര്‍, ടി.ആര്‍. സുകുമാരന്‍ നായര്‍, ജഗതി എന്‍.കെ. ആചാരി എന്നിവരോടൊപ്പം ഭാസി പ്രവര്‍ത്തിച്ചിട്ടുണ്ട്.

തിരമാലയാണ് ആദ്യ സിനിമ. മുടിയനായ പുത്രന്‍ എന്ന ചിത്രത്തിലൂടെ ഭാസി സിനിമയില്‍ ചുവടുറപ്പിച്ചു. പിന്നീട് ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങള്‍, ചട്ടക്കാരി, ലങ്കാദഹനം, ഏപ്രില്‍ 18, നഗരമേ നന്ദി, ഉത്തരായനം, കാവ്യമേള, മുറപ്പെണ്ണ്, ഭാര്‍ഗ്ഗവീനിലയം, കാട്ടുകുരങ്ങ് അമ്മയെ കാണാന്‍, കറുത്ത കൈ, വിരുതന്‍ ശങ്കു, ലോട്ടറി ടിക്കറ്റ്, സ്ഥാനാര്‍ത്ഥി സാറാമ്മ, കാട്ടുകുരങ്ങ്, അരക്കള്ളന്‍ മുക്കാല്‍ക്കള്ളന്‍, കള്ളന്‍ പവിത്രന്‍, ധര്‍മ്മയുദ്ധം തുടങ്ങി എഴുന്നൂറോളം ചിത്രങ്ങളിലൂടെ ഭാസി മലയാള സിനിമയിലെ നിറഞ്ഞ സാന്നിധ്യമായി.

ജോണ്‍ ഏബ്രഹാം ചിത്രമായ ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങളിലൂടെ അടൂര്‍ ഭാസി നായകനായി. അതിലെ അഭിനയത്തിന് മികച്ച നടനുള്ള അവാര്‍ഡും ലഭിച്ചു. ചട്ടക്കാരിയിലെ മെക്കാനിക്ക്, ഏപ്രില്‍ 18ലെ അഴിമതി നാറാപിള്ള എന്നിവ അദേഹത്തിന്റെ മികച്ച വേഷങ്ങളാണ്. നഗരമേ നന്ദി, ഉത്തരായനം, കാവ്യമേള, മുറപ്പെണ്ണ്, ഭാര്‍ഗ്ഗവീനിലയം തുടങ്ങിയ സിനിമകളിലെ മികച്ച കഥാപാത്രങ്ങളെ പ്രേക്ഷകര്‍ ഇന്നും മറന്നിട്ടില്ല.

കരിമ്പന, ഇതാ ഒരു മനുഷ്യന്‍ തുടങ്ങിയ അപൂര്‍വം ചിത്രങ്ങളില്‍ വില്ലന്‍ കഥാപാത്രങ്ങളെയാണ് ഭാസി അവതരിപ്പിച്ചത്. കൊട്ടാരം വില്‍ക്കാനുണ്ട്, ലങ്കാദഹനം തുടങ്ങിയ ചില ചിത്രങ്ങളില്‍ ഭാസി ഇരട്ട റോളുകളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

ഗായകന്‍ എന്ന നിലയിലും അടൂര്‍ ഭാസി പ്രശസ്തനാണ്. കടുവാ കള്ളക്കടുവാ (മറവില്‍ തിരിവ് സൂക്ഷിക്കുക), തള്ള് തള്ള്, ഒരു രൂപാ നോട്ടുകൊടുത്താല്‍ ഒരു ലക്ഷം കൂടെപ്പോരും(ലോട്ടറി ടിക്കറ്റ്), തലശ്ശേരി ധര്‍മ്മടം(കണ്ണൂര്‍ ഡീലക്‌സ്), വോട്ടില്ല വോട്ടില്ല കടുവാപ്പെട്ടിക്ക് വോട്ടില്ല(സ്ഥാനര്‍ത്ഥി സാറാമ്മ), വെളുത്തവാവിനും(ചക്രവാകം), നീയേ ശരണം(തെക്കന്‍ കാറ്റ്), മാന്യന്‍മാരേ മഹതികളേ(ശക്തി), പങ്കജദള നയനേ, ഇരട്ടത്തൂക്കം(കാട്ടുകുരങ്ങ്), ആനച്ചാല്‍ ചന്ത (ആദ്യകിരണങ്ങള്‍) തുടങ്ങിയ ഗാനങ്ങള്‍ അടൂര്‍ഭാസിയുടെ ശബ്ദത്തില്‍ മലയാളികളെ വിസ്മയിപ്പിച്ചു.

രഘുവം‌ശം(1978), അച്ചാരം അമ്മിണി ഓശാരം ഓമന(1977), ആദ്യപാഠം(1977) തുടങ്ങിയ ചിത്രങ്ങള്‍ അദ്ദേഹം സംവിധാനം ചെയ്തു.

വൃക്ക രോഗബാധയെ തുടര്‍ന്ന് 1990 മാര്‍ച്ച് 29ന് അന്തരിച്ചു

shortlink

Related Articles

Post Your Comments


Back to top button