CinemaGeneralNEWS

മലയാളത്തില്‍ ആദ്യമായി ഒരു ന്യൂജെന്‍ ചിത്രം പഠനവിഷയമാകുന്നു

പാഠ്യ പദ്ധതികളില്‍ സിനിമ ഒരു ഘടകമായി കടന്നു വന്നത് അടുത്തകാലത്താണ്. അതോടുകൂടി ചിത്രങ്ങളുടെ തിരക്കഥകളും പഠന വിഷയമായി. മികച്ച ചിത്രങ്ങളുടെ തിരക്കഥകള്‍ പഠന വിഷയമാകുന്ന ഈ കാലത്ത് ഒരു ന്യൂ ജനറേഷന്‍ ചിത്രം പാഠ്യ പദ്ധതികളില്‍ ഉള്‍പ്പെടുകയാണ്.

മലയാള സിനിമയില്‍ വ്യത്യസ്തതയോടെ അണിയിച്ചൊരുക്കിയ ഒരു ചിത്രമാണ് ട്രാഫിക്. രണ്ടായിരത്തിനു ശേഷം വന്ന മലയാള സിനിമയിലെ ന്യൂ ജനറേഷന്‍ ചിത്രമായിരുന്നു അന്തരിച്ച സംവിധായകന്‍ രാജേഷ് പിള്ളയുടെ ട്രാഫിക്. വ്യത്യസ്തതയോടെ 2011ല്‍ പുറത്തിറങ്ങിയ ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു ബോക്‌സോഫീസിലും ലഭിച്ചത്. ഇപ്പോഴിതാ ട്രാഫിക് മറ്റൊരു രൂപത്തിലെത്തുന്നു. കണ്ണൂര്‍ സര്‍വകലാശാലയിലെ ബി.എ മലയാളം വിദ്യാര്‍ഥികള്‍ക്ക് ഒരു പാഠ്യവിഷയമായി എത്തുകയാണ് ട്രാഫികിന്റെ തിരക്കഥ. ബോബിസഞ്ജയ് ടീമിന്റെ തിരക്കഥയിലെ ഒരു ഭാഗമാണ് വിദ്യാര്‍ഥികള്‍ക്ക് പഠിക്കാനുണ്ടാവുക. ബോര്‍ഡ് ഓഫ് സ്റ്റഡീസിന്റെ ചെയര്‍മാനായ ജയചന്ദ്രന്‍ കീഴോത്താണ് ഇത്തരമൊരു ആശയത്തിന് പിന്നിലെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

ആറാം സെമസ്റ്ററിലെ അരങ്ങും പൊരുളും എന്ന വിഷയത്തിന്റെ ഭാഗമായാണ് ട്രാഫിക് ഉള്‍പ്പെടുത്തിയിരിക്കുന്നത്. സിലബസ് പുനര്‍ നിര്‍ണയിക്കണമെന്ന് ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഹൃദയകുമാരി കമ്മിറ്റിയുടെ നിര്‍ദേശമുണ്ടായിരുന്നു. ഇതുംകൂടി കണക്കിലെടുത്താണ് ചിത്രത്തിന്റെ തിരക്കഥ പാഠ്യപദ്ധതിയിലുള്‍പ്പെടുത്തിയത്. തിരക്കഥ അടുത്തയാഴ്ച മുതല്‍ പഠിപ്പിച്ച് തുടങ്ങും. ഡിസംബറില്‍ തുടങ്ങുന്ന സെമസ്റ്റര്‍ മാര്‍ച്ചിലാണ് അവസാനിക്കുക.

ശ്രീനിവാസന്‍, വിനീത് ശ്രീനിവാസന്‍, കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, റഹ്മാന്‍, അനൂപ് മേനോന്‍ തുടങ്ങിയവര്‍ അഭിനയിച്ച ചിത്രം വിവിധ ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments


Back to top button