സ്ത്രീ വിരുദ്ധതയെ വിമര്‍ശിച്ചവരെ പരിഹസിച്ചായിരുന്നു മാതൃഭൂമിയിലെ ‘ആക്ഷേപങ്ങളും അഭിപ്രായങ്ങളും’ എന്ന കോളത്തില്‍ രഞ്ജിത്ത് പ്രതികരിച്ചത്. സാംസ്കാരിക രംഗത്തടക്കമുള്ള നിരവധി പ്രമുഖര്‍ രഞ്ജിത്തിനെതിരെ ഇതിനോടകം പ്രതികരിച്ചു കഴിഞ്ഞു. താന്‍ സ്പിരിറ്റിലെഴുതിയ സ്ത്രീ വിരുദ്ധ സംഭാഷണം തിരുത്തി എഴുതികൊണ്ടായിരുന്നു രഞ്ജിത്തിന്റെ പരിഹാസം.
ഇത്രയുംകാലം കച്ചവടത്തിന്റെ പേരും പറഞ്ഞ് നിരൂപകര്‍ക്കുമേല്‍ കുതിരകയറിയിരുന്ന പുരുഷകേസരികള്‍ക്ക് പൊള്ളിത്തുടങ്ങിയിരിക്കുന്നു എന്നാണ് ക്യാമറമാന് പ്രതാപ് ജോസഫിന്റെ ഫേസ്ബുക്ക് പ്രതികരണം.
എഴുത്തുകാരി മനില മോഹന്റെ ഫേസ്ബുക്ക് പോസ്റ്റ്
ചലച്ചിത്രകാരനായ രഞ്ജിത്ത്,
” കള്ളുകുടി നിർത്തിയത് നന്നായി ഇല്ലെങ്കിൽ ഞാൻ നിന്നെ ബലാത്സംഗം ചെയ്തേനെ ”
എന്ന് സ്പിരിട്ട് സിനിമയിൽ എഴുതിയ ഡയലോഗിനെ
“ഈ നിമിഷം ഭവതിയോട് തോന്നിയ ശാരീരികാകർഷണത്തിന്റെ പേരിൽ ഞാൻ ഖേദിക്കുന്നു. എന്നോട് പൊറുക്കണം ”
എന്ന് അൽപത്തരത്തിന്റെ കൊടുമുടിയിലിരുന്നു കൊണ്ട് നടത്തിയ പരിഹാസ്യമായ തിരുത്തലുണ്ടല്ലോ… അത്രയേയുള്ളൂ രഞ്ജിത്ത് എന്ന ചലച്ചിത്രകാരൻ.
അതിനപ്പുറത്തേക്ക് സ്ത്രീയെക്കുറിച്ച് ചിന്തിക്കാനോ സ്ത്രീയെ മനസ്സിലാക്കാനോ ബഹുമാനിക്കാനോ വ്യക്തിയെന്ന നിലയിലും ചലച്ചിത്രകാരൻ എന്ന നിലയിലും താങ്കൾക്ക് കഴിഞ്ഞിട്ടില്ല, ഇനിയൊട്ട് കഴിയുകയുമില്ല എന്നു തന്നെയാണ്
താങ്കളുടെ സിനിമകളും സിനിമയ്ക്ക് പുറത്തുള്ള വാക്കുകളും തെളിയിക്കുന്നത്.
കുറിപ്പിൽ താങ്കൾ പറഞ്ഞു: ” ഇനിയും ഞാനും പ്രേക്ഷകരും മറന്നു പോയിരിക്കാനിടയുള്ള സ്ത്രീവിരുദ്ധ പരാമർശങ്ങൾ എന്റെ സിനിമയിൽ എത്രയുണ്ട് എന്ന് കണ്ടെത്തിത്തന്നാൽ ഇതുപോലെ മാറ്റിയെഴുതാൻ തയ്യാറാണ്” എന്ന്.
മറന്നു പോയിരിക്കാനിടയുള്ളതെങ്കിലും അവയെല്ലാം സ്ത്രീവിരുദ്ധ പരാമർശങ്ങളായിരുന്നു എന്ന് താങ്കൾക്ക് ഉറപ്പുണ്ട് അല്ലേ? അത്രയും നല്ലത്. പക്ഷേ താങ്കൾക്ക് തിരുത്തൽ വഴങ്ങാൻ സാധ്യതയില്ല.
തിരുത്തൽ എന്നത് ഒരു പാട് ആഴമുള്ള വാക്കാണ് രഞ്ജിത്ത്.
എൻ.എസ്.മാധവൻ തിരുത്തിൽ ഒരൊറ്റ വാക്കാണ് തിരുത്തിയത്.
ആ തിരുത്ത് ചരിത്രത്തിലെ ഒരു പാട് തെറ്റുകളുടെ തിരുത്തായിരുന്നു.
അതിന് കഴിയണമെങ്കിൽ തെറ്റ് എന്താണ് എന്ന ബോധ്യം ഉണ്ടാവണം.
വാക്കുകൾ ചരിത്രത്തെയും കാഴ്ചപ്പാടുകളേയും രാഷ്ട്രീയത്തേയും
നിർമിക്കുന്നതെങ്ങനെയാണ് എന്ന് തിരിച്ചറിയാൻ പറ്റണം.
പെണ്ണിനു മേൽ വാക്ക് കൊണ്ടും നോക്കു കൊണ്ടും ദൃശ്യങ്ങൾ കൊണ്ടും സ്ഥാപിച്ചെടുത്തിട്ടുള്ള അധികാരത്തിൽ നിന്ന് പുറത്തു വരാൻ സ്വയം കഴിയണം.
സ്ത്രീവിരുദ്ധ പരാമർശങ്ങൾ തിരുത്തുക എന്ന് പറഞ്ഞാൽ ശരിയും നന്മയും മാത്രമുള്ള കഥാപാത്രങ്ങളെ സൃഷ്ടിക്കുക എന്നല്ല അർത്ഥം എന്ന മിനിമം ധാരണയെങ്കിലും വേണം.
താങ്കളുടെ തിരുത്ത് തിരുത്തല്ല, സ്ത്രീവിരുദ്ധതയുടെ ആവർത്തനമാണ്.
Post Your Comments