പ്രവീണ്‍.പി നായര്‍
‘ദേശാടനം’, ‘കളിയാട്ടം’ പോലെയുള്ള കലാമൂല്യ സിനിമകള്‍ പങ്കുവെച്ച ജയരാജ്’വിദ്യാരംഭം’ പോലെ നന്മ നിറഞ്ഞ ഗ്രാമചിത്രം പങ്കുവെച്ചു കൊണ്ടായിരുന്നു സിനിമയിലേക്കുള്ള ആരംഭം കുറിച്ചത്. ‘ദി ട്രെയിന്‍’, ‘കാമല്‍സഫാരി’ തുടങ്ങിയ സിനിമകളെടുത്ത് പ്രേക്ഷകരെ വെറുപ്പിച്ച ജയരാജാണോ ‘പൈതൃക’വും ‘ദേശാടന’വും ‘കളിയാട്ട’വും പോലെയുള്ള സിനിമകളുടെ സൂത്രധാരനനെന്ന് അത്ഭുതത്തോടെ ചിന്തിക്കാറുണ്ട്. നാലാംകിട സംവിധായകര്‍ ഒരുക്കുന്ന നിലവാരം മാത്രമാണ് നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അദ്ദേഹം സംവിധാനം ചെയ്ത ‘കാമല്‍സഫാരി’ എന്ന ചിത്രത്തിനുള്ളത്. 2015-ല്‍പുറത്തിറങ്ങിയ ‘ഒറ്റാല്‍’ ജയരാജിന്‍റെ പഴയ പ്രതാപം വീണ്ടും തിരികെ എത്തിച്ച ചിത്രമായിരുന്നു. ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെട്ട ഒറ്റാല്‍ ജയരാജിന്‍റെ മികച്ച സിനിമകളുടെ പട്ടികയില്‍ ഒന്നാം നിരയില്‍ തന്നെയാണ്.
വില്യം ഷെയ്ക്സ്പിയറിന്റെ ദുരന്ത നാടകമായ മാക്ബെത്തും, വടക്കന്‍പാട്ടിലെ ചന്തുവിന്‍റെ കഥയും സമന്വയിപ്പിച്ചാണ് വീരം എന്ന തന്‍റെ പുതിയ ചിത്രത്തിന് ജയരാജ് ചലച്ചിത്ര ഭാഷ്യം ഒരുക്കിയത്. മാക്ബെത്ത് നമുക്ക് അന്യമെങ്കിലും വടക്കന്‍പാട്ടിലെ ചതിക്കുന്ന ചന്തുവിന്റെയും, ചതിക്കാത്ത ചന്തുവിന്‍റെയും കഥ നമുക്ക് അന്യമല്ല. വടക്കന്‍പാട്ടിനെക്കുറിച്ച് വായിച്ചറിഞ്ഞ പുസ്തകങ്ങള്‍ പറഞ്ഞു തന്നത് ചന്തു ചതിയാനാണെന്നാണ്. ചന്തു ചതിയനല്ലെന്ന് എം.ടി.വാസുദേവന്‍നായര്‍ വടക്കന്‍വീരഗാഥയിലൂടെ തിരുത്തി എഴുതിയതുമാണ്. വടക്കന്‍പാട്ടിലെ ചന്തുവെന്ന വഞ്ചകന്‍ എം.ടി യുടെ തൂലികയിലെത്തിയപ്പോള്‍ പ്രേക്ഷകരുടെ ഇഷ്ടനായകനായി.
ചതിയന്‍ ചന്തുവിന്‍റെ കഥ പറയാനാണ് താനും തയ്യാറെടുക്കുന്നതെന്ന് ചിത്രത്തിന്‍റെ പരസ്യങ്ങളിലൂടെ ജയരാജും വ്യക്തമാക്കിയിരുന്നു. വടക്കൻ പാട്ടുകളിലെ ‘കഥ’ വടക്കന്‍ വീരഗാഥയ്ക്കും മുന്‍പേ ചലച്ചിത്രമായിട്ടുണ്ട്. കേട്ടറിഞ്ഞ വടക്കന്‍പാട്ട് കഥകള്‍ അതേ പോലെ പകര്‍ത്തിയ സിനിമകളായിരുന്നു അവയൊക്കെ. എം.ടി അത് തിരുത്തി എഴുതിയപ്പോഴും മമ്മൂട്ടിയിലെ മികച്ച നടന്‍ചന്തുവായി അഭിനയിച്ചപ്പോഴും വടക്കന്‍ വീരഗാഥയാണ് വടക്കന്‍പാട്ടിലെ സത്യമെന്ന് സിനിമ കണ്ടിറങ്ങിയ പ്രേക്ഷകരും വിശ്വസിച്ചു. എം.ടിയുടെ തൂലിക അങ്ങനെ വിശ്വസിപ്പിച്ചു.
പുതിയ കാലഘട്ടത്തില്‍ ഗ്രാഫിക്സ് അടക്കമുള്ള സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തിയാണ് വീരത്തിന്റെ വരവ്. ചന്തുവെന്ന നടനെ കണ്ടെത്താന്‍ മലയാളത്തിലെ നടന്മാരുടെ ലിസ്റ്റ് എടുത്തുവെച്ച് ജയരാജ് തപ്പിയതുമില്ല. ബോളിവുഡ് ആക്ടര്‍ കുനാല്‍ കപൂറിനെയാണ് സംവിധായകന്‍ ചന്തുവാകാന്‍ തെരെഞ്ഞെടുത്തത്. വലിയ ക്യാന്‍വാസില്‍ പറയപ്പെടുന്ന ചിത്രങ്ങള്‍ സാമ്പത്തികമായി മുന്നേറുമ്പോഴാണ് വീണ്ടും ഇത്തരം സിനിമകളെടുക്കാന്‍ നിര്‍മ്മാതാക്കള്‍ക്ക് പ്രചോദനമാകുന്നത്. അത്തരമൊരു ലക്ഷ്യബോധം വീരത്തിന്റെ നിര്‍മ്മാതാക്കള്‍ക്ക് ഇല്ലാതെ പോയെന്ന്‍വേണം കരുതാന്‍.കാരണം ഇവിടുത്തെ മണ്ണിലൊരു കഥ പറയുമ്പോള്‍ ഇവിടെയുള്ള താരത്തിന്റെ താരമൂല്യം പ്രയോജനപ്പെടുത്തിയാല്‍ നിര്‍മ്മാതാവിന്റെ കീശ വീര്‍ക്കും എന്നുള്ളത് ഗ്യാരന്റിയാണ്.
താരമെന്ന കരുതലിനേക്കാളും കലാസൃഷ്ടിയുടെ ആഴം അടയാളപ്പെടുത്താനാകും ജയരാജിന്‍റെയും ആഗ്രഹം. നാളിതുവരെയും ജയരാജ് താരത്തെ ഉപയോഗിച്ച് സിനിമ എടുക്കാത്ത സംവിധായകനാണെന്നുള്ളത് വ്യക്തവുമാണ്. മമ്മൂട്ടി ഹീറോ പരിവേഷം
കെട്ടിയാടുന്നതിനിടെയിലായിരുന്നു ജയരാജ് മമ്മൂട്ടിയിലെ നടനെ ഉപയോഗിച്ച് ‘ലൗഡ്സ്പീക്കര്‍’എന്ന സിനിമ ചെയ്തത്.
താരങ്ങളുടെ അടിസ്ഥാനത്തില്‍ സിനിമകളെ തരംതിരിക്കാറുള്ള പ്രേക്ഷകനെ പൊരിവെയിലത്ത് നിര്‍ത്തി ടിക്കറ്റ് എടുപ്പിക്കണമെങ്കില്‍ മൂല്യമുള്ള താരത്തെ തന്നെ ഉപയോഗിക്കണം. അല്ലെങ്കില്‍ ഇതേ പോലെയുള്ള സിനിമകള്‍ ഒരുപാട് പ്രേക്ഷകരിലേക്ക് എത്തപ്പെടാതെ പോകും. ഏറ്റവും ചെലവേറിയ വീരമെന്ന മലയാള ചിത്രത്തിന് ടിക്കറ്റ് എടുക്കാന്‍ ആള് തള്ളാതിരുന്നത് നിര്‍ഭാഗ്യകരമാണ്. ഗോവ ഫിലിം ഫെസ്റ്ററ്റിവെലില്‍ പ്രദര്‍ശിപ്പിച്ച ചിത്രം കേരള രാജ്യാന്തര ഫിലിം
ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കാന്‍ ജയരാജ് താല്‍പര്യം കാട്ടിയിരുന്നില്ല. അങ്ങനെയെങ്കില്‍ നൂറോളം കേന്ദ്രങ്ങളില്‍ ചിത്രം റിലീസ് ചെയ്യാനും കഴിയില്ലായിരുന്നു.
വീരമെന്ന ചിത്രത്തില്‍ ചന്തുവും ആരോമലും ഉണ്ണിയാര്‍ച്ചയുമെല്ലാം കടത്തനാടന്‍ വാ മൊഴി പറഞ്ഞാണ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. കഥകളിലെന്ന പോലെയുള്ള കഥാപാത്ര പെരുമാറ്റത്തിന്‍റെ ആവിഷ്കരണത്തിനു തുടക്കം മുതലേ വല്ലാത്തൊരു തീവ്രതയായിരുന്നു. ധീരനൊപ്പം ഭീരുവാകുന്ന ചന്തുവും , കുട്ടിമാണി തടവിലാക്കുന്ന ആണത്വം അടിയറവുവെച്ച ചന്തുവുമൊക്കെ സമ്മേളിക്കുന്നതാണ് വീരത്തിലെ വീരനായകന്‍. ഓരോ ഷോട്ടിലും ചിത്രം പ്രേക്ഷകന് പങ്കിട്ടു നല്‍കിയതും മറക്കാനാകാത്ത സിനിമാ കാഴ്ചകളായിരുന്നു. ചതിയന്‍ ചന്തുവിന്‍റെ കഥയല്ല വീരം, ചതിക്കാന്‍ പ്രേരിതനാകുന്ന ചന്തുവിന്‍റെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിലുടനീളം മാനസിക സംഘര്‍ഷങ്ങളില്‍പ്പെട്ട് ഉഴലുന്ന ചന്തുവിനെ പ്രേക്ഷകന് എളുപത്തില്‍ മനസിലാക്കാന്‍ പറ്റുന്നിടത്താണ് വീരം വീറോടെ നില്‍ക്കുന്നത്.
നന്മയുടെ പകര്‍ന്നാട്ടമൊന്നും ചിത്രത്തിലില്ല ചതിയുടെ ചൂതാട്ടത്തിലൂടെ നീങ്ങിയ സിനിമയില്‍ സംഘടന രംഗങ്ങളോ,vfx അടക്കമുള്ള ടെക്നിക്കല്‍ വശങ്ങളോ കാര്യമായി പ്രേക്ഷകനെ ആകര്‍ഷിക്കുന്നില്ല. ആകര്‍ഷണമൊക്കെ ബലമുള്ള തിരക്കഥയില്‍ പരുവപ്പെടുത്തിയ കഥാപാത്രങ്ങള്‍ക്കൊപ്പമായിരുന്നു. സിനിമയ്ക്ക് വേണ്ടി പൊടിച്ച കോടിയെക്കുറിച്ച് ചിന്തിച്ചാല്‍ അതിശയമേ തോന്നുള്ളൂ. അതിനുള്ള അത്ഭുതമൊന്നും കാഴ്ചകാരന് കാഴ്ചയാകുന്നതുമില്ല.പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ ഒരു സംവിധായകന്‍റെ മനസ്സിലുള്ള സിനിമയാണ് സ്ക്രീനിലോടിയത്. അതിനൊപ്പം സിനിമാ ബോധമുള്ള പ്രേക്ഷകനും സഞ്ചരിക്കാന്‍ കഴിഞ്ഞെന്നതാണ് ജയരാജിന്‍റെ വിജയം.
ചന്തുവെന്നാല്‍ നമുക്ക് മമ്മൂട്ടിയാണ്.എം.ടി യുടെ പൗരുഷ കഥാപാത്രസൃഷ്ടി. മറ്റൊരു ബോളിവുഡ് നടന്‍ ചന്തുവായി അഭിനയിക്കുമ്പോള്‍ നമ്മുടെ ആസ്വാദനത്തിലൊരു അകലം വരാം. വാണിജ്യപരമായ മുന്നേറ്റം ആവശ്യമാണെന്ന ചിന്തയാല്‍ എം.ടി എഴുതിയ ധീരനായ കഥാപാത്രമാണ് ‘വടക്കന്‍ വീരഗാഥ’യിലെ ചന്തു. മറിച്ച് ചന്തു വീരത്തിലെത്തിയപ്പോള്‍ ആണൊരുത്തനല്ലാത്ത ചതിയനായി മാറി.യുദ്ധ മുഖത്തെ ധീരനായ ചന്തു, കുട്ടിമാണിയുടെ കിടപ്പറയില്‍നിന്ന് ചതിയുടെ പുതിയ പാഠം പഠിച്ചു. കുനാല്‍ കപൂര്‍ ചന്തു ചേകവരെ പ്രകടനത്തിന്‍റെ കാര്യത്തില്‍ അതിശയമാക്കിയിട്ടുണ്ട്. ചിത്രത്തില്‍ അഭിനയിച്ച ഓരോരുത്തരുടെയും അഭിനയം പ്രശംസനീയമാണ്,ആണ്‍ അഭിനയത്തേക്കാള്‍ പെണ്‍ അഭിനയങ്ങള്‍ പലയിടത്തും കരുത്താര്‍ജിച്ചു. ഹിമര്‍ഷ വെങ്കട് സ്വാമിയാണ് ഉണ്ണിയാര്‍ച്ചയെ അവതരിപ്പിച്ചത്. മോഡല്‍ രംഗത്ത് തിളങ്ങി നില്‍ക്കുന്ന ബോളിവുഡിലെ തുടക്കകാരി ഉണ്ണിയാര്‍ച്ചയെ ഗംഭീരമായി ബിഗ് സ്ക്രീനില്‍ അവതരിപ്പിച്ചു. മറ്റൊരു പെണ്‍കരുത്തായ കുട്ടിമാണിയായി രംഗത്തെത്തിയത് പുതുമുഖ നടിയായ ഡിവിന ടാക്കൂറാണ്. കഥയുടെ പ്രധാന്യത്തിലും അഭിനയത്തിന്‍റെ കാര്യത്തിലും ഉണ്ണിയാര്‍ച്ചയേക്കാള്‍ കുട്ടിമാണിയാണ് മുന്നില്‍ നിന്നത്. മലയാളികളെ കണ്ടുകിട്ടാതിരുന്ന ചിത്രത്തില്‍ ആരോമലുണ്ണിയെ അവതരിപ്പിച്ചത് മലയാളിയായ ശിവജിത്ത് നമ്പ്യാരാണ്. ആരോമലും പെര്‍ഫോമന്‍സിന്റെ കാര്യത്തില്‍ നിലവാരം പുലര്‍ത്തി. തിരക്കഥയില്‍ ആരോമലിന്റെ കഥാപാത്രം കൂടുതല്‍ മികവോടെ പ്രകടമായിട്ടില്ല.
ഡോക്ടര്‍ ഗോകുല്‍ ആര്‍ അമ്മനത്തില്‍ എഴുതിയ മികവുറ്റ സംഭാഷണങ്ങള്‍ വീരത്തിന്റെ പകിട്ട് വര്‍ദ്ധിപ്പിക്കുന്നു. കാലം പഴകിയ കഥയിലെ സംഭാഷണങ്ങള്‍ കാലത്തിനൊപ്പം സഞ്ചരിക്കുന്നു. പരിചയസമ്പന്നയായ എസ്.കുമാറിന്‍റെ ക്യാമറയും വീരത്തിന്റെ അഴക് ഇരട്ടിയാക്കിയിട്ടുണ്ട്. ചിത്രത്തിന്‍റെ പശ്ചാത്തല ഈണത്തിന് എത്ര മാര്‍ക്ക് നല്‍കിയാലും അധികമാവില്ല. അത്രത്തോളം ഗംഭീരമായിരുന്നു പിന്നണിയില്‍ പിറവിയെടുത്ത സംഗീതം, ജെഫ് റോണ സംഗീതം നിര്‍വഹിച്ച ഗാനത്തിനും പ്രേക്ഷകരുടെ ഉള്ളിലേക്ക് ഇറങ്ങി വരാന്‍ കഴിഞ്ഞിട്ടുണ്ട്. കലാസംവിധാനവും,ചമയവും വീരമെന്ന ചിത്രത്തെ വീരോചിതമാക്കുന്നു.
അവസാന വാചകം
‘വീരം’ മലയാള സിനിമയുടെ അത്ഭുതമാണ്, പണമെറിയുന്ന സാങ്കേതിക പെരുമയില്‍ നില്‍ക്കുന്ന അത്ഭുതമല്ല. ഒരു സംവിധായകന്‍റെ കഠിന പരിശ്രമത്തിന്‍റെ അത്ഭുതം.
Post Your Comments