
മലയാള സിനിമയില്‍ ചരിത്രം കുറിച്ച പുലിമുരുകന്‍ ചിത്രത്തിനു ശേഷം ഉദയകൃഷ്ണ രചിക്കുന്ന തിരക്കഥയില്‍ നായകന്‍ മമ്മൂട്ടി. അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രം ക്യാംപസ് പശ്ചാത്തലത്തിലുള്ള കഥയാണ് പറയുന്നത്. ഈ ബിഗ് ബജറ്റ് ചിത്രം റോയല്‍ സിനിമാസിന്റെ ബാനറില്‍ മുന്‍ പ്രവാസി സി.എച്ച്.മുഹമ്മദ് നിര്‍മിക്കുന്നു. റോയല്‍ സിനിമാസിന്റെ ആദ്യ ചിത്രമാണിത്. കമ്പനിയുടെ ഉദ്ഘാടനവും ചിത്രത്തിന്റെ പ്രഖ്യാപനവും ദുബായില്‍ നടന്നു.
മമ്മൂട്ടി കോളജ് പ്രഫസറായ നായകനായി എത്തുന്ന ചിത്രം ക്യാംപസില്‍ നടക്കുന്ന ഒരു കൊലപാതകവും തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളാണ് അവതരിപ്പിക്കുന്നത്. മുകേഷ്, ഉണ്ണി മുകുന്ദന്‍, സലീം കുമാര്‍, ഷാജോണ്‍, കൈലാഷ്, മഖ്ബൂല്‍ സല്‍മാന്‍, ജോണ്‍, അര്‍ജുന്‍ നന്ദകുമാര്‍ തുടങ്ങിയവര്‍ അഭിനയിക്കുന്ന ചിത്രത്തില്‍ നായികയെ തീരുമാനിച്ചിട്ടില്ല. ഏപ്രില്‍ ആദ്യവാരം ചിത്രീകരണം ആരംഭിക്കുന്ന ചിത്രം ഓണത്തിന് പ്രദര്‍ശനത്തിനെത്തും.
പുലിമുരുകന്റെ മെഗാ വിജയം പുതിയ ചിത്രത്തിന്റെ രചനയ്ക്ക് ഭാരമാകില്ലെന്ന് ഉദയകൃഷ്ണ പറഞ്ഞു. മോഹന്‍ലാല്‍ എന്ന നടനില്ലായിരുന്നുവെങ്കില്‍ പുലിമുരുകന്‍ ഉപേക്ഷിക്കുമായിരുന്നുവെന്നും രണ്ടര വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് ആ ചിത്രം സംഭവിച്ചതെന്നും ഉദയ് കൃഷ്ണ പറഞ്ഞു.
മിനിമം ഗ്യാരണ്ടിയുള്ളതിനാലാണ് മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരെ വച്ച് സിനിമ നിര്‍മിക്കാന്‍ ആളുകള്‍ തയ്യാറാകുന്നത്. ടോമിച്ചന്‍ മുളകുപാടം നിര്‍മിച്ച് ജോഷി സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രത്തിന് വേണ്ടിയും താന്‍ എഴുതിക്കൊണ്ടിരിക്കുകയാണെന്ന് ഉദയകൃഷ്ണ കൂട്ടിച്ചേര്‍ത്തു.
വാര്‍ത്താ സമ്മേളനത്തില്‍ ഉദയകൃഷ്ണ, നിര്‍മാതാക്കളായ വൈശാഖ് രാജന്‍, മിലന്‍ ജലീല്‍ എന്നിവര്‍ സംബന്ധിച്ചു.
Post Your Comments