CinemaGeneralNEWS

ഈ ബഡ്ജറ്റിലെങ്കിലും ഈ ആവശ്യം അംഗീകരിക്കുമോ ? സര്‍ക്കാരിനോട് ഡോ. ബിജു

സിനിമാ മേഖലയില്‍ ഉണ്ടായ ചില സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിൽ പ്രതികരിച്ച മന്ത്രി എ കെ ബാലന്‍ സിനിമാ രംഗം സമ്പൂർണ്ണമായും ശുദ്ധീകരിക്കാൻ നടപടികൾ സ്വീകരിക്കുമെന്ന് പ്രതികരിച്ചിരുന്നു. ഈ സന്ദര്‍ഭത്തില്‍ സര്‍ക്കാരിനോട്‌ ചില കാര്യയങ്ങള്‍ ചോദിക്കുകയാണ് സംവിധായകന്‍ ഡോ. ബിജു.

സിനിമ ഒരു കലാരൂപം എന്ന നിലയിൽ അതിന്റെ സാംസ്കാരികതയും സാമൂഹ്യ ബാധ്യതയും നിർവഹിക്കുന്ന തരത്തിൽ നിലനിർത്തുവാനും വളർത്തിയെടുക്കുവാനും സഹായിക്കുക എന്നതാണ് ഒരു സർക്കാരിന്റെ ബാധ്യതയും കടമയും . സിനിമയുടെ കച്ചവട സാധ്യതകൾക്ക് മാത്രം പ്രോത്സാഹനം നൽകുക എന്നതല്ല ഒരു സർക്കാരിന്റെ ജോലി . സിനിമയുടെ കച്ചവടം അതുമായി ബന്ധപ്പെട്ട നിർമാതാക്കളും സംവിധായകരും സാങ്കേതിക പ്രവർത്തകരും വിതരണക്കാരുമൊക്കെ ചേർന്ന് നോക്കിക്കൊള്ളും . അത് അവരുടെ മാത്രം കടമയും ആവശ്യവുമാണ് . കച്ചവടത്തിന് വേണ്ടി സ്ത്രീ വിരുദ്ധവും , വംശീയ വിരുദ്ധവും , ദ്വയാർത്ഥ പ്രയോഗങ്ങളാൽ സമ്പന്നമായ അശ്ലീലതയും കുത്തി നിറച്ച സിനിമകൾ ധാരാളമായി ഇറങ്ങുന്ന ഇടമാണ് മലയാള സിനിമ . അത്തരം സിനിമകൾ കൂടുതലായി സൃഷ്ടിക്കാനുള്ള സാഹചര്യം ഒരുക്കി കൊടുക്കുന്നതല്ല ഒരു സർക്കാരിന്റെ കടമ . മറിച്ച് സാംസ്കാരികമായി, കലാപരമായി മികച്ച സിനിമകൾ നിർമിക്കുവാനും പ്രദർശിപ്പിക്കാനുമുള്ള ആരോഗ്യപരമായ ഒരു സാഹചര്യം ഉണ്ടാക്കിക്കൊടുക്കുകയാണ് ഒരു സർക്കാരിന്റെ പ്രാഥമികമായ ദൗത്യമെന്നും അദ്ദേഹം പറയുന്നു

ഡോ. ബിജുവിന്റെ പോസ്റ്റ് പൂര്‍ണ്ണ രൂപം

നിലവിലുള്ള സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിൽ സിനിമാ രംഗം സമ്പൂർണ്ണമായും ശുദ്ധീകരിക്കാൻ നടപടികൾ സ്വീകരിക്കും എന്ന് സിനിമാ വകുപ്പ് മന്ത്രി . നല്ലത് തന്നെ .

ഈ സാഹചര്യത്തിൽ സർക്കാരിനോട് ചില കാര്യങ്ങൾ വിനയപൂർവം പറഞ്ഞു കൊള്ളട്ടെ .

മലയാള സിനിമാ രംഗം ശുദ്ധീകരിക്കാൻ നടപടികൾ സ്വീകരിക്കും എന്നാണല്ലോ മന്ത്രിയുടെ പ്രസ്താവന . മലയാള സിനിമയുടെ ശുദ്ധീകരണം എന്നത് കൊണ്ട് എന്താണ് അർത്ഥമാക്കുന്നത് എന്ന കാര്യത്തിൽ കുറച്ചു കൂടി വ്യക്തത ഉണ്ടാകേണ്ടതുണ്ട് . ഒരു സിനിമാ നയം ഇത്ര കാലമായും രൂപീകരിക്കാൻ സാധിച്ചിട്ടില്ലാത്ത സംസ്ഥാനമാണ് കേരളം . സിനിമയെ സർക്കാർ സമീപിക്കുന്നത് കേവലം ഒരു കച്ചവട ഉത്പന്നം എന്ന തരത്തിൽ മാത്രമാണോ അതോ സാംസ്കാരികവും സാമൂഹികവുമായ ധർമങ്ങൾ കൂടി ഉള്ള ഒരു കലാരൂപം എന്ന നിലയ്ക്കാണോ എന്ന കാര്യത്തിൽ എന്തെങ്കിലും ഒരു വ്യക്തത ഉണ്ടോ .

സിനിമ ഒരു കലാരൂപം എന്ന നിലയിൽ അതിന്റെ സാംസ്കാരികതയും സാമൂഹ്യ ബാധ്യതയും നിർവഹിക്കുന്ന തരത്തിൽ നിലനിർത്തുവാനും വളർത്തിയെടുക്കുവാനും സഹായിക്കുക എന്നതാണ് ഒരു സർക്കാരിന്റെ ബാധ്യതയും കടമയും . സിനിമയുടെ കച്ചവട സാധ്യതകൾക്ക് മാത്രം പ്രോത്സാഹനം നൽകുക എന്നതല്ല ഒരു സർക്കാരിന്റെ ജോലി . സിനിമയുടെ കച്ചവടം അതുമായി ബന്ധപ്പെട്ട നിർമാതാക്കളും സംവിധായകരും സാങ്കേതിക പ്രവർത്തകരും വിതരണക്കാരുമൊക്കെ ചേർന്ന് നോക്കിക്കൊള്ളും . അത് അവരുടെ മാത്രം കടമയും ആവശ്യവുമാണ് . കച്ചവടത്തിന് വേണ്ടി സ്ത്രീ വിരുദ്ധവും , വംശീയ വിരുദ്ധവും , ദ്വയാർത്ഥ പ്രയോഗങ്ങളാൽ സമ്പന്നമായ അശ്ലീലതയും കുത്തി നിറച്ച സിനിമകൾ ധാരാളമായി ഇറങ്ങുന്ന ഇടമാണ് മലയാള സിനിമ . അത്തരം സിനിമകൾ കൂടുതലായി സൃഷ്ടിക്കാനുള്ള സാഹചര്യം ഒരുക്കി കൊടുക്കുന്നതല്ല ഒരു സർക്കാരിന്റെ കടമ . മറിച്ച് സാംസ്കാരികമായി, കലാപരമായി മികച്ച സിനിമകൾ നിർമിക്കുവാനും പ്രദർശിപ്പിക്കാനുമുള്ള ആരോഗ്യപരമായ ഒരു സാഹചര്യം ഉണ്ടാക്കിക്കൊടുക്കുകയാണ് ഒരു സർക്കാരിന്റെ പ്രാഥമികമായ ദൗത്യം . ഇത്തരത്തിൽ സിനിമയെ ഒരു കലയായും സംസ്കാരമായും നോക്കിക്കണ്ട് ക്രിയാത്മകമായി ഒരു ചെറു വിരലെങ്കിലും അനക്കാൻ മാറി മാറി വരുന്ന സർക്കാരുകൾക്ക് ഇത്രകാലമായും സാധിച്ചിട്ടുണ്ടോ ഇനി സാധ്യമാകുമോ എന്നതാണ് പ്രധാന ചോദ്യം . കലയ്ക്കും സംസ്കാരത്തിനും മേലുള്ള എല്ലാ ഇൻവെസ്റ്റ്‌മെൻറ്റുകളും അനാവശ്യമാണ് എന്ന് ഒരു സർക്കാർ കരുത്തുന്നിടത്ത് സിനിമ എങ്ങനെ ഒരു കലാരൂപമായി മാറും ? , അത് എങ്ങനെ ഒരു സാംസ്കാരിക ഉല്പന്നമായി മാറും ?. . സിനിമ എന്നാൽ കച്ചവടം മാത്രമാണ് എന്ന് സർക്കാർ തെറ്റിദ്ധരിക്കരുത് , അത് ഒരു കലയും സംസ്കാരവും കൂടിയാണ് .ബഹുമാനപ്പെട്ട സിനിമാ വകുപ്പ് മന്ത്രിയുടെ അറിവിലേക്കായി ചില കാര്യങ്ങൾ ചൂണ്ടിക്കാണിച്ചു കൊള്ളട്ടെ

1 . കലാമൂല്യമുള്ള സിനിമകൾക്ക് അവ ദേശീയ തലത്തിലോ അന്തർദേശീയ തലത്തിലോ അംഗീകരിക്കപ്പെടുമ്പോൾ പോലും യാതൊരു പരിഗണനയും നൽകാത്ത അപൂർവം സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം

2 . മഹാരാഷ്ട്ര , യൂ പി , കർണാടക , ഗോവ , ഗുജറാത്ത് , ബംഗാൾ ,തുടങ്ങി നിരവധി സംസ്ഥാനങ്ങളിൽ കലാമൂല്യ സിനിമകൾക്ക് സബ്‌സിഡി നൽകി വരുന്നുണ്ട് . തങ്ങളുടെ ഭാഷയിൽ ഉണ്ടായ സിനിമകൾ ദേശീയമോ അന്തർ ദേശീയമോ ആയി അംഗീകരിക്കപ്പെടുമ്പോൾ അവയ്ക്ക് അർഹമായ അംഗീകാരവും പ്രോത്സാഹനവും നൽകുന്നതിനും അത്തരത്തിൽ കലാമൂല്യമുള്ള ചിത്രങ്ങൾ കൂടുതലായി നിർമിക്കപ്പെടുവാൻ സാഹചര്യം ഒരുക്കുന്നതിനായുമാണ് ആ സർക്കാരുകൾ സബ്‌സിഡി സമ്പ്രദായം ഏർപ്പെടുത്തിയിട്ടുള്ളത് .

3 . കേരളത്തിൽ അങ്ങിനെ ഒരു സബ്‌സിഡി സമ്പ്രദായം നിലവിലില്ല

4 മറാത്തി സർക്കാർ നൽകി വരുന്ന സബ്‌സിഡി കൃത്യമായ മാനദണ്ഡങ്ങളോട് കൂടിയതാണ്(ദേശീയ പുരസ്കാരം , അന്തർ ദേശീയ ചലച്ചിത്ര മേളകളിലെ പ്രവേശനം, ഇന്ത്യൻ പനോരമ , സ്റ്റേറ്റ് അവാർഡ് തുടങ്ങിയ അംഗീകാരങ്ങൾ കിട്ടുന്ന സിനിമകൾക്കാണ് സബ്‌സിഡി നൽകുന്നത് ) . അതെ മാതൃകയിൽ മലയാള സിനിമകൾക്കും സബ്‌സിഡി ഏർപ്പെടുത്തണം എന്ന ആവശ്യം ഒട്ടേറെ വർഷങ്ങളായി സർക്കാറിന്റെ ശ്രദ്ധയിൽ പെടുത്തിയിട്ടുള്ളതാണ് .

5 . സബ്‌സിഡി സംബന്ധമായി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ രീതി പിന്തുടർന്ന് മലയാള സിനിമകൾക്കായുള്ള സബ്‌സിഡി നിർദ്ദേശം അടങ്ങിയ വിശദമായ ഒരു റിപ്പോർട്ട് കാലങ്ങളായി സർക്കാരിന് മുന്നിൽ ഞങ്ങൾ സമർപ്പിച്ചിട്ടുണ്ട് . ഈ സർക്കാർ ചുമതല ഏറ്റപ്പോഴും മുഖ്യമന്ത്രി , സിനിമാ വകുപ്പ് മന്ത്രി എന്നിവർക്ക് മുൻപാകെ ഈ റിപ്പോർട്ട് വീണ്ടും നൽകിയതാണ് . ആ റിപ്പോർട്ട് ഇപ്പോഴും മേശയിൽ ഭദ്രമായി തന്നെ ഉണ്ടാകും എന്ന് വിശ്വസിക്കുന്നു .

6 , സബ്‌സിഡി നിർദ്ദേശങ്ങൾ അടങ്ങിയ റിപ്പോർട്ടിന്റെ പകർപ്പ് ബഡ്ജറ്റിൽ ഉൾക്കൊള്ളിക്കുന്നതിനു വേണ്ടി കഴിഞ്ഞ വർഷത്തെ ബഡ്ജറ്റിന് മുന്നോടിയായി ധനകാര്യ വകുപ്പ് മന്ത്രിക്ക് നൽകിയിരുന്നതാണ് . പക്ഷെ ബഡ്ജറ്റ് വന്നപ്പോൾ സബ്‌സിഡി നിർദ്ദേശം ഒന്നുമുണ്ടായില്ല . ഇപ്പോൾ വീണ്ടും ഒരു ബഡ്ജറ്റ് അവതരിപ്പിക്കാൻ സമയം ആകുകയാണല്ലോ . സബ്സിഡിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം ധനമന്ത്രിക്ക് നൽകിയ അതേ റിപ്പോർട്ട് ഇത്തവണയും കെ എസ് എഫ് ഡി സി ചെയർമാൻ ശ്രീ ലെനിൻ രാജേന്ദ്രൻ മുഖേന ധനമന്ത്രിക്ക് നൽകിയിട്ടുണ്ട് . ബഡ്ജറ്റിൽ അതുൾക്കൊള്ളിക്കുവാനുള്ള ആർജ്ജവവും ദീർഘ വീക്ഷണവും ഇത്തവണയെങ്കിലും ഉണ്ടാകുമോ . പ്രതി വർഷം കൂടിപ്പോയാൽ 4 കോടി രൂപ മാത്രം ഇതിനായി ബഡ്ജറ്റിൽ വകയിരുത്തിയാൽ മതിയാകും. . അതോ സംസ്കാരത്തിന് മേൽ നടത്തുന്ന ധന വകയിരുത്തൽ അനാവശ്യ ചിലവ് ആണെന്ന ധാരണ തന്നെയാകുമോ ഇത്തവണയും ഉണ്ടാകുക .

7 . സിനിമാ മേഖലയുമായി ബന്ധപ്പെട്ട് അടൂർ ഗോപാലകൃഷ്ണൻ കമ്മിറ്റി നൽകിയ റിപ്പോർട്ട് രണ്ടര വർഷമായി ബന്ധപ്പെട്ട മന്ത്രിമാരുടെ മേശകളിൽ ഉറങ്ങുകയാണ് . അതിന്മേൽ നടപടികൾ സ്വീകരിക്കാൻ ഇത്ര കാലതാമസവും തടസ്സവും എന്താണ് എന്ന് വ്യക്തമാക്കാമോ .

8 , സിനിമ ഒരു സംസ്കാരവും കലയും എന്ന നിലയിൽ സർക്കാർ ആകെ ഇടപെടുന്നത് കേരള ചലച്ചിത്ര മേളയുടെ കാര്യത്തിൽ മാത്രമാണ് . പക്ഷെ 22 വർഷമായിട്ടും ചലച്ചിത്ര മേളയ്ക്ക് ഒരു സ്ഥിരം ഫെസ്റ്റിവൽ കോംപ്ലക്സ് ഉണ്ടാക്കാൻ സർക്കാരിന് സാധിച്ചിട്ടില്ല . എല്ലാ വർഷത്തെയും പോലെ കഴിഞ്ഞ വർഷവും മുഖ്യമന്ത്രി അടുത്ത വർഷം തന്നെ ഫെസ്റ്റിവൽ കോംപ്ലക്സ് നിർമിക്കും എന്ന് പ്രഖ്യാപിച്ചു .പക്ഷെ പ്രഖ്യാപനം കഴിഞ്ഞു മൂന്ന് മാസമായിട്ടും ഇതിനുള്ള നടപടികൾ ഒന്നും തുടങ്ങിയിട്ടില്ല .9 മാസം കഴിഞ്ഞാൽ വീണ്ടും ഫെസ്റ്റിവൽ എത്തും . അന്നും ഫെസ്റ്റിവൽ കോംപ്ലക്സ് ഉടൻ പണിയും എന്ന പ്രഖ്യാപനവുമായി മുഖ്യ മന്ത്രി മേള ഉദ്ഘാടനം ചെയ്യാൻ എത്തും എന്ന് കരുതട്ടെ .

9 . ഇരുപത്തിരണ്ട് വർഷം പ്രായമായിട്ടും കേരള ചലച്ചിത്ര മേളയോട് അനുബന്ധമായി മലയാള സിനിമകളുടെ അന്താരാഷ്‌ട്ര വിപണന സാധ്യതകൾക്കായി ഒരു ഫിലിം മാർക്കറ്റ് ആരംഭിക്കാൻ നമുക്ക് സാധിച്ചിട്ടില്ല . ഒരു ഫിലിം മാർക്കറ്റ് ആരംഭിക്കുന്നതിനായുള്ള വിശദമായ റിപ്പോർട്ട് മുഖ്യമന്ത്രിക്കും സിനിമാ വകുപ്പ് മന്ത്രിക്കും നൽകിയതാണ് അധികാരം ഏറ്റ ഉടൻ തന്നെ . അത് ഒന്ന് വായിച്ചു നോക്കണം . ഗോവ ചലച്ചിത്ര മേളയോട് അനുബന്ധിച്ചു എൻ എഫ് ഡി സി ഫിലിം മാർക്കറ്റ് സംഘടിപ്പിക്കുന്ന രീതി പിന്തുടർന്ന് കേരള ചലച്ചിത്ര മേളയോടനുബന്ധിച്ചു കെ എസ് എഫ് ഡി സി ക്ക് ഫിലിം മാർക്കറ്റ് തുടങ്ങാനുള്ള വിശദമായ ഒരു പ്രൊപ്പോസൽ ധനകാര്യ മന്ത്രിക്ക് നൽകിയിട്ടുണ്ട് . ഈ ബഡ്ജറ്റിൽ ഈ ആവശ്യം അംഗീകരിക്കുമോ ?

10 . സംസ്ഥാന ചലച്ചിത്ര അവാർഡിന്റെ വിശ്വാസ്യത കഴിഞ്ഞ ഏതാനും വർഷങ്ങളായി നഷ്ടപ്പെട്ടിരിക്കുകയാണ് , യോഗ്യതയുള്ള ജൂറി അംഗങ്ങളെ നിയമിക്കുവാൻ സർക്കാർ കർശനമായും ശ്രദ്ധിക്കേണ്ടതാണ് .. കലാപരമായും സാംസ്കാരികമായും സാമൂഹികമായും സൗന്ദര്യാത്മകമായും സാങ്കേതികമായും മികച്ച സൃഷ്ടികളെ അംഗീകരിക്കുവാനും പ്രോത്സാഹിപ്പിക്കുവാനുമായാണ് സർക്കാർ നികുതി പണം മുടക്കി അവാർഡ് ഏർപ്പെടുത്തിയിട്ടുള്ളത് എന്ന പ്രാഥമിക ധാരണ സർക്കാരിനും ജൂറി അംഗങ്ങൾക്കും ഉണ്ടാകണം . അതല്ലാതെ താരപ്പകിട്ടിനു വീതം വെച്ച് നൽകാനുള്ള തമാശ ക്കളിക്ക് ജനങ്ങളുടെ നികുതിപ്പണം പാഴാക്കി കളയരുത് .

11 . സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ വിതരണം ചെയ്യുന്നത് ചില ടെലിവിഷൻ പുരസ്‌കാര നിശകളെപ്പോലും ലജ്ജിക്കുന്ന വിധത്തിൽ തരം താണ തരത്തിലാണ് കഴിഞ്ഞ രണ്ടു മൂന്ന് വർഷങ്ങളായി കണ്ടു വരുന്നത് .(കഴിഞ്ഞ വർഷം സംസ്ഥാന അവാർഡ് വിതരണം ഏതോ ചാനലുകൾക്ക് സംപ്രേഷണ അവകാശം വിൽക്കുക കൂടി ചെയ്യുകയുണ്ടായി) . സർക്കാർ പുരസ്‌കാരങ്ങളുടെ ഗൗരവവും അന്തസ്സത്തയും പ്രസക്തിയും തന്നെ മറന്ന് താരപ്പകിട്ടിൽ മതിമയങ്ങിയ ആർഭാട രാവായി മാറി പുരസ്‌കാര ദാനം . പുരസ്‌കാര വിതരണ നോട്ടീസിൽ നിന്നും മികച്ച ചിത്രത്തിന്റെ സംവിധായകനും , മികച്ച സംവിധായകനും ഒക്കെ അപ്രത്യക്ഷരായി പകരം സഹനടനുള്ള പുരസ്കാരം വരെ ലഭിച്ച താരങ്ങളുടെയും പ്രേത്യേക അതിഥികളാകുന്ന താരങ്ങളുടെയും മുഖങ്ങൾ ഇടം പിടിച്ചു . പുരസ്‌കാര വേദിയിൽ മികച്ച സിനിമയുടെ സംവിധായകന് പോലും ഇരിപ്പിടം ലഭിക്കാതെ താരങ്ങളും രാഷ്ട്രീയ നേതൃത്വവും നിറഞ്ഞു കവിഞ്ഞു . ജൂറി റിപ്പോർട്ട് എന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം വേദിയിലേക്ക് കടന്നു വരുന്ന താരങ്ങളെ കണ്ട് ആർപ്പു വിളിക്കുന്ന ഫാൻസ്‌ ബഹളത്തിൽ അപ്രസക്തമായി . അവാർഡ് ജനകീയമാക്കുന്നു എന്നാണ് ചലച്ചിത്ര അക്കാദമിയും സാംസ്കാരിക മന്ത്രാലയവും അവകാശപ്പെടുന്നത് .കാഴ്ചയുടെ സംസ്കാരത്തെ ഉയർത്തിപ്പിടിക്കേണ്ട ഉത്തരവാദിത്വമുള്ള ഒരു സർക്കാർ ജനപ്രിയതയുടെ അളവുകോലിലേക്ക് തങ്ങളുടെ കാഴ്ചപ്പാടുകൾ ചുരുക്കുന്നത് ദയനീയമായ ഒരു പരിണാമം ആണ് .വിട്ടുവീഴ്ചയില്ലാതെ ആർജ്ജവമുള്ള സിനിമകൾ നിർമിച്ചു പുരസ്കാരം നേടിയ സിനിമാ പ്രവർത്തകരും , ധിഷണതയുള്ള പുസ്തകങ്ങളും വിമർശനങ്ങളും എഴുതിയ എഴുത്തുകാരും നിരൂപകരും ഒക്കെ മാന്യമായി ഇരിക്കാൻ ഒരു സീറ്റ് പോലും ലഭിക്കാതെ എങ്ങനെയെങ്കിലും പണിപ്പെട്ട് ആൾക്കൂട്ടത്തിനിടയിലൂടെ സ്റ്റേജിലെത്തി ആരാലും ശ്രദ്ധിക്കപ്പെടാതെ പുരസ്കാരം വാങ്ങേണ്ട ഗതികേട് ഉണ്ടാകുന്നു .ഒരു സംസ്ഥാനം സിനിമയിലെ കലാകാരന്മാരുടെ സർഗ്ഗാത്മകവും കലാപരവുമായ സംഭാവനകളെ അംഗീകരിച്ചു നൽകുന്ന ആദരവിൻറ്റെ ,മികവിന്റ്റെ ചടങ്ങാണ് അത് . അത് അർഹമായ ഗൗരവ ബോധത്തോടെയും സാംസ്കാരിക ബോധത്തോടെയുമാണ് നൽകേണ്ടത് . അല്ലാതെ പൂരപ്പറമ്പിൽ കെട്ടുകാഴ്ച പോലത്തെ ചടങ്ങ് സംഘടിപ്പിച്ച്‌ പുരസ്‌കാര ജേതാക്കളെ അവഹേളിച്ചല്ല . ഈ രീതിയും കാഴ്ചപ്പാടും മാറ്റി സർക്കാർ പുരസ്‌കാരങ്ങളുടെ അന്തസ്സത്ത വീണ്ടെടുക്കാനും പുരസ്കാരം ലഭിച്ചവരെ അവഹേളിക്കാതെ അത് മാന്യമായി വിതരണം ചെയ്യാനുള്ള മര്യാദ സർക്കാർ ഇനിയെങ്കിലും പുലർത്തുമോ .

സിനിമാ മേഖല ശുദ്ധീകരിക്കും , സർക്കാർ കർശനമായി ഇടപെടും എന്നൊക്കെ പറയുമ്പോൾ ഈ മേൽപ്പറഞ്ഞ കാര്യങ്ങൾ കൂടി സർക്കാർ മറന്നു പോകാതെ നോക്കുമല്ലോ .

ഇനി അതല്ല , സിനിമാ സമരം തീർക്കലും , താരങ്ങളെ സർക്കാർ പ്രോജക്ടുകളിൽ/ പരിപാടികളിൽ ബ്രാൻഡ് അംബാസ്സഡർമാർ/ മുഖ്യ അതിഥികൾ ആക്കുക,, കോടി ക്ലബ്ബിൽ കയറുന്ന സിനിമകളെപറ്റി ഊറ്റം കൊള്ളുക (അതെത്ര മാത്രം സ്ത്രീ / വംശീയ വിരുദ്ധമാണെങ്കിലും) .,എന്നിവയൊക്കെ മാത്രമാണ് സിനിമ എന്നാണ് ധാരണയെങ്കിൽ കൂടുതൽ പറയാനില്ല ..

വിനോദത്തിനും വ്യവസായത്തിനുമപ്പുറം സാംസ്കാരികവും , സാമൂഹികവും , കലാപരവും ആയ ഒരു ചലച്ചിത്ര സംസ്കാരം നിലനിർത്തുക എന്ന ബാധ്യത ആണ് ഒരു സർക്കാർ നിർവഹിക്കേണ്ടത് . കലയെ സംബന്ധിച്ചിടത്തോളം അതിലെ ജനപ്രിയതയെയും വ്യവസായത്തെയും താര ആരാധനയെയും പരിപോഷിപ്പിക്കലല്ല ഒരു സർക്കാരിന്റെ കടമ .മലയാളത്തിൽ നിന്നും ലോകം ശ്രദ്ധിക്കുന്ന കലാമേന്മയുള്ള സിനിമകൾ നിർമ്മിക്കുവാനുള്ള ഒരു സാംസ്കാരിക അന്തരീക്ഷം സൃഷ്ടിക്കുക എന്നതാണ്. ആ രീതിയിൽ സർക്കാരിന്റെ മനോനിലയിൽ തന്നെയാണ് ആദ്യമായും അടിയന്തിരമായും ഉള്ള ശുദ്ധീകരണ പ്രക്രിയ ആരംഭിക്കേണ്ടത് . മുൻപ് അക്കമിട്ട് സൂചിപ്പിച്ച ചോദ്യങ്ങൾ നിങ്ങൾക്ക് മുന്നിൽ നില നിൽക്കുകയാണ് . അതിന് മറുപടി ഉണ്ടാകുമോ എന്നതാണ് നല്ല സിനിമയെ സ്നേഹിക്കുന്ന എല്ലാവരും കാത്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button