CinemaFilm Articles

കാട് പശ്ചാത്തലമായ മോഹന്‍ലാല്‍ചിത്രങ്ങളുടെ വിജയങ്ങളും പരാജയങ്ങളും

പ്രവീണ്‍.പി നായര്‍ 

മലയാള സിനിമയില്‍ കാട് പശ്ചാത്തലമായിട്ടുള്ള സിനിമകള്‍ വിരളമാണ്. വൈകാരികതയോടെ കുടുംബബന്ധങ്ങള്‍ ചിത്രീകരിക്കുന്നതും തമാശ സിനിമകള്‍ പറയുന്നിടത്തുമാണ് മലയാള സിനിമാ വിപണി കാര്യമായ പുരോഗതി ഉണ്ടാക്കാറുള്ളത്. അന്യഭാഷാ ചിത്രങ്ങളില്‍ ലയിക്കുമ്പോള്‍ കഥയുടെ പ്രസക്തി മറന്നാസ്വദിക്കുകയും മലയാള സിനിമയ്ക്ക് മുന്നിലാകുമ്പോള്‍ കഥയില്ലേല്‍ പരിഭവപ്പെടുകയും ചെയ്യുന്ന പ്രേക്ഷക സമൂഹമാണ് ഇവിടെയുള്ളത്. പരിമിധമായ ബഡ്ജറ്റില്‍നിന്നുകൊണ്ട് ടെക്നിക്കല്‍ വശത്തിന് അധികപ്രാധാന്യം നല്‍കാതെ കഥാമൂഹൂര്‍ത്തങ്ങള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കി ഹിറ്റ് കൊയ്തെടുക്കുന്ന മലയാള സിനിമയില്‍
കാട് കാഴ്ചകളാകുന്ന സിനിമകള്‍ നന്നേ കുറവാണ്.

മലയാള സിനിമാ വിപണിയ്ക്ക് ഉയര്‍ച്ചയുടെ പുത്തന്‍ സാധ്യത പകര്‍ന്നു നല്‍കിയ ‘പുലിമുരുകന്‍’ എന്ന ചിത്രം വനത്തിനുള്ളിലെ ജീവിത പ്രമേയം പങ്കുവെച്ച സിനിമയാണ്. കാടിനുള്ളില്‍ നേര്‍ക്കുനേര്‍ പോരാടുന്ന മുരുകന്‍റെയും പുലിയുടെയും കഥ. വനാന്തരീക്ഷത്തിന്‍റെ സൗന്ദര്യം ഒപ്പിയെടുക്കുന്നതിലെ ക്യാമറമാന്‍റെ മിടുക്കും വേറിട്ട മേക്കിംഗ് ശൈലിയും ഇത്തരം ചിത്രങ്ങള്‍ക്ക് കൂടുതല്‍ മനോഹാരിത നല്‍കാറുണ്ട്. കാടിന്‍റെ പശ്ചാത്തലത്തില്‍ മോഹന്‍ലാല്‍ പുലിമുരുകനായി അവതരിക്കുകയും ചിത്രം നൂറ്കോടി ക്ലബില്‍ ഇടം നേടിയ ആദ്യ മലയാള ചിത്രവുമായപ്പോള്‍ കാട് പാശ്ചാത്തലമായ മോഹന്‍ലാലിന്‍റെ തന്നെ മറ്റൊരു ബോക്സ്ഓഫീസ് ദുരന്തവും മലയാള സിനിമാ ചരിത്രത്തില്‍ സംഭവിച്ചിട്ടുണ്ട്. കാട് വിഷയമാകുന്ന മലയാള സിനിമകള്‍ കുറവെങ്കിലും മോഹന്‍ലാലിന്‍റെ കരിയറില്‍ ഏറ്റവും വലിയ ഹിറ്റായ സിനിമയും ഏറ്റവും മോശപ്പെട്ട സിനിമയും ഉണ്ടായിട്ടുള്ളത് വനത്തിനുള്ളില്‍ കഥ പറഞ്ഞപ്പോഴാണെന്നുള്ളത് മറ്റൊരു കൗതുകം. തിരക്കഥാകൃത്തെന്ന നിലയില്‍ പേരെടുത്ത രഞ്ജന്‍ പ്രമോദ് ആദ്യമായി സ്വതന്ത്ര സംവിധായകനായ സിനിമയായിരുന്നു മോഹന്‍ലാല്‍ ചിത്രം ‘ഫോട്ടോഗ്രാഫര്‍’. 2006-ല്‍ പുറത്തിറങ്ങിയ ‘ഫോട്ടോഗ്രാഫര്‍’ ബോക്സോഫീസില്‍ സമ്പൂര്‍ണ്ണ പരാജയം ഏറ്റുവാങ്ങിയ ചിത്രമായിരുന്നു . ക്ലാസായോ,മാസയോ പരുവപ്പെടാത്ത ഈ ചിത്രം പ്രേക്ഷകര്‍ ഒന്നടങ്കം അവഗണിച്ചു.
ചിത്രത്തില്‍ അഭിനയിച്ച മാസ്റ്റര്‍ മണിയെ മികച്ച ബാലതാരത്തിനുള്ള പുരസ്കാരം നല്‍കി കേരള സര്‍ക്കാര്‍ ആദരിച്ചത് മാത്രമാണ് ചിത്രത്തെ സംബന്ധിച്ച് എടുത്തു പറയാവുന്ന നേട്ടം. മീശമാധവന്‍, അച്ചുവിന്‍റെ അമ്മ, മനസ്സിനക്കരെ തുടങ്ങിയ ഹിറ്റ് സിനിമകളുടെ രചയിതാവായ രഞ്ജന്‍ പ്രമോദ് സംവിധായ കുപ്പയമണിഞ്ഞപ്പോള്‍ നിരാശയായിരുന്നു ഫലം. കാടിനുള്ളില്‍ കഥ പറഞ്ഞ ഈ മോഹന്‍ലാല്‍ ചിത്രം ഹൗളി പോട്ടൂര്‍ എന്ന നിര്‍മ്മാതാവിന് വന്‍നഷ്ടം വരുത്തിവെച്ചപ്പോള്‍ അതേ നടനെ ഉപയോഗിച്ച് വര്‍ഷങ്ങള്‍ക്കിപ്പുറം കാട് വിഷയമാക്കി പറഞ്ഞ പുലിമുരുകന്‍ മലയാള സിനിമയുടെ ചരിത്രമായി മാറിയത് വിസ്മയകരമാണ്.

എം.പത്മകുമാര്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ 2010-ല്‍ പുറത്തിറങ്ങിയ ശിക്കാറും കാടിന് പ്രാധാന്യം നല്‍കി ഒരുക്കിയ സിനിമയായിരുന്നു. മോഹന്‍ലാല്‍ ‘ബലരാമന്‍’ എന്ന ലോറി ഡ്രൈവറായി വേഷമിട്ട ചിത്രത്തിന്‍റെ രചന നിര്‍വഹിച്ചത് എസ്.സുരേഷ് ബാബുവാണ്.
കെ.കെ രാജഗോപാല്‍ നിര്‍മ്മിച്ച ചിത്രം ബോക്സ്ഓഫീസില്‍ മികച്ച നേട്ടമുണ്ടാക്കുകയും ചെയ്തിരുന്നു.സ്റ്റണ്ടും, അടിച്ചുപൊളി ഗാനങ്ങളുമടക്കം ആഘോഷ ചേരുവയില്‍ പറഞ്ഞ കാട് പ്രമേയമായ ശിക്കാര്‍ നിലാവരമുള്ള സിനിമാ സൃഷ്ടിയായിരുന്നു.
ചിത്രത്തിന്‍റെ ക്ലൈമാക്സ് രംഗങ്ങളിലടക്കം കാടിന്‍റെ ദൃശ്യചാരുത ക്യാമറയില്‍ പകര്‍ത്തിയ മനോജ്‌.പിള്ള എന്ന വിദഗ്ദ്ധനായ സിനിമോട്ടോഗ്രാഫര്‍ വലിയ പ്രശംസ അര്‍ഹിക്കുന്നുണ്ട്.

പെരുവന്താനം സുകുമാരന്‍റെ കഥയ്ക്ക് ടി.ദാമോദരന്‍ തിരക്കഥ എഴുതിയ ചിത്രമായിരുന്നു ‘അടിവേരുകള്‍’. സൂപ്പര്‍സ്റ്റാര്‍ പരിവേഷത്തിലേക്കുള്ള മോഹന്‍ലാലിന്‍റെ മാറ്റത്തിന് കാരണക്കരാനായ ടി.ദാമോദരന്റെ വ്യത്യസ്തമായ രചനാ രീതിയാണ് ‘അടിവേരുകള്‍’ എന്ന ചിത്രത്തിലുള്ളത്. 1986-ല്‍ പുറത്തിറങ്ങിയ ‘അടിവേരുകള്‍’ കാടിന്‍റെ മനോഹാരിത പങ്കുവെച്ച സിനിമയായിരുന്നു. ‘ചിയേഴ്സ്’ എന്ന നിര്‍മ്മാണ കമ്പനി നിര്‍മ്മിച്ച ചിത്രത്തിന്‍റെ സംവിധായകന്‍ പി.അനില്‍ ആയിരുന്നു. കാട് പ്രമേയമാക്കി അവതരിപ്പിച്ച മറ്റു മോഹന്‍ലാല്‍ ചിത്രങ്ങളില്‍ നിന്ന് വിഭിന്നമായ സൃഷ്ടിയായിരുന്നു ‘അടിവേരുകള്‍’. ടി.ദാമോദരന്റെ ശക്തമായ രചനയില്‍ പിറവിയെടുത്ത സിനിമ കലാമൂല്യത്തിലും മുന്നേറി നിന്ന ചിത്രമായിരുന്നു. ബോക്സോഫീസില്‍ സാമാന്യം ഭേദപ്പെട്ട വിജയം നേടിയ ‘അടിവേരുകള്‍’ അന്നത്തെ ബിഗ്‌ ബഡ്ജറ്റ് ചിത്രമായിരുന്നു.

shortlink

Post Your Comments


Back to top button