CinemaGeneralNEWS

”അന്ന് ആ കത്തിയാണ് എന്നെ രക്ഷിച്ചത്”. എഴുത്തുകാരിയും സംവിധായികയുമായ ലീന മണിമേഖല വെളിപ്പെടുത്തുന്നു

കേരളത്തില്‍ ഒരു പ്രമുഖ നടിക്ക് നേരെ ആക്രമണം ഉണ്ടായത് വലിയ ചര്‍ച്ചയാകുകയാണ്. സംഭവത്തില്‍ സാംസ്കാരിക സാമൂഹ്യ പ്രവര്‍ത്തകരുടെ ശക്തമായ പ്രതിഷേധം ഉയര്‍ന്നു വരുന്ന സാഹചര്യത്തില്‍ ഇതിനു മുന്പ് പലപ്പോഴും ഇത്തരം സംഭവങ്ങള്‍ നടന്നിരുന്നുവെന്ന് വെളിപ്പെടുത്തലുമായി പലരും രംഗത്തെത്തി.

ഈ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ എഴുത്തുകാരിയും സംവിധായികയും സാമൂഹ്യ പ്രവര്‍ത്തകയുമായ ലീന മണിമേഖല തന്റെ ജീവിതത്തിലെ സമാനമായ ഒരു അനുഭവത്തെക്കുറിച്ച് എഴുതുന്നു. മീഡിയ പ്രവര്‍ത്തനത്തിന്റെ ഭാഗമായി അഭിമുഖത്തിനായി ഒരു യുവ സംവിധായകനെ കാണേണ്ടി വന്നു. അയാള്‍ തിരികെ പോകുന്ന വഴിക്ക് ഡ്രോപ്പ് ചെയ്യാമെന്ന് പറഞ്ഞ് കാറില്‍ കയറ്റുകയും മോശാമായി പെരുമാറുകയും ചെയ്തതായി ലീന തുറന്നു പറയുന്നു.

ഇന്ന് മലയാളസിനിമയിലെ ആ നടിക്ക് സംഭവിച്ച അതിക്രമത്തിനെതിരെ സിനിമാ രംഗത്തെ “നായകന്‍മാരും” “സംവിധായകരും” ശബ്ദമുയര്‍ത്തുന്നത് നല്ല കാര്യം തന്നെയാണ്. അതേ പോലെ തങ്ങളുടെ ചെയ്തികളെയും തങ്ങളുടെ സിനിമകളിലെ സ്ത്രീവിദ്വേഷത്തെയും ആത്മപരിശോധനയ്ക്ക് വിധേയമാക്കുകയും വേണമെന്ന് ലീന തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം :

“2005-ലാണ്…ഞാന്‍ ടെലിവിഷൻ പ്രോഗ്രാം പ്രൊഡ്യൂസറായും അവതാരകയായും ജോലി ചെയ്തിരുന്ന സമയം. അന്ന് തമിഴിലെ പ്രശസ്തനായൊരു യുവസംവിധായകനെ ടി വി പ്രോഗ്രാമിന് വേണ്ടി ഇന്റര്‍വ്യൂ ചെയ്യുകയുണ്ടായി. ഷൂട്ടിംഗ് കഴിഞ്ഞപ്പോള്‍ സമയം രാത്രി ഒമ്പതര മണി കഴിഞ്ഞിരുന്നു. എപ്പോഴും ഒാട്ടോയിലാണ് വീട്ടിലേക്ക് മടങ്ങുക. പതിവ് പോലെ ഒാട്ടോ പിടിക്കാന്‍ സ്റ്റുഡിയോയില്‍ നിന്നും തെരുവിന്റെ അറ്റത്തേക്ക് നടക്കുകയായിരുന്നു. അപ്പോഴാണ് ഞാന്‍ അഭിമുഖം ചെയ്ത സംവിധായകന്റെ കാര്‍ അടുത്ത് വന്ന് ബ്രേക്കിട്ട് നിന്നത്. “വടപഴനിയിലല്ലേ വീട്…ഞാന്‍ പോകുന്ന വഴിയ്ക്ക് ഡ്രോപ് ചെയ്യാം” എന്നു പറഞ്ഞ ‘സംവിധായകനെ’ വിശ്വസിച്ച് കാറില്‍ കയറി. കുറച്ച് സമയത്തേക്ക് സംഭാഷണം നല്ല രീതിയില്‍ മുന്നോട്ട് പോയി. പെട്ടെന്ന് അയാളുടെ ശബ്ദത്തില്‍ വ്യത്യാസം വന്നു. വിലയേറിയ ആ കാറിന്റെ സെന്‍ട്രല്‍ ലോക്കിങ് സിസ്റ്റം അയാള്‍ വിരല്‍ത്തുമ്പ് കൊണ്ട് പ്രവര്‍ത്തിപ്പിച്ച ശബ്ദം എനിക്ക് കേള്‍ക്കാന്‍ കഴിഞ്ഞു. പെട്ടെന്നയാള്‍ ഞാന്‍ മടിയില്‍ വച്ചിരുന്ന മൊബൈൽ ഫോണ്‍ കൈപ്പറ്റി അത് ഒാഫ് ചെയ്ത് കാറിന്റെ ഒരു മൂലയിലേക്ക് വലിച്ചെറിഞ്ഞു. അയാളോടൊപ്പം അപാര്‍ട്മെന്റിലേക്ക് ചെല്ലാന്‍ ഭീഷണി മുഴക്കി. കുറച്ച് നേരത്തേക്ക് പരിഭ്രമം കൊണ്ട് എന്ത് ചെയ്യണമെന്നറിയാത്ത സ്ഥിതിയിലായിപ്പോയി ഞാന്‍. ഒരു വിധം സമചിത്തത വീണ്ടെടുത്ത് അപ്പോള്‍ തന്നെ കാര്‍ നിറുത്തി ഇറക്കി വിടാന്‍ ഗൗരവപൂര്‍വ്വം പറഞ്ഞു. പിന്നെ കേണപേക്ഷിച്ചു. കാറിന്റെ ഡോറും ഗ്ലാസ്സും ചവിട്ടിപ്പൊട്ടിക്കുമെന്ന് ഉച്ചത്തില്‍ അലറി. 20 മിനിട്ടേ വേണ്ടൂ എന്റെ താമസസ്ഥലത്തിലേക്ക് എത്താന്‍. പക്ഷേ 45 മിനിറ്റോളം ചെന്നൈ നഗര വീഥികളില്‍ ആ കാര്‍ പായുകയായിരുന്നു. എഞ്ചിനീയറിംഗ് പഠന കാലം മുതല്ക്കേ എന്റെ ബാഗില്‍ ഒരു ചെറിയ കത്തി കരുതുമായിരുന്നു. അന്ന് ആ കത്തിയാണ് എന്നെ രക്ഷിച്ചത്. അത് ഞാന്‍ പ്രയോഗിക്കുമെന്ന ഘട്ടം വന്നപ്പോള്‍ അയാളെന്നെ താമസ സ്ഥലത്തിന് അടുത്തിറക്കി സ്ഥലം വിട്ടു.

ഇന്ന് അവകാശങ്ങളെക്കുറിച്ച് ഏറെ സംസാരിക്കുന്ന എനിക്ക് അന്ന് ഈ സംഭവത്തെക്കുറിച്ച് വളരെ അടുത്തവരോട് പോലും പറയാന്‍ ധൈര്യമുണ്ടായില്ല. മീഡിയയിലെ ജോലി വേണ്ടെന്ന് പറഞ്ഞു കൊണ്ടിരുന്ന കുടുംബാംഗങ്ങള്‍ ഇതും കൂടി അറിഞ്ഞാല്‍ ജോലിക്ക് പോകുന്നത് തടയുമെന്ന ആശങ്ക ഒരു വശത്ത്. ‘നോ’ എന്ന് പറഞ്ഞത് കാരണം സിനിമാമേഖലയില്‍ പേരും പെരുമയുമുള്ള ആ സംവിധായകന്‍ എനിക്കെതിരേ പ്രതികാര നടപടികൾ കൈക്കൊള്ളുമോ എന്ന ബാലിശമായ ഭയം മറുവശത്ത്. എന്റെയുള്ളില്‍ തന്നെ കുഴിച്ച് മൂടിയ കയ്പേറിയ അനുഭവങ്ങളിലൊന്നായിരുന്നു അത്. വര്‍ഷങ്ങളേറെ കഴിഞ്ഞിരിക്കുന്നു. പക്ഷേ ആ സംഭവത്തെക്കുറിച്ച് ഇപ്പോള്‍ ആലോചിക്കുമ്പോഴും നടുക്കമാണ്!

ഇന്ന് മലയാളസിനിമയിലെ ആ നടിക്ക് സംഭവിച്ച അതിക്രമത്തിനെതിരെ സിനിമാ രംഗത്തെ “നായകന്‍മാരും” “സംവിധായകരും” ശബ്ദമുയര്‍ത്തുകയാണ്. നല്ല കാര്യം. അതേ പോലെ തങ്ങളുടെ ചെയ്തികളെയും തങ്ങളുടെ സിനിമകളിലെ സ്ത്രീവിദ്വേഷത്തെയും ആത്മപരിശോധനയ്ക്ക് വിധേയമാക്കുകയും വേണം. ചൂണ്ടുവിരല്‍ അവനവന് നേരെ തിരിയ്ക്കണം. ‘പൗരുഷം’ ആണല്ലോ നമ്മുടെ നാട്ടിലെ ഹീറോയിസത്തിന്റെ മുഖമുദ്ര!

തന്റെ മേല്‍ വന്ന് പതിച്ചേക്കാവുന്ന നൂറായിരം ചോദ്യങ്ങളെയും വിപരീതദൃഷ്ടികളെയും തൃണവല്‍ക്കരിച്ച് സംഭവിച്ച കാര്യങ്ങള്‍ ധൈര്യപൂര്‍വ്വം തുറന്നു പറഞ്ഞ് നിയമ സഹായം തേടിയിരിക്കുന്ന ആ നടിയുടെ തോളോട് തോള്‍ ചേര്‍ന്ന് നില്ക്കാന്‍ ഞാനുമുണ്ടാവും…”

(മുകേഷ്കുമാര്‍ തയ്യാറാക്കിയ ലീനയുടെ പോസ്റ്റിന്റെ മലയാള വിവര്‍ത്തനം)

shortlink

Related Articles

Post Your Comments


Back to top button