ആദിവാസി ഊരുകളിലെ കുട്ടികളെ ഓള് ഇന്ത്യ പ്രവേശന പരീക്ഷയ്ക്ക് തയ്യാറാക്കുന്ന പദ്ധതിയെ പിന്തുണച്ച് നടന് മോഹന്‍ലാല്‍. തന്റെ നിലപാടുകള്‍ ബ്ലോഗ് എഴുത്തിലൂടെ രേഖപ്പെടുത്താറുള്ള മോഹന്‍ലാല്‍ കഴക്കൂട്ടം സൈനിക സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ഥികളുടെ ബുദ്ധിയില്‍ ഉദിച്ച ആശയത്തെ വാനോളം പ്രശംസിക്കുകയാണ്.
ബ്ലോഗില്‍ മോഹന്‍ലാല്‍ പറയുന്നത്;
കഴക്കൂട്ടം സൈനിക സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ഥികളുടെ ബുദ്ധിയില്‍ ഉദിച്ച ആശയമാണ് ഇത്. ജീവിതത്തിന്റെ സാധ്യതകളും അറിവിന്റെ വെളിച്ചവും എത്താത്ത ആദിവാസി ഊരുകളിലെ കുട്ടികള്‍ക്ക് സാധ്യതകളുടെ ലോകം തുറന്നുകൊടുക്കുക, പഠിക്കാനുള്ള അവസരത്തിലൂടെ എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. കുട്ടികള്‍ക്ക് താമസസൗകര്യവും ഭക്ഷണവും നല്‍കും. പൂര്‍വ്വ സൈനികരും സൈനിക സ്കൂളില്‍ പഠിച്ച് മറ്റ് മേഖലയില്‍ എത്തിയവരും നേരിട്ടുചെന്ന് കുട്ടികള്‍ക്കൊപ്പം പാര്‍ക്കും. അവര്‍ക്ക് അറിവും ആത്മവിശ്വാസവും നല്‍കും.
നമുക്കെത്രയോ ആദിവാസി പുനരുദ്ധാരണ പദ്ധതികളുണ്ട്. അവ എത്രമാത്രം ഫലപ്രദമാകുന്നുണ്ട് എന്ന കാര്യം എനിക്ക് അറിയില്ല. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ജനിക്കുന്ന കുഞ്ഞുങ്ങളെയും ‘ആദി’വാസി എന്നു വിളിക്കുന്നവരാണ് നമ്മള്. അവരെ നമ്മുടെ പൊതുജീവിതത്തില്‍ വളരെക്കുറിച്ച് മാത്രമേ നാം പങ്കെടുപ്പിക്കാറുള്ളൂ. പരിഷ്കൃതര്‍ എന്ന് സ്വയം വിശ്വസിച്ച് അഭിമാനിക്കുന്ന നമുക്ക് അവര്‍ മറ്റേതോ ഗ്രഹത്തിലെ ജീവികളാണ്. ഇത്തരം സാമൂഹിക പശ്ചാത്തലത്തിലാണ് ഞാന്‍ പ്രൊജക്റ്റ് ഷൈന്‍ എന്ന പദ്ധതിയുടെ മഹത്വം മനസ്സിലാക്കുന്നത്.
പട്ടാളം എന്നാല്‍ അതിര്‍ത്തിയില്‍ രാജ്യം കാക്കുന്നവരും സ്വന്തം ജീവിതം രാജ്യത്തിനായി പണയംവച്ചവരുമാണ്. പട്ടാളം എന്നാല്‍ നമ്മുടെ ബുദ്ധിജീവികള്‍ക്ക് ഭരണകൂട ഭീകരതയുടെ ഭാഗവുമാണ്, എപ്പോഴും. അവര്‍ സര്‍ഗ്ഗാത്മകമായ ഒന്നും ചെയ്യുന്നില്ല എന്നും ഇത്തരക്കാര്‍ പറഞ്ഞുകൊണ്ടേയിരിക്കും. എന്നാല്‍ ഇവിടെ അട്ടപ്പാടിയിലെ ഊരുകളില്‍ പട്ടാളക്കാര്‍ വരുന്നത് തോക്കുമായല്ല മറിച്ച്, അനുകമ്പാര്‍ദ്രവും സമര്‍പ്പിതവുമായ മനസ്സുമായാണ്. ഒരു കേണലില്‍ നിന്ന്, ബ്രിഗേഡിയറില്‍ നിന്ന്, മേജറില്‍ നിന്ന് പ്രചോദനമുള്‍ക്കൊള്ളുക എന്നത് വെളിച്ചം വീഴാത്ത ഊരുകളിലെ കുട്ടികള്‍ക്ക് ആകാശത്തോളം ഉയരാനുള്ള ശക്തിയാണ് നല്‍കുന്നത്. അത് അവരെ നക്ഷത്രങ്ങളെ വരെ ചെന്നു തൊടാനും അവയോളം ജീവിതം തീര്‍ക്കാനും സഹായിക്കും. പ്രൊജക്ട്ര് ഷൈന്‍ ഒരു വലിയ മാതൃകയാണ്. നമുക്കെല്ലാവര്‍ക്കും മാത്രമല്ല വലിയ സ്ഥാപനങ്ങള്‍ക്കും വെളിച്ചം വീഴാത്ത വളര്‍ച്ചയുടെ എല്ലാ സാധ്യതകളുമടഞ്ഞ ഒരുപാട് ഇടങ്ങള്‍ നമുക്കിടയിലുണ്ട്. അവയിലേക്ക് കടന്നുചെല്ലാന്‍ ഈ പദ്ധതി ഒരു വഴികാട്ടിയാണ്- മോഹന്‍ലാല്‍ പറയുന്നു.
നെഗറ്റീവ് ആയ കാര്യങ്ങള്‍ കേള്‍ക്കുന്ന, കാണുന്ന എല്ലാം ഇല്ലാതാക്കുന്നതില്‍ ആനന്ദം കാണുന്ന വാക്കുകളില്‍ മാത്രം വിപ്ലവവും വികസനവും നടക്കുന്ന ഈ കാലത്ത് പ്രൊജക്ട് ഷൈന്‍ ആകാശച്ചെരുവില്‍ ഒറ്റയ്ക്ക് തിളങ്ങുന്ന താരകമാണ്. അതിന്റെ തിളക്കം ഇനിയുമിനിയും വര്‍ദ്ധിക്കുകയേ ഉള്ളൂ. ഈ പദ്ധതിയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവര്ക്കും എന്റെ ആദരവിന്റെ സല്യൂട്ട്. ഒപ്പം, അട്ടപ്പാടി ഊരുകളില്‍ നിന്ന് കുട്ടികളുടെ ശബ്ദം ഇപ്പോള്‍ ഞാന്‍ കേള്‍ക്കുന്നു. അവര്‍ ആത്മവിശ്വാസത്തോടെ വിളിച്ചുപറയുന്നു. ഉയരും ഞാന്‍ നാടാകെ.
Post Your Comments