മമ്മൂട്ടിയും സുകുമാരനും പ്രധാന വേഷത്തില്‍ അഭിനയിച്ച ചിത്രമാണ് പവിത്രന്‍ സംവിധാനം ചെയ്ത ഉത്തരം. തിരുവല്ലയ്ക്കടുത്തുള്ള ഒരു ഗ്രാമത്തിലാണ് ചിത്രത്തിന്‍റെ ഷൂട്ടിംഗ്. ആ സിനിമയുടെ ചിത്രീകരണ സമയത്ത് യാദൃശ്ചികമായി സംഭവിച്ച ഒരു കാര്യത്തെ കുറിച്ച് പറയുകയാണ് മേക്കപ്പ്മാന്‍ പട്ടണം റഷീദ്. ഷൂട്ടിംഗ് സ്ഥലത്തിനു ഒരു വശത്ത് കരിമ്പിന്‍ തോട്ടം. മറുവശത്ത് ഒരു വലിയ കുന്ന്. ആകെക്കൂടി ആ കുന്നിന്റെ മുകളില്‍ ഒരു ചെറിയ വീടുമാത്രം. അതല്ലാതെ വേറെ വീടുകളോ കടകളോ ഒന്നും ആ പ്രദേശത്തില്ല.
അതിരാവിലെതന്നെ ഷൂട്ടിംഗ് തുടങ്ങുന്ന ഒരു ദിവസം. സംവിധായകനും ക്യാമറാമാനുമൊക്കെയായി വളരെ കുറച്ചുപേരെ ആ സമയത്ത് അവിടെ എത്തിയിരുന്നുള്ളു. ലൊക്കേഷനില്‍ എല്ലാവര്‍ക്കും ചായയും കാപ്പിയും നല്‍കുന്ന പ്രൊഡക്ഷന്‍ ബോയ്‌സൊ ചായയോ എത്തിയിട്ടില്ല. വളരെ നേരത്തെ എത്തിയ മമ്മൂട്ടിയെ ലൊക്കേഷനിലിരുത്തി മേക്കപ്പ് ചെയ്യുകയായിരുന്നു താന്‍. മേക്കപ്പ് കഴിഞ്ഞപ്പോഴേയ്ക്കും ചായ വന്നോയെന്ന് മമ്മൂക്ക അന്വേഷിച്ചു തുടങ്ങി. ഒരു ചായ കിട്ടിയാല്‍ തരക്കേടില്ലായിരുന്നുവെന്ന് തന്നോട് അദ്ദേഹം പറഞ്ഞു. എന്നാല്‍ അവിടെ കടകളും മറ്റും ഇല്ലാത്തതിനാല്‍ സാധ്യതയില്ല.
അങ്ങനെ ചുറ്റും നോക്കുന്ന സമയത്ത് മലമുകളിലെ ആ ഒറ്റപ്പെട്ട വീടിന്റെ കതക് തുറന്ന് ഒരു സ്ത്രീ പുറത്തേക്കുനോക്കി. രാവിലെ കതക് തുറന്ന് നോക്കുമ്പോള്‍ പതിവില്ലാതെ കുറെ ആളുകള്‍ വീടിനു അടുത്തു നില്‍ക്കുന്നത് കണ്ട് അവര്‍ അത്ഭുതത്തോടെ നോക്കി നിന്നു. അപ്പോള്‍ മമ്മൂട്ടിഅവരോടായി ഇത്തിരി ഉറക്കെ ഒരു കട്ടന്‍ചായ കിട്ട്വോയെന്നു വിളിച്ചുചോദിച്ചു.
പത്തുമിനിറ്റുകള്‍ക്കുള്ളില്‍ ആ സ്ത്രീ ചായയുമായി വന്നു. മമ്മൂട്ടി ചായ കുടിച്ചുകഴിഞ്ഞതും ആ സ്ത്രീ രാത്രി മമ്മൂട്ടിക്ക് ചായ കൊടുക്കുന്നതായിട്ട് താന്‍ സ്വപ്നം കണ്ടതായി തന്നോട് പറഞ്ഞു. അത് കേട്ടപ്പോള്‍ താന്‍ അമ്പരന്നു പോയെന്നു റഷീദ് പറയുന്നു . ഷൂട്ടിംഗ് തിരക്കുകളില്‍പ്പെട്ടമമ്മൂട്ടിയോട് ഇങ്ങനെയൊരു സ്വപ്നത്തെക്കുറിച്ചോ അത് യാഥാര്‍ത്ഥ്യമായി സംഭവിച്ചതിനെക്കുറിച്ചോ അന്ന് പറയാന്‍ കഴിയാതെപോയെന്നും പിന്നീട് പലപ്പോഴും ഈ സംഭവം മനസ്സിലേക്ക് കടന്നുവരുമ്പോഴെല്ലാം പറയണമെന്ന് ചിന്തിച്ചിരുന്നുവെന്നും എന്നാല്‍ അത് ഇത് വരെ നടന്നില്ലയെന്നും പട്ടണം റഷീദ് പറയുന്നു.
Post Your Comments