ഉലകനായകന്‍ കമല്‍ ഹാസന്റെ വിവാദ ചിത്രമായിരുന്നു 2013ല്‍ പുറത്തെത്തിയ വിശ്വരൂപം. സാങ്കേതിക മികവില്‍ ശ്രദ്ധേയമായ ഈ ചിത്രം ഉള്ളടക്കത്തില്‍ ആരോപിക്കപ്പെട്ട മുസ്ലീം വിരുദ്ധതയില്‍ വിവാദമാകുകയായിരുന്നു. തുടക്കത്തില്‍ തമിഴ് നാട്ടില്‍ ചിത്രത്തിനു നിരോധനം പോലുമുണ്ടായി. ഈ ചിത്രത്തിന്‍റെ രണ്ടാം ഭാഗം ഉടന്‍ ഉണ്ടാകുമെന്ന് കമല്‍ ഹാസന്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇതിനു ശേഷം ഉത്തമ വില്ലന്‍, പാപനാശം, തൂങ്കാവനം തുടങ്ങിയ ചിത്രങ്ങള്‍ അഭിനയിക്കുകയും രംഗത്തെത്തുകയും ചെയ്തെങ്കിലും വിശ്വരൂപം 2 എത്തിയില്ല. അതിന്‍റെ കാരണം വ്യക്തമാക്കുകയാണ് കമല്‍.
വിശ്വരൂപം 2ന്റെ നിര്‍മ്മാതാവ് ആസ്‌കര്‍ വി.രവിചന്ദ്രനിനെതിരെ താരം. ആറ് മാസത്തെ പോസ്റ്റ്-പ്രൊഡക്ഷന്‍ ജോലികള്‍ അവശേഷിക്കെ അണിയറക്കാര്‍ക്ക് നിര്‍മ്മാതാവ് പ്രതിഫലം നല്‍കാനുണ്ടെന്നും കമല്‍ ആരോപിക്കുന്നു.
മറ്റൊരു തമിഴ് ചിത്രത്തിന്റെ മ്യൂസിക് ലോഞ്ചിന് അര്‍നോള്‍ഡ് ഷ്വാര്‍സ്‌നെഗറെ എത്തിക്കാനും മറ്റനേകം ചിത്രങ്ങളുടെ വിതരണാവകാശം വാങ്ങുന്നതിന്റെ തിരക്കിലുമൊക്കെയാണ് നിര്‍മ്മാതാവ് രവിചന്ദ്രന്‍. തനിക്ക് പ്രതിഫലം പ്രശ്‌നമല്ല. പക്ഷേ ക്രൂവിലുള്ള മറ്റംഗങ്ങള്‍ക്ക് അവര്‍ ചെയ്ത ജോലിക്കുള്ള വേതനം ലഭിക്കണം. ഇതിനിടെ രവിചന്ദ്രനെ പലതവണ താന്‍ കണ്ടുവെങ്കിലും കാര്യങ്ങളില്‍ ഒരു പുരോഗതിയുമില്ല. അദ്ദേഹത്തെ സംബന്ധിച്ച് അനേകം പദ്ധതികളില്‍ ഒന്ന് മാത്രമാണിത്. പക്ഷേ തനിക്കും ഒപ്പമുള്ളവര്‍ക്കും അങ്ങനെയല്ലയെന്നും ഞങ്ങളുടെ വര്‍ഷങ്ങളുടെ പ്രയത്‌നമാണ് ഈ ചിത്രമെന്നും താരം പറയുന്നു. ഇതൊരു സിനിമയാണ്, അല്ലാതെ പച്ചക്കറിക്കച്ചവടമല്ല അദ്ദേഹം വ്യക്തമാക്കി.
Post Your Comments