ഒരു ചിത്രം വിജയിച്ചുകഴിഞ്ഞാല്‍ പിന്നെ അതിന്റെ തുടര്‍ച്ചയായി രണ്ടും മൂന്നും ഭാഗങ്ങള്‍ വരുന്നത് ഇപ്പോള്‍ സാധാരണമാണ്. പ്രേക്ഷകര്‍ എന്നും പുതുമയോടെ സ്വീകരിക്കുന്ന ചിത്രങ്ങളാണ് മോഹന്‍ലാല്‍- ശ്രീനിവാസന്- സത്യന് അന്തിക്കാട് കൂട്ടുകെട്ടില്‍ വന്നിട്ടുള്ളത്. ഇപ്പോള്‍ ട്രോള്‍ പേജുകളിലെ ഹിറ്റ് താരങ്ങളായ ദാസനും വിജയനും പ്രേക്ഷകര്‍ എന്നും ഇഷ്ടപ്പെടുന്ന കഥാപാത്രങ്ങളാണ്.
സത്യന് അന്തിക്കാടിന്റെ നാടോടിക്കാറ്റ് എന്ന ചിത്രത്തിലാണ് ദാസനും വിജയനുമായി മോഹന്‍ലാലും ശ്രീനിവാസനും ആദ്യമായിഎത്തിയത്. മോഹന്‍ലാല്‍ – ശ്രീനിവാസന് കൂട്ടുകെട്ട് ഹിറ്റായതും നാടോടിക്കാറ്റ് എന്ന ചിത്രത്തിന് ശേഷമാണ്. നാടോടിക്കാറ്റ് എന്ന ചിത്രത്തിലെ ദാസനും വിജയനും പിന്നീട് പട്ടണപ്രവേശം എന്ന ചിത്രത്തിലൂടെ വീണ്ടും വന്നു. തുടര്‍ന്ന് പ്രിയദര്ശന് ഈ കഥാപാത്രങ്ങളെ കടമെടുത്ത് അക്കരെ അക്കരെ അക്കരെ എന്ന ചിത്രവുമൊരുക്കി. ദാസനും വിജയനും വീണ്ടും വരുന്നതായ വാര്‍ത്തകള്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ പ്രചരിയ്ക്കുന്നു. എന്നാല്‍ അതിനുള്ള സാധ്യത ഇല്ലായെന്നു സംവിധായകന് സത്യന് അന്തിക്കാട് പറയുന്നു.
ദാസനും വിജയനും നാടോടിക്കാറ്റ് എന്ന ചിത്രത്തില്‍ ലഭിച്ചത്ര സ്വീകരണം തുടര്‍ന്ന് വന്ന പട്ടണപ്രവേശത്തിലും അക്കരെ അക്കരെ അക്കരെ എന്ന ചിത്രത്തിലും ലഭിച്ചില്ല. അതുകൊണ്ട് തന്നെ മലയാളി പ്രേക്ഷക മനസ്സില്‍ ആഴത്തില്‍ പതിഞ്ഞ ദാസനെയും വിജയനെയും വച്ച് ഇനിയൊരു ചിത്രം ചെയ്യുമ്പോള്‍ അത് അതിനുമപ്പുറം പോകണമെന്നും, അല്ലെങ്കില്‍ ഓര്‍മിയ്ക്കാന്‍ നാടോടിക്കാറ്റ് എന്ന ചിത്രം ധാരാളമാണെന്നും സത്യന് പറയുന്നു. കൂടാതെ ഇക്കാര്യം തുറന്നു പറഞ്ഞുകൊണ്ട് മോഹന്‍ലാലിനെയും ശ്രീനിവാസനെയും നാലാമൊതൊരു ഭാഗ്യപരീക്ഷണത്തിന് നിരുത്സാഹപ്പെടുത്തിയതും സത്യന് അന്തിക്കാട് തന്നെയാണ്.
Post Your Comments