പ്രവീണ്‍.പി നായര്‍
മലയാള സിനിമയില്‍ പേടിപ്പെടുത്തുന്ന പ്രേതകഥകള്‍ വിരളമാണ്. സാങ്കേതികപരമായി മലയാള സിനിമ ഏറെ മുന്നേറിയിട്ടും പൂര്‍ണ്ണമായും ഒരു ഹൊറര്‍ ചിത്രമൊരുക്കാന്‍ ഇതുവരെയും ആരും തയ്യാറായിട്ടില്ല. ചിരി ചിത്രങ്ങളും ആക്ഷന്‍ ചിത്രങ്ങളുമൊക്കെ കൂടുതലായി കണ്ടു ശീലിച്ച മലയാളി പ്രേക്ഷകര്‍ക്ക് പേടിപ്പെടുത്തുന്ന ചിത്രങ്ങളോട് കൂടുതല്‍ താല്‍പ്പര്യമുണ്ടെന്നുള്ളത് എസ്ര കാണാന്‍ കയറിയപ്പോഴും കണ്ടിറങ്ങിയപ്പോഴും മനസ്സിലായ കാര്യമാണ്.
കാശ് കൊടുത്തു പേടിക്കാന്‍ വരിവരിയായി ഓരോരുത്തരും ക്യൂ നില്‍ക്കുന്നത് കാണുമ്പോഴാണ് സിനിമയെന്ന കലയുടെ ശക്തി എത്രത്തോളമെന്ന് മനസിലാകുന്നത്. സിനിമകള്‍ എന്ത് വികാരങ്ങള്‍ നല്‍കിയാലും അത് നല്ലതായാല്‍ സ്വീകരിക്കാന്‍ ആളുണ്ടാകും. ഭയമെങ്കില്‍ ഭയം ചിരിയെങ്കില്‍ ചിരി. അതാണ് സിനിമയെ സ്നേഹിക്കുന്ന പ്രേക്ഷകര്‍.
ജയ്.കെ എന്ന നവാഗത സംവിധായകനാണ് എസ്ര എന്ന പ്രേതകഥ പറയാന്‍ പ്രേക്ഷകര്‍ക്കിടെയില്‍ ചങ്കൂറ്റത്തോടെ എത്തിയത്. കണ്ടിറങ്ങുന്ന പ്രേക്ഷകരെ ഭയപ്പെടുത്തി മടക്കി അയക്കണമെന്ന അണിയറക്കാരുടെ ദൗത്യം ഒരു പരിധി വരെ വിജയിച്ചിട്ടുണ്ട്. ഹൊറര്‍ സിനിമ എന്നതിനപ്പുറം ഒരു പുത്തന്‍ വിഷയം മലയാള സിനിമയില്‍ വിവരിച്ച രീതി പ്രശംസനീയമാണ്. ജൂതന്മാരുടെ കഥയാണ് എസ്ര ചര്‍ച്ച ചെയ്യുന്നത്. പ്രേത സിനിമകളില്‍ തെക്കിനി കഥകളും സെമിത്തേരി കഥകളും കണ്ടിരുന്ന പ്രേക്ഷകര്‍ക്ക് മുന്നില്‍ ഇതുവരെ പറയപ്പെടാത്ത ജൂത വിഷയം എത്തിയപ്പോള്‍ പലയിടത്തും എസ്ര പ്രേക്ഷകരെ വിറപ്പിച്ചു.
മുംബൈയില്‍ നിന്ന് കൊച്ചിയിലേക്ക് പാലായനം ചെയ്യുന്ന രഞ്ജനും ഭാര്യയും തുടക്കത്തില്‍ മണിച്ചിത്ത്രതാഴിലെ സണ്ണിയെയും ഗംഗയെയും ഓര്‍മിപ്പിക്കുന്നുണ്ടെങ്കിലും സംവിധായകന്‍ പിന്നീടു എസ്രയിലൂടെ അവതരിപ്പിച്ചത് പുത്തന്‍ അവതരണ രീതിയായിരുന്നു.
ആത്മാവ് ജീവനുള്ള ശരീരത്തില്‍ പ്രവേശിക്കുന്നതും അതിനെ ഒഴിപ്പിക്കാനുള്ള പരിശ്രമം നടത്തുന്നതുമായ പതിവ് പ്രേത പ്രമേയം തന്നെ ചിത്രത്തിലെങ്കിലും ജൂത പശ്ചാത്തലവും മനോഹരമായ മേക്കിംഗ് രീതിയുമാണ് എസ്രയെ വേറിട്ട് നിര്‍ത്തുന്നത്. ഒരു ഹൊറര്‍ സിനിമയില്‍ അപ്രതീക്ഷിതമായി കണ്‍മുന്നില്‍ എത്തുന്നതെന്തും നമ്മളില്‍ ഭീതിയുണര്‍ത്തും, സിനിമയുടെ പശ്ചാത്തലത്തിനും ഭയമുണ്ടാക്കുന്നതില്‍ പ്രാധന്യമേറെയാണ്. എത്രയൊക്കെ ഭയം നമുക്കുള്ളില്‍ ചേക്കേറിയാലും കണ്ണടക്കാനോ തിയേറ്റര്‍വിട്ടു പോകാനോ ഒരു പ്രേക്ഷകനും ഇഷ്ടപ്പെടുന്നില്ല. സത്യത്തില്‍ പേടിയെ സ്വീകരിക്കാന്‍ പലര്‍ക്കും ഇഷ്ടമാണ്. പ്രേതത്തെ പ്രേമിക്കുന്നവരാണ് മലയാളികള്‍ പക്ഷേ പ്രേതം സ്ക്രീനില്‍ നില്‍ക്കണമെന്ന് മാത്രം.സ്ക്രീനിനു പുറത്തിറങ്ങിയാല്‍ തലകറങ്ങി തളര്‍ന്നു വീഴുമെന്നുള്ളത് മറ്റൊരു സത്യം.
പേടി എന്നത് നമ്മളെ തേടി വരേണ്ടതല്ല നമ്മളാണ് പേടിയെ തേടി പോകേണ്ടത് അപ്പോഴാണ് ഒരു ഹൊറര്‍ ചിത്രം മനോഹരമാകുന്നത്. എന്നെ പേടിപ്പിക്കണേ എന്ന ചിന്തയോടെയല്ല ഇത്തരം സിനിമകള്‍ ആസ്വദിക്കേണ്ടത് ഞാന്‍ പേടിക്കും എന്ന മനസ്സോടെ ഇരുന്നാല്‍ സംഗതി കൂടുതല്‍ ത്രില്ലിംഗ് ആണ്
എസ്ര സ്ക്രീനില്‍ എത്തുന്നതിനു മുന്‍പേ തിയേറ്ററിലെ ഇരുട്ടിനെ ഭയപ്പെടണം. അതിനുശേഷം ഭയമെന്ന വികാരത്തെ മക്സ്മിമം നമ്മുടെ ഉള്ളിലേക്ക് കൊണ്ടുവന്നിട്ട് വേണം എസ്രയെന്ന സിനിമ ആസ്വദിക്കാന്‍. നമ്മള്‍ കൃത്രിമമായി സൃഷ്ടിക്കുന്ന ഭയവും എസ്ര എന്ന സിനിമ നല്‍കുന്ന ഭയവും ചേര്‍ത്ത് വയ്ക്കണം.
വലിയ ഒരു ക്യാന്‍വാസില്‍ കുറച്ചുകൂടി വിശാലമായി വിവരിക്കാവുന്ന ജൂതകഥ പ്രേതകഥയുമായി കൂട്ടിയിണക്കുകയും എല്ലാത്തരം പ്രേക്ഷകരെയും മുന്നില്‍ക്കണ്ട് വളരെ പ്ലാനിംഗോടെ തയ്യാറാക്കിയതുമായ യുക്തിപൂര്‍വ്വമുള്ള ഒരു ബിസിനസ്സ് കൂടിയാണ് എസ്ര. പൈസ മുടക്കുന്ന നിര്‍മ്മാതാവിന്‍റെ പോക്കറ്റ് കൂടി നിറയണം എന്ന ചിന്തയോടെ സിനിമ എടുത്ത ജയ് കെ എന്ന സൂത്രധാരന്‍ തന്നെയാണ് എസ്രയുടെ താരം.
രചനാപരമായി കൂട്ടിവായിച്ചാല്‍ എസ്ര ബാലപ്പെട്ടോ എന്ന് സംശയമാണ്. ജയ്.കെയുടെ തിരക്കഥയെ കാര്യമായി വിമര്‍ശിക്കേണ്ടതില്ല കാരണം ഗംഭീരമായ അവതരണത്തിലൂടെ തിരക്കഥയുടെ ശേഷിക്കുറവ് അദ്ദേഹം മറച്ചു പിടിക്കുന്നുണ്ട്.
തിരക്കഥയെന്ന നിലയില്‍ പൃഥ്വിരാജിന്‍റെ കഥാപാത്രത്തിനാണ് കൂടുതല്‍ പ്രസക്തിയെങ്കില്‍ അവതരണത്തിലെത്തിയപ്പോള്‍ നായികയായ പ്രിയാ ആനന്ദിന്‍റെ കഥാപാത്രത്തിനായിരുന്നു കൂടുതല്‍ ശക്തി. ഒരു ഹൊറര്‍ ചിത്രത്തില്‍ സ്ത്രീ കഥാപാത്രത്തിന് പെര്‍ഫോം ചെയ്യാന്‍ ഒരുപാട് സ്പെയിസുണ്ട്. പ്രിയ ആനന്ദിന്റെ ‘പ്രിയ’ എന്ന കഥാപാത്രത്തെ വളരെ മനോഹരമായി സിനിമയില്‍ പ്രയോജനപ്പെടുത്തിയിട്ടുണ്ട്. ഭീതിയുണര്‍ത്തുന്ന ചിത്രമെന്നതിനപ്പുറം ത്രില്ലടിപ്പിക്കുന്ന സസ്പെന്‍സും എസ്രയിലുണ്ട്. അവതരണ മിടുക്ക് കൊണ്ട് ആലോങ്കലമാകാതിരുന്ന എസ്ര എന്ന പതിവ് പ്രേത ചേരുവ മലയാള സിനിമയിലെ മികച്ച ഹൊറര്‍ ചിത്രമെന്ന നിലയില്‍ അടയാളപ്പെടുമെന്നതില്‍ തര്‍ക്കമില്ല.
1941ലെ തിരുക്കൊച്ചിയിലേക്ക് സിനിമ തിരിച്ചു പോയത് ഹൊറര്‍ മൂഡില്‍ നിന്ന് മറ്റൊരു മൂഡ് സൃഷ്ടിക്കാന്‍ കാരണമായി.പ്രേക്ഷകര്‍ക്ക് പേടിയില്‍ നിന്നൊരു ഇടവേള നല്‍കിക്കൊണ്ട് ജൂതചെക്കനെ പ്രണയിച്ച നസ്രാണി പെണ്ണിന്‍റെ കഥ ചിത്രത്തില്‍ ഹൃദയസ്പര്‍ശിയായി വിവരിച്ചു. മാസിനൊപ്പം, ക്ലാസായ സിനിമാ കാഴ്ചകൂടിയായിരുന്നു പല സന്ദര്‍ഭങ്ങളിലും എസ്ര.
നായികയുടെ ശരീരഭാഗങ്ങള്‍ക്ക് നേരെ അനാവശ്യമായി ക്യാമറ ഫോക്കസ് ചെയ്തത് യുവാക്കളെ ലക്ഷ്യം വെച്ചിട്ടാണോ എന്നറിയില്ല. മനപൂര്‍വ്വം അങ്ങനെ ഫോക്കസ് ചെയ്തെടുത്തത് പല സന്ദര്‍ഭങ്ങളിലും നിലവാരമില്ലായ്മയായി അനുഭവപ്പെട്ടു..ഇത്തരം സീനുകള്‍ കാണിക്കുമ്പോള്‍ പൊന്തിവരുന്ന അസഹനീയമായ ചില കമന്റുകള്‍ സിനിമയുടെ മൊത്തത്തിലുള്ള ആസ്വാദനത്തെ വല്ലാതെ മുറിപ്പെടുത്തുകയും ചെയ്തു.
അഭിനയ പ്രകടനം
രഞ്ജന്‍ എന്ന കഥാപാത്രത്തെ പൃഥ്വിരാജ് മികച്ചതാക്കിയിട്ടുണ്ട്. പൃഥ്വിരാജിന്‍റെ സ്വഭാവികതയോടെയുള്ള അഭിനയത്തിന് മൂര്‍ച്ചയേറുന്നുണ്ട്. യുവനടനെന്ന വിളിപ്പേരില്‍ നിന്ന് മുക്തനായ പൃഥ്വിരാജ് അഭിനയ വിദ്യാര്‍ഥിയെപ്പോലെ പുതുതായി എന്തൊക്കെയോ ഇപ്പോഴും പഠിച്ചു കൊണ്ടിരിക്കുന്നു.
പ്രിയ ആനന്ദിന്‍റെ പ്രകടനവും കയ്യടി അര്‍ഹിക്കുന്നതാണ്. പ്രേതമായപ്പോഴും, പ്രണയിനിയായപ്പോഴും പ്രിയ തീരെ പതറിയിട്ടില്ല. മഹേഷിന്‍റെ പ്രതികാരത്തിലൂടെ ശ്രദ്ധേയനായ സുജിത് ശങ്കറും യുവ തലമുറയുടെ സൂപ്പര്‍ ഹീറോ ടോവിനോയുമൊക്കെ അഭിനയത്തിന്‍റെ കാര്യത്തില്‍ ഇനിനിയുമേറെ മെച്ചപ്പെടാനുണ്ട്.
രാഹുല്‍ രാജ് ഈണമിട്ട ചിത്രത്തിലെ ആദ്യ ഗാനം മനോഹരമായിരുന്നു. സമീപകാലത്തായി കേട്ട ഏറ്റവും മികച്ച മെലഡികളില്‍ ഈ മനോഹര ഗാനവും ഉള്‍പ്പെടും. ഒരു ഹൊറര്‍ ചിത്രത്തെ പൂര്‍ണ്ണതയില്‍ എത്തിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നത് അതിന്‍റെ ബാക്ക് ഗ്രൗണ്ട് സ്കോറാണ്.സുശിന്‍ ശ്യാമിന്‍റെ പശ്ചാത്തല ഈണം കുറ്റമ്മറ്റതായിരുന്നു. ഫ്ലാഷ് ബാക്ക് സീനുകളിലടക്കം വളരെ മികാവര്‍ന്ന രീതിയില്‍ സുശിന്‍ BGM കൈകാര്യം ചെയ്തിട്ടുണ്ട്. സുജിത് വാസുദേവിന്‍റെ ഛായാഗ്രഹണം പറഞ്ഞറിയിക്കാനാകാത്ത അനുഭൂതി നല്‍കി.
ദേശീയ പുരസ്കാരത്തിന് വരെ സാധ്യതയുള്ള സുജിത് വാസുദേവിന്‍റെ ഗംഭീര ക്യാമറ പിടുത്തത്തിന് നൂറില്‍ നൂറ് മാര്‍ക്ക് നല്‍കുന്നു. വിവേക് ഹര്‍ഷന്‍റെ എഡിറ്റിംഗ് നിര്‍വഹണവും കൃത്യമായിരുന്നു.
അവസാന വാചകം
എസ്ര കാണാനുള്ള പ്രേക്ഷകരുടെ തള്ളിക്കയറ്റത്തിന് കാരണം ഭയത്തോടുള്ള ഭ്രമമാണ്.
ഭയങ്കരമല്ലെങ്കിലും ഭീതിപ്പെടുത്തുന്ന ഈ എസ്ര ധൈര്യമുള്ളവര്‍ക്ക് ധൈര്യമായി കണ്ടിറങ്ങാം.
Post Your Comments