
സിനിമാ ലോകത്ത് പലതരത്തിലുള്ള സൌഹൃദങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. മലയാളത്തിനപ്പുറത്ത് ജയറാമിന്റെ ശക്തമായ സുഹൃദ്‌വലയത്തിലെ പ്രധാനികളിലൊരാളാണ് അജിത്ത്. അജിത്തിന്റെ സൌഹൃദവും തേനീച്ച കുത്താന്‍ ഓടിച്ചതുമായ രസകരമായ ഒരനുഭവം തുറന്നു പറയുകയാണ് മലയാളത്തിന്റെ പ്രിയ നടന്‍ ജയറാം.
ഓരോ നടന്മാര്‍ക്കും വാഹനങ്ങള്‍ ചിലപ്പോള്‍ മറ്റു പല സാധനങ്ങളോട് വല്ലാത്ത ഇഷ്ടം ഉണ്ടായിരിക്കും. തമിഴ് സൂപ്പര്‍ സ്റ്റാര്‍ അജിത്തിന് ഹെലികോപ്ടറുകളോടാണ് താത്പര്യം. അജിത്തിന്റെ കയ്യില്‍ ഒരുപാട് ഹെലികോപ്ടറുകളുണ്ട്. ലോകത്തിന്റെ പല ഭാഗത്തുനിന്ന് കളക്ട് ചെയ്ത ഒരടിവലുപ്പമുള്ളത് മുതല്‍ പത്ത് പന്ത്രണ്ടടി നീളമുള്ള ശരിക്കും ഏവിയേഷന്‍ ഓയിലില്‍ വര്‍ക്ക് ചെയ്യുന്ന ഹെലികോപ്റ്റര്‍ വരെയുണ്ട്. ഷൂട്ടിംഗിന് പോകുമ്പോഴും ഈ ഹെലികോപ്റ്ററില്‍ ചിലത് കൂടെ കൊണ്ടുവരുകയും പറപ്പിക്കുകയും അജിത്തിന്റെ ഇഷ്ട വിനോദമാണ്. ഒരു കാരവാനില്‍ ഹെലികോപ്റ്റര്‍ അഴിച്ച് പീസ് പീസാക്കിയാണ് കൊണ്ടുവരുന്നത്. എന്നിട്ട് ഇത് രണ്ടാമത് ഫുള്‍ അസെംബിള്‍ ചെയ്യും. ഷൂട്ട് കഴിഞ്ഞു ചെന്നൈയിലേക്ക് തിരിച്ചുപോകുമ്പോഴും ഇത് മുഴുവന്‍ അഴിച്ചെടുത്തു പാക്ക് ചെയ്യും. അങ്ങനെ പരമശിവന്‍ എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് സമയത്ത് സംഭവിച്ച രസകരമായ ഒരനുഭവം ജയറാം പങ്കുവയ്ക്കുന്നു.
പി. വാസുവിന്റെ പടമാണ് പരമശിവന്‍. മര്‍ഡര്‍ ഇന്‍വെസ്റ്റിഗേഷന് വരുന്ന ടിപ്പിക്കല്‍ മലയാളിയായ ഒരു പോലീസ് ഓഫീസറായി ജയറാം പ്രകാശ് രാജിനൊപ്പം അഭിനയിക്കുന്നു. ഈ ചിത്രത്തിന്‍റെ ചില ഭാഗങ്ങള്‍ കൊടൈക്കനാലിലാണ് ഷൂട്ട് ചെയ്തത്. ഷൂട്ടിന്‍റെ ഇടവേളയില്‍ കൊടൈക്കനാലില്‍ അജിത്ത് ഹെലികോപ്റ്റര്‍ പറത്താന്‍ പോയപ്പോള്‍ ജയറാമിനൊപ്പം പ്രകാശ്‌രാജിനെയും കൂടെ വിളിച്ചു.
മരങ്ങള്‍ കുറവുള്ള ലേക്കിന്റെ സൈഡില്‍ പോയാണ് പറപ്പിക്കുന്നത്. ഹെലികോപ്റ്റര്‍ മുകളിലേക്ക് പറന്നു. പെട്ടന്ന് എന്തോ പ്രത്യേകശബ്ദം കേട്ട് തലതിരിച്ച് നോക്കുമ്പോള്‍ വലിയൊരു തേനീച്ച കൂടിളകിയിട്ട് തേനീച്ചകള്‍ മുകളീന്നു പരന്നൊഴുകി താഴേക്ക് വരികയാണ്. പെട്ടെന്ന് ആകാശത്ത് മഴക്കാറ് മൂടിയതുപോലെയായി. ഓടിക്കോന്ന് പറയും മുമ്പെ അജിത്ത് ഓടിക്കഴിഞ്ഞു. പ്രകാശ്‌രാജ് സാറിനെ കാണാനില്ല. അന്വേഷിക്കാന്‍ നിന്നാല്‍ കുഴപ്പമാകുമെന്ന് മനസിലാക്കി ഓടിച്ചെന്നു പ്രൊഡക്ഷന്റെ കാറില്‍ക്കയറി ഡോറടച്ചു. അതുപോലൊരു ജീവന്‍ മരണ ഓട്ടം തന്റെ ജീവിതത്തിലുണ്ടായിട്ടില്ലയെന്നു ജയറാം പറയുന്നു. ഒരൊറ്റ സെക്കന്റ് കൊണ്ട് ഡോറ് തുറക്കലും അടക്കലും കഴിഞ്ഞുവെന്നും പുറത്തേക്ക് ഒന്നും കാണാന്‍ പറ്റാത്ത വിധത്തില്‍ പെട്ടന്ന് തന്നെ തേനീച്ച കൂട്ടം കാറ് പൊതിഞ്ഞു.
ആരോ ഫയര്‍ഫോഴ്‌സില്‍ വിവരമറിയിച്ചു. അവര് വന്ന് തേനീച്ചയെ ഓടിക്കാന്‍ കുറെ കഷ്ടപ്പെട്ടു. ഇതിനിടയില്‍ തന്നെ അന്വേഷിച്ചു വന്ന പാവം ഒരു ക്യാമറ അസിസ്റ്റന്റിനെ തേനീച്ചകള്‍ കുത്തിനശിപ്പിച്ചുവെന്നും അവനോടി വെള്ളത്തില്‍ ചാടിയെങ്കിലും പിന്നീട് ക്യാമറ അസിസ്റ്റന്റിനെ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്യേണ്ടി വന്നുവെന്നും ജയറാം പറയുന്നു. വലിയ തേനീച്ചകളായിരുന്നു.
പ്രകാശ്‌രാജ് സാര്‍ ആദ്യമേ ഓടി എങ്ങോട്ടോ മുങ്ങി. അജിത്ത് കാരവനില്‍ക്കയറി രക്ഷപ്പെട്ടു. ഹ്‌ഹോ.. ഭീകരാന്തരീക്ഷമായിരുന്നു’. ജയറാം പറഞ്ഞു .
(കടപ്പാട് നാന )
Post Your Comments