തമിഴ് യുവതാരം ധനുഷിന്റെ മാതാപിതാക്കളാണെന്ന് അവകാശപ്പെട്ട വൃദ്ധദമ്പതികള്‍ വീണ്ടും രംഗത്ത്. തങ്ങളുടെ വാദം ശരിവയ്ക്കുന്ന തെളിവുകൾ പക്കലുണ്ടെന്നാണ് ദമ്പതികൾ പറയുന്നത്. പരിശോധനയ്ക്കായി തെളിവുകൾ ഹാജരാക്കാമെന്ന് പിതാവ് എന്ന് അവകാശപ്പെടുന്ന ആർ കതിരേശൻ മേലൂർ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയെ അറിയിച്ചു. ധനുഷ് കോടതിയില്‍ ഹാജരാക്കിയ ജനനസര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്നും ഇവര്‍ ആരോപിച്ചു.
ധനുഷ് തങ്ങളുടെ മകനാണെന്നും അവനെ തിരികെ വേണമെന്നുന്നും മധുര ജില്ലയിലെ മേലൂരിനടുത്തു മാലംപട്ടയിലുള്ള കതിരേശന്‍, മീനാക്ഷി ദമ്പതികള്‍ ആവശ്യപ്പെടുന്നു. ഇവര്‍ 1985 നവംബര്‍ ഏഴിന് ജനിച്ച ധനുഷിന്റെ യഥാര്‍ത്ഥ പേര് കാളികേശവന്‍ എന്നാണെന്നും തങ്ങളുടെ മൂന്നാമത്തെ മകനായ ധനുഷ് സ്‌കൂളില്‍ പഠിക്കുമ്പോള്‍ നാടുവിട്ടുപോയതാണെന്നും അവകാശപ്പെട്ട് കോടതിയിയെ സമീപിച്ചിരുന്നു.
പ്രായം ചെന്ന തങ്ങളുടെ ജീവിതച്ചെലവിനു മാസം 65,000 രൂപ വീതം ധനുഷ് നല്‍കണമെന്നാവശ്യപ്പെട്ട് ഇവര്‍ നേരത്തെ കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ധനുഷിന്റെതാണെന്ന് അവകാശപ്പെടുന്ന പഴയ ഫോട്ടോയും ഇവര്‍ തെളിവിനായി കോടതിയില്‍ ഹാജരാക്കി. കേസ് പരിഗണിച്ച മേലൂര്‍ ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി ധനുഷിനോടു നേരിട്ടു ഹാജരാകാന്‍ നിര്‍ദേശിച്ചു.
നിര്‍മ്മാതാവും സംവിധായകനുമായ കസ്തൂരി രാജയുടെയും വിജയലക്ഷ്മിയുടെയും മകനാണ് ധനുഷ്. രജനീകാന്തിന്റെ മകളും സംവിധായികയുമായ ഐശ്വര്യയാണ് ധനുഷിന്റെ ഭാര്യ. ധനുഷും അദ്ദേഹത്തിന്റെ കുടുംബവും തങ്ങളെ കാണാന്‍ വിസമ്മതിക്കുന്നുവെന്നും ദമ്പതികള്‍ പരാതിയില്‍ പറയുന്നു.
Post Your Comments