മലയാളത്തിന്റെ ഹാസ്യ ചക്രവര്‍ത്തി ജഗതി ശ്രീകുമാറിന്റെ ജീവിതത്തിലെ ചില വിവാദങ്ങള്‍ ഇന്നും ആരും മറന്നിട്ടുണ്ടാവില്ല. അതിലൊന്നായിരുന്നു മകള്‍ ശ്രീ ലക്ഷ്മി അദ്ദേഹത്തെ കാണാന്‍ ശ്രമിച്ചത്. അപകടത്തിന് ശേഷം കോടതിവിധി ഉണ്ടായിട്ടും ചില ബന്ധുക്കള്‍ ശ്രീലക്ഷ്മിയെ അച്ഛനെ കാണാന്‍ അനുവദിച്ചിരുന്നില്ല . ഇതുകാരണം 2015ല്‍ പൂഞ്ഞാറില്‍ ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കാനെത്തിയ ജഗതി ശ്രീകുമാറിനെ സ്‌റ്റേജില്‍ കാണാന്‍ എത്തിയ ശ്രീലക്ഷ്മി സ്‌റ്റേജിലേക്ക് ബലം പ്രയോഗിച്ചു കയറിയത് വലിയ വിവാദം സൃഷ്ടിച്ചിരുന്നു.
ഇപ്പോള്‍ കുറെക്കാലമായി വിവാദങ്ങളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കുകയാണ് ശ്രീലക്ഷ്മി. അഭിനയവും മോഡലിംഗും ശ്രീ ലക്ഷ്മി ഉപേക്ഷിച്ചോയെന്നു സംശയം തോന്നിത്തുടങ്ങിയ സമയത്തു ഒരു പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ഇപ്പോഴത്തെ ജീവിതത്തെക്കുറിച്ച് അവര്‍ പറയുന്നു.
വിവാദങ്ങളില്‍ നിന്നെല്ലാം ഒഴിഞ്ഞു ശ്രീലക്ഷ്മി ഇപ്പോള്‍ മസ്‌ക്കറ്റില്‍ അല്‍ ജസീറ മെഡിക്കല്‍ ഗ്രൂപ്പിന്റെ മാര്‍ക്കറ്റിങ് വിഭാഗത്തില്‍ ജോലി നോക്കുകയാണ് . ജഗതിയുടെ മകള്‍ എന്ന നിലയില്‍ മസ്‌ക്കറ്റിലെ മലയാളികള്‍ തനിക്കു നല്ല സ്‌നേഹമാണ് നല്‍കുന്നതെന്നും ഗള്‍ഫ് തനിക്ക് വല്ലാത്ത സുരക്ഷിതത്വ ബോധം നല്‍കുന്നുവെന്നും ശ്രീലക്ഷ്മി പറയുന്നു.
”വായില്‍ വെള്ളിക്കരണ്ടിയുമായി ജനിച്ച തനിക്ക് അച്ഛനുണ്ടായ അപകടത്തോടെ ചാനലുകളിലും മറ്റും ജോലി ചെയ്ത് പഠിക്കാന്‍ പണമുണ്ടാക്കേണ്ടി വന്നു. അപകടം തന്നെ ഏറെ കരുത്തുള്ളവളാക്കി മാറ്റി. ഏത് സാഹചര്യത്തെ നേരിടാനുള്ള മനക്കരുത്തും ആര്‍ജ്ജവവും ലഭിച്ചു. ആര്‍ഭാട ജീവിതത്തിന് പകരം യഥാര്‍ത്ഥ ജീവിതം എന്തെന്ന് മനസിലാക്കി അതനുസരിച്ച് ജീവിക്കാന്‍ പഠിച്ചു. അച്ഛന്റെ തിരിച്ചു വരവിനായി ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നുണ്ട്.”
സ്വന്തം കരിയര്‍ കെട്ടിപ്പടുക്കാനാണ് ഇപ്പോള്‍ ശ്രദ്ധിക്കുന്നതെന്നും അഭിനയവും ആങ്കറിംഗും ഉപേക്ഷിച്ചിട്ടില്ലെന്നും തീര്‍ച്ചയായും തിരിച്ചു വരുമെന്നും ശ്രീലക്ഷ്മി പറയുന്നു .
Post Your Comments