സഞ്ജയ് ലീല ബന്‍സാലിയുടെ മികച്ച സിനിമകളിലൊന്നായ ബ്ലാക്കില്‍ ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെയാണ് ബോളിവുഡിലെ ബിഗ്ബി അഭിനയിച്ചത്. അതെന്തുകൊണ്ടാണെന്ന് അമിതാഭ് ബച്ചന് വെളിപ്പെടുത്തുന്നു. സിനിമ റിലീസ് ചെയ്ത് 12 വര്‍ഷം തികഞ്ഞ ശനിയാഴ്ച തന്റെ ബ്ലോഗിലൂടെയാണ് ഇതേക്കുറിച്ച് അദ്ദേഹം പറയുന്നത്.
ബന്‍സാലിയുടെ സിനിമയില്‍ അഭിനയിക്കുകയെന്നത് തന്റെ വലിയ ആഗ്രഹമായിരുന്നെന്നും ഒരു അവസരം വന്നപ്പോള്‍ താന്‍ ഒരു രൂപ പോലും പ്രതിഫലം വാങ്ങിയതുമില്ലെന്നും ബച്ചന് പറയുന്നു. മനോഹരമായ ഒരു സിനിമയുടെ ഭാഗമാവുകയാണ് താനെന്ന് മനസിലായതോടെ പ്രതിഫലമല്ല വലുതെന്നും ഇതില്‍ ഭാഗമാകാന്‍ കഴിഞ്ഞതാണ് തനിക്ക് ലഭിക്കുന്ന വലിയ പ്രതിഫലം എന്നും താന്‍ മനസിലാക്കിയെന്നു ബിഗ് ബി പറയുന്നു.
സിനിമയുടെ പ്രീമിയര്‍ ഷോയ്ക്ക് മുന്‍കാല നടന് ദിലീപ് കുമാര്‍ എത്തിയതിനെക്കുറിച്ചും അദ്ദേഹം ഓര്‍ത്തെടുക്കുന്നു. പ്രീമിയര്‍ വ്യൂ കഴിഞ്ഞപ്പോള്‍ തനിക്ക് കണ്ണീരടക്കാനായില്ല. സിനിമ കണ്ടശേഷം ദിലീപ് കുമാര്‍ കൈപിടിച്ച് അഭിനന്ദിച്ചത് ഒരിക്കലും മറക്കില്ലെന്നും ബച്ചന് പറഞ്ഞു. പുറത്ത് തന്നെ കാത്തുനിന്നായിരുന്നു അദ്ദേഹം അഭിനന്ദനം അറിയിച്ചത് .
തന്റെ സിനിമാ ജീവിതത്തിലെ മഹത്തായ ഒരു ഭാഗമാണ് ബ്ലാക്ക് എന്നും 12 വര്‍ഷങ്ങളായെങ്കിലും സിനിമയുടെ ഷൂട്ടിങ് വേളയിലെ നിമിഷങ്ങള്‍ തനിക്ക് ഇപ്പോഴും ഓര്‍മയിലുണ്ടെന്നും ബച്ചന് പറഞ്ഞു. ഹെലന് കെല്ലറുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള സിനിമയില്‍ റാണി മുഖര്‍ജിയാണ് നായിക. കാഴ്ച ശക്തിയും കേള്‍വിയുമില്ലാത്ത നായികയുടെ അധ്യാപകനായാണ് ബച്ചന് സിനിമയില്‍ വേഷമിട്ടത്.
Post Your Comments