സിനിമയില്‍ കഥാപാത്രങ്ങളെ മനോഹരമാക്കുന്ന നടന്മാരെ ആരാധിക്കുന്നവരാണ് നമ്മളില്‍ ഭൂരിപക്ഷവും. എന്നാല്‍ ഇരുപതു വസ്സുള്ള നടന് അന്പതുകാരനായും രോഗിയായുമെല്ലാം മാറുന്നതില്‍ നടന്റെ അഭിനയ മികവിനുമപ്പുറം ചമയത്തിന് പ്രാധാന്യമുണ്ട്.
‘ചമയം’ എന്നതിനൊപ്പം ടൈറ്റില്‍ കാര്‍ഡില്‍ മലയാളികള്‍ ഏറ്റവും കൂടുതല്‍ കണ്ട പേരാണ് പട്ടണം റഷീദ്. അഞ്ച് തവണ മികച്ച മേക്കപ്പ്മാനുള്ള പുരസ്കാരം അദ്ദേഹത്തെ തേടിയെത്തി. ലോഹിതദാസ് മമ്മൂട്ടി കൂട്ടുകെട്ടില്‍ പിറന്ന ചിത്രമാണ് അരയന്നങ്ങളുടെ വീട്. ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്ന വേളയില്‍ നടന്ന ഒരു സംഭവമാണ് അദ്ദേഹം പങ്കുവയ്ക്കുന്നത്.
“അരയന്നങ്ങളുടെ വീട്’ എന്ന സിനിമയില്‍ മമ്മൂക്ക കുറ്റിത്താടിവച്ച് അഭിനയിക്കുന്ന രംഗങ്ങളുണ്ട്. ഏതാനും ദിവസത്തെ ഷൂട്ടിംഗിനുശേഷം മമ്മൂക്ക മറ്റെവിടേക്കോപോയി. രണ്ടുദിവസം കഴിഞ്ഞ് തിരിച്ചു വരുമ്പോള്‍ ക്ലീന്‍ഷേവ് ചെയ്താണ് വന്നത്. മീശയുമില്ല, താടിയുമില്ല. കണ്ടിന്യുവിറ്റി പ്രോബ്ലം ഉണ്ടാവുമെന്ന് മനസിലായി. ലോഹിതദാസും ക്യാമറാമാനും ഞാനുമൊക്കെ അതുകണ്ട് ഞെട്ടി. പ്രശ്നം പരിഹരിക്കാന്‍ എന്താന്ന് മാര്‍ഗമെന്ന് ഞാന്‍ ആലോചിച്ചു. മമ്മൂക്കയും ചോദിച്ചു, എന്താണ് ചെയ്യുകയെന്ന്. മുടി പൊടിയായി അരിഞ്ഞ് പശ ഉപയോഗിച്ച് മുഖത്ത് ഒട്ടിക്കാമെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹത്തിന് ദേഷ്യമായി. ഞാന്‍ അടുത്തവഴി ആലോചിച്ചു..”
“സ്വതന്ത്ര മേക്കപ്പ്മാനായി ജോലി തുടങ്ങിയ ഒന്നുമുതല്‍ പൂജ്യംവരെ എന്ന ചിത്രത്തിന്റെ സെറ്റില്‍ ചെയ്ത ഒരു പൊടിക്കൈ എനിക്കോര്‍മ്മ വന്നു. ആ പ്രയോഗം മമ്മൂട്ടിയുടെ മുഖത്ത് ഞാന്‍ നടത്തി. വാസ്ലൈന് കയ്യിലെടുത്ത് മമ്മൂക്കയുടെ മുഖത്ത് തേച്ചിട്ട് നനഞ്ഞ തുണിയില്‍ മുടിവച്ച് ചെറുതായി അരിഞ്ഞെടുത്തു. മുടിയുടെ ആ പൊടി കടലാസ് ഘനത്തിലെന്നപോലെ വാസ്ലൈന് പുറമെവച്ച് ഒപ്പിയൊപ്പി ഒട്ടിച്ചു. ആ ടെക്നിക്ക് വിജയിച്ചു. ആദ്യഘട്ടത്തില്‍ ഷൂട്ടുചെയ്തപ്പോഴുണ്ടായിരുന്നതുപോലെതന്നെ വലിയ കുഴപ്പമില്ലാതെ കുറ്റിത്താടി ശരിയായി. കണ്ണാടിയില്‍ നോക്കിയപ്പോള്‍ മമ്മുക്കയ്ക്കും ഇഷ്ടമായി. ഇത് എവിടെനിന്ന് പഠിച്ചതാണെന്ന് അദ്ദേഹം ചോദിച്ചു. പക്ഷേ അത് ഞാന്‍ പറഞ്ഞില്ല. മോഹന്‍ലാലായിരുന്നു അതെന്നെ പഠിപ്പിച്ചത്. അന്ന് ഞാനത് പറഞ്ഞാല്‍ മോഹന്ലാലാണോടാ മേക്കപ്പില്‍ നിന്റെ ഗുരുവെന്നോ, ട്യൂഷന് മാസ്റ്ററെന്നോ ഒക്കെ മമ്മുക്ക ചോദിച്ചേക്കും. അങ്ങനെയൊരു ചോദ്യം ഒഴിവാക്കാം എന്ന് കരുതിയാണ് ഞാനന്ന് ഇക്കാര്യം പറയാതിരുന്നത്..”, പട്ടണം റഷീദ് പറയുന്നു.
പട്ടണം ഡിസൈനറി എന്ന പേരില്‍ മേക്കപ്പ് അക്കാദമി പട്ടണം റഷീദ് നടത്തുന്നു.
(കടപ്പാട് നാന)
Post Your Comments