നിവിൻ പോളിയുടെ കരിയറിലെ പ്രധാന ചിത്രമായ ഒരു ചിത്രമാണ് 1983. മകനെ ക്രിക്കറ്റ് താരമാക്കാൻ യത്നിക്കുന്ന അച്ഛന്റെ കഥ പറഞ്ഞ ഈ സൂപ്പർഹിറ്റ് ചിത്രം കാണാന്‍ ആഗ്രഹിക്കുന്നതായി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍.
കുറച്ച് നാളുകള്‍ക്ക് മുന്‍പ് നിവിനുമായി സംസാരിക്കുന്നതിനിടെയാണ് 1983 യെക്കുറിച്ച് പറയുന്നത്. അന്ന് സിനിമയെക്കുറിച്ച് ഏറെക്കുറെ കാര്യങ്ങള്‍ നിവിന്‍ പറഞ്ഞു. ആ ചിത്രം കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അതും നിവിനൊപ്പം- സച്ചിന്‍ പറഞ്ഞു.
സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ ഉടമസ്ഥതയിലുള്ള കേരളാ ബ്ലാസ്റ്റേഴ്‌സ് ഫുട്‌ബോള്‍ ക്ലബ്ബിന്റെ അംബാസിഡറായിരുന്നു നിവിന്‍ പോളി. കേരളാ ബ്ലാസ്റ്റേഴ്‌സിനൊപ്പം നിവിന്‍ എല്ലാ തരത്തിലുമുള്ള പിന്തുണയുമായി കൂടെയുണ്ടായിരുന്നുവെന്നും സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പറഞ്ഞു.
സച്ചിന്റെ വാക്കുകള്‍ വലിയ സന്തോഷമായെന്നു നിവിന്‍ പോളി പ്രതികരിച്ചു. നിവിന്റെ വാക്കുകള്‍ ഇങ്ങനെ:
‘ സിനിമ ചെയ്തപ്പോള്‍ ഞങ്ങളുടെ എല്ലാം ഏറ്റവും വലിയ ആഗ്രഹം സച്ചിനെ ആ സിനിമ കാണിക്കണമെന്നതായിരുന്നു. പക്ഷേ അന്ന് അത് നടന്നില്ല. പിന്നീട് ബ്ലാസ്റ്റേഴ്‌സിന്റെ അംബാസിഡറായപ്പോള്‍ അദ്ദേഹത്തെ വ്യക്തിപരമായി കണ്ടപ്പോള്‍ ഈ ആഗ്രഹം അറിയിച്ചു. ഞങ്ങള്‍ സച്ചിനെ സിനിമ കാണിക്കാന്‍ ഒരുപാട് ശ്രമം നടത്തിയിരുന്നു പക്ഷേ നടന്നില്ല എന്ന് പറഞ്ഞു. അപ്പോള്‍ ഡിവിഡി കൊണ്ടുവരൂ എന്ന് അദ്ദേഹം പറഞ്ഞു. അടുത്ത ദിവസം ഞാന്‍ ഡിവിഡിയുമായി മാച്ചിനെത്തി. ഡിവിഡി മാനേജരുടെ കയ്യില്‍ കൊടുക്കാമെന്ന് അദ്ദേഹത്തോട് പറഞ്ഞപ്പോള്‍ അത് വേണ്ട കയ്യില്‍ തന്നേക്കൂ എന്നാണ് പറഞ്ഞത്. സബ് ടൈറ്റില്‍ ഇല്ലേ എന്ന് അന്നും അദ്ദേഹം ചോദിച്ചിരുന്നു’.
1983 എനിക്കൊപ്പം കാണുമെന്ന് അദ്ദേഹം തന്നെ പറഞ്ഞുകേട്ടതില്‍ വലിയ സന്തോഷമെന്ന് നിവിന്‍ പറയുന്നു. റേഡിയോ മാംഗോയിലാണ് നിവിന്‍ പോളിയുടെ പ്രതികരണം.
Post Your Comments