![](/movie/wp-content/uploads/2017/02/fr.jpg)
പ്രവീണ്‍.പി നായര്‍
മുഖ്യധാര സിനിമകളിലെ ശ്രദ്ധേയ സംവിധായകന്‍ സിദ്ധിക്ക് ഇത്തവണ ജയസൂര്യക്കൊപ്പമാണ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. ‘ഭാസ്കര്‍ ദി റാസ്കല്‍’ പോലെയുള്ള സിദ്ധിക്ക് ചിത്രങ്ങള്‍ പുതിയ കുപ്പിയിലെ പഴയ വീഞ്ഞെങ്കിലും ബോക്സ് ഓഫീസില്‍ കൈ പൊള്ളാതെ രക്ഷപ്പെട്ടിരുന്നു .
തുടക്കകാലത്ത് ലാലുമായി ചേര്‍ന്ന് നല്ല തമാശ പടങ്ങളൊരുക്കിയ സിദ്ധിക്ക് ഒറ്റയ്ക്ക് മാറി നിന്നപ്പോള്‍ ഹിറ്റ്ലറും,ഫ്രണ്ട്സുമടക്കമുള്ള മികച്ച കൊമേഴ്സിയല്‍ സിനിമകള്‍ പങ്കുവെച്ചിട്ടുള്ള സംവിധായകനാണ്. കെട്ടുറപ്പുള്ള കഥയാണ് സിദ്ധിക്ക് സിനിമകളുടെ ഭംഗി. വാണിജ്യ സിനിമ എടുക്കുന്നതിനപ്പുറം കാമ്പുള്ളൊരു കഥ കണ്ടെത്താന്‍ അദ്ദേഹം ശ്രമിക്കാറുണ്ട്. ഫ്രണ്ട്സും, ബോഡി ഗാര്‍ഡുമൊക്കെ അടിത്തറയുള്ളൊരു കഥയില്‍നിന്ന് കെട്ടിപൊക്കിയത് കൊണ്ടാണ് അവയൊക്കെ ആവര്‍ത്തിച്ചു കാണാന്‍ തോന്നുന്നത്. സിദ്ധിക്കിന്റെ സംവിധാനത്തില്‍ അവസാനം പുറത്തിറങ്ങിയ ഭാസ്കര്‍ ദി റാസ്കലും തിരക്കഥ എഴുതിയ കിംഗ്‌ലയറും ബോക്സ് ഓഫീസില്‍ വിജയചിത്രങ്ങളായിരുന്നെങ്കിലും പതിവ് സിദ്ധിക്ക് ചിത്രങ്ങളെപ്പോലെ രണ്ടിലും ആഴമേറിയ ഒരു കഥാസൃഷ്ടി പ്രകടമായി കണ്ടില്ല.
നല്ലൊരു കഥയില്‍നിന്ന് ഉള്‍ക്കൊണ്ടാതാകണം ഫുക്രി എന്ന സിനിമ ചേരുവ. അത്തരമൊരു പ്രതീക്ഷയോടെയാണ് സിനിമ കാണാനിരുന്നത്. പഴകി ദ്രവിച്ച സ്ഥിരം മെലോ ഡ്രാമയാണ് അനുഭവസമ്പത്തുള്ള സംവിധായകരത്രയും സിനിമയിലൂടെ പറയുന്നത്. പലയാവര്‍ത്തി പറഞ്ഞു നീങ്ങിയ കഥയാണെങ്കില്‍ പോലും കാലഘട്ടത്തിനനുസരിച്ചുള്ള മേക്കിംഗ് ശൈലിയും രംഗത്ത് വരുന്ന കഥാപാത്രങ്ങളും കളര്‍ഫുളായാല്‍ പ്രേക്ഷകര്‍ ഹാപ്പിയാണ്.
ക്രിസ്മസിന് എത്തേണ്ടിയിരുന്ന ചിത്രമാണ് ഫുക്രി. അവധി സമയത്ത് പ്രേഷകര്‍ക്കൊപ്പം കൂടാനിരുന്ന ചിത്രം വേനല്‍ പരീക്ഷ അടുക്കുന്നതോടെ എത്തിയത് നിര്‍ഭാഗ്യകരമാണ്.
നാട്ടില്‍ വരുത്തിവയ്ക്കുന്ന പ്രശ്നങ്ങളാല്‍ നായകന്‍
രക്ഷതേടി മറുനാട് തേടുന്നതും അവിടെ മറ്റൊരു ഊരക്കുടുക്കില്‍ ചാടുന്നതുമായ പലകുറി കണ്ടുമടുത്ത ആവര്‍ത്തന കഥയാണ് ഫുക്രിയുടെ പ്രമേയം. മുന്‍കാല സിദ്ധിക്ക് ചിത്രങ്ങളെപ്പോലെ നര്‍മ വഴിയിലൂടെയാണ് ഫുക്രി സഞ്ചരിക്കുന്നത്. ടിവിചാനലിലെ സ്കിറ്റ് ഷോകളില്‍ സിദ്ധിക്ക് വിധികര്‍ത്താവായി ഇരുന്നതുകൊണ്ടാകാം കേട്ട്മടുത്ത സ്കിറ്റ് ഫലിതങ്ങള്‍ പലയിടത്തും തിരുകി കയറ്റിയത്. എന്നിരുന്നാലും നല്ല നര്‍മം എഴുതാനുള്ള കഴിവ് ഇപ്പോഴും സിദ്ധിക്ക് എന്ന രചയിതാവിലുണ്ട്. കയ്യടി നല്‍കാവുന്ന നുറുങ്ങു തമാശകള്‍ പല അവസരത്തിലും പ്രേക്ഷരെ ചിരിപ്പിക്കുന്നുണ്ട്. ലക്കി എന്ന ജയസൂര്യ അവതരിപ്പിച്ച കഥാപാത്രത്തെ മുന്‍നിര്‍ത്തിയാണ് പ്രമാണിമാരും വലിയ തറവാട്ടുകാരുമായ ഫുക്രി കുടുംബത്തിന്‍റെ കഥ സിദ്ധിക്ക് പ്രേക്ഷകരോട് പങ്കുവെയ്ക്കുന്നത്.
ആകര്‍ഷിക്കുന്ന കഥയല്ലെങ്കിലും വിരസതയുണ്ടാക്കുന്ന അലങ്കോല സൃഷ്ടിയല്ല ഒന്നാം പകുതിയില്‍ ഫുക്രി. ലക്കി എന്ന കഥാപാത്രത്തിന് ഏറ്റവും യോജിച്ച നടനെ സംവിധായകന്‍ സിനിമയിലേക്ക് ക്ഷണിച്ചതിനാല്‍ ജയസൂര്യയുടെ കേന്ദ്രകഥാപാത്രം കലക്കനായിയിട്ടുണ്ട്. കണ്ടുമടുത്ത കഥാപരിസരത്തെ മറക്കാന്‍ പ്രേരിപ്പിക്കുന്നത് നായകന്‍റെയും കൂട്ടാളികളുടെയും കഴിവാര്‍ന്ന അഭിനയ പ്രകടനമാണ്. ‘ലക്കി’ ലുക്ക്മാന്‍ ഫുക്രിയായി ഫുക്രി കുടുംബത്തില്‍ എത്തുന്നതോടെ രസകാഴ്ചകളുടെ ഗ്രാഫ് താഴേക്ക് വരുന്നത് ആസ്വാദനത്തില്‍ വിള്ളല്‍ വീഴ്ത്തുന്നുണ്ട്. അലിമാന്‍ ഫുക്രിയുടെ മകനെന്ന പേരില്‍ ഫുക്രി കുടുംബത്തിലെത്തുന്ന ലക്കിയുടെ കള്ളത്തരത്തിന്റെ കഥ നര്‍മ്മം ചേര്‍ത്ത് വിളമ്പുകയാണ് സിദ്ധിക്ക്.
ഒന്നാം പകുതി പങ്കുവെക്കുന്ന ആസ്വാദന ഭംഗി രണ്ടാം പകുതിക്ക് തിരികെ നല്‍കാന്‍ കഴിയുന്നില്ല. ഒരു സിനിമയുടെ വിധി നിശ്ചയിക്കുന്നത് അവസാന അരമണിക്കൂറാണ്.ആ അവസാന അരമണിക്കൂറിലാണ് ഫുക്രി പ്രേക്ഷകന് മുന്നില്‍ അടര്‍ന്നു വീണത്.
ഫുക്രി കുടുംബത്തിലെ മൂത്ത നാഥനായ സിദ്ധിക്കിന്റെ കഥാപാത്രം കെട്ടിലും മട്ടിലും വേറിട്ട് നിന്നു. അലിമാന്‍ ഫുക്രിയെ അവതരിപ്പിച്ച ലാലിന്‍റെ കഥാപാത്രം ദുര്‍ബല കഥാപാത്ര സൃഷ്ടിയായിരുന്നു. അലിമാന്‍ ഫുക്രിയെ കൂടുതല്‍ ഊര്‍ജ്ജസ്വലനാക്കി പരുവപ്പെത്തിയിരുന്നേല്‍ തീര്‍ച്ചയായും തിയേറ്ററില്‍ കരഘോഷമുയര്‍ന്നേനെ.
ലാല്‍- ജയസൂര്യ കോമ്പിനേഷന്‍ പ്രേക്ഷക മനസ്സിനെ തൊടുംവിധം അവതരിപ്പിച്ചിരുന്നേല്‍ ആവര്‍ത്തിച്ചു കാണാന്‍ തോന്നുന്ന മികച്ച വിനോദസിനിമയായി ഫുക്രി മാറുമായിരുന്നു.
വഞ്ചനയ്ക്കും സ്വാര്‍ത്ഥതയ്ക്കുമിടെയില്‍ ശ്വാസം മുട്ടുന്ന മനുഷ്യ നന്മകളെയും സ്നേഹ ബന്ധങ്ങളെയും തുറന്നുകാട്ടാന്‍ പുണ്യ ഗ്രന്ഥമായ ഖുറാനിലെ വചനങ്ങള്‍ പരാമര്‍ശിച്ച സിദ്ധിക്കിന് ഒരായിരം കയ്യടി നല്‍കുന്നു.
ടെലിവിഷന്‍ സ്ക്രീനില്‍ ചിരിയുടെ തേരോട്ടം നടത്തുന്ന നസീര്‍ സക്രാന്തിയും,നിയാസുമടക്കമുള്ള ഒരുകൂട്ടം കഴിവുള്ള കലാകാരന്‍മാര്‍ക്ക് ബിഗ്‌സ്ക്രീനില്‍ അവസരം നല്‍കിയതും പ്രശംസനീയമാണ്.സൂക്ഷ്മമായ നിരീക്ഷണങ്ങളൊക്കെ നടത്തി അഭിനയ ഭാവങ്ങള്‍ ഇഷ്ടപ്പെടുത്തിയെന്നും, ഇടറിപ്പോയെന്നുമൊക്കെ വിലയിരുത്താനായി കാര്യമായ റോളൊന്നും നായികമാരായ പ്രയാഗ മാര്‍ട്ടിനും അനുസിത്താരയ്ക്കും ഉണ്ടായിരുന്നില്ല.
സ്ക്രീനില്‍ എത്തിയ മറ്റുകഥാപാത്രങ്ങള്‍ പ്രേക്ഷക മനസ്സിനെ പരിക്കേല്‍പ്പിക്കാതെ കടന്നുപോയതും ആശ്വാസകരമാണ്. ഗൗരവമേറിയ രംഗങ്ങള്‍ നാടകീയതകാട്ടി അസ്വസ്ഥപ്പെടുത്താതെ അവതരിപ്പിച്ചിട്ടുണ്ട് സിദ്ധിക്കിലെ സംവിധായകന്‍.
കേട്ടിരിക്കാന്‍ സുഖമുള്ള നല്ലൊരു മെലഡി ഗാനം സിനിമയിലുണ്ട്. ഡോക്ടര്‍ സുദീപ് ഇലയിടവും, വിശ്വജിത്തും ചേര്‍ന്നാണ് സംഗീതമൊരുക്കിയിരിക്കുന്നത്. ഗോപി സുന്ദര്‍ ഫുക്രിയുടെ പശ്ചാത്തല ഈണം മനോഹരമാക്കിയിട്ടുണ്ട്. കെ.ആര്‍ ഗൗരി ശങ്കറിന്റെ കത്രികവയ്പ്പ് നിരാശപ്പെടുത്തി.
പല വിഷ്വല്‍സിലും വിജയ് ഉലഗനാഥന്‍റെ ക്യാമറയ്ക്ക് നിര്‍വചിക്കാന്‍ കഴിയാത്ത ഭംഗി ഉണ്ടായിരുന്നു.
അവസാന വാചകം
ഭേദപ്പെട്ടൊരു ആസ്വാദന സിനിമയാണ് ഫുക്രി. കള്ളത്തരഭാവങ്ങള്‍ കഴിവിന്‍റെ അങ്ങേയറ്റം മനോഹരമാക്കാറുള്ള ജയസൂര്യയുടെ അഭിനയ വിളയാട്ടമാണ് ആകെത്തുകയില്‍ ഫുക്രിയുടെ ഭംഗി.
Post Your Comments