കലാഭവന്‍ മണിയുടെ നാടന്‍ പാട്ടുകള്‍ ഓരോ മലയാളിക്കും എന്നും ഹരമാണ്. ആ പാട്ടുകള്‍ക്കു താളം പിടിക്കാത്ത മലയാളികള്‍ ആരും തന്നെ ഉണ്ടാകില്ല. സ്വതസിദ്ധമായ ആലാപനശൈലയില്‍ ഓരോ വേദിയും മണി കീഴടക്കുമ്പോള്‍ പ്രേക്ഷകരും ശ്രോതാക്കളും ആര്‍ത്തിരമ്പി. എന്നാല്‍ ആ ഗാനത്തിന്റെയെല്ലാം പിറവിക്കുപിന്നില്‍ മറ്റൊരാളായിരുന്നു എന്ന സത്യം വെളിപ്പെടുകയാണ്. മണി പാടിയ പാട്ടുകളെല്ലാം എഴുതിയത് മണി തന്നെ ആയിരുന്നുവെന്നാണ് പൊതുവിലുള്ള ധാരണ. ആ ധാരണ തെറ്റിച്ചുകൊണ്ടാണ് പാലക്കാടുകാരനായ ഒരു യുവാവ്, കേവലം രണ്ടാം ക്ലാസ്സ് മാത്രം വിദ്യാഭ്യാസമുള്ള ഒരാളുടെ വരവ്. കൂട്ടുകാര്‍ സ്‌നേഹപൂര്‍വം താമര എന്നുവിളിക്കുന്ന താമരാക്ഷന്‍ പാലക്കാട്. കഴിഞ്ഞ പതിമൂന്നുവര്‍ഷമായി കലാഭവന്‍ മണി നാടന്‍ പാട്ടുകളുമായി അരങ്ങ് കീഴടക്കുമ്പോള്‍, ആരും തന്നെ താമരാക്ഷനെ തിരിച്ചറിഞ്ഞില്ല. മണി പോയി മറഞ്ഞു. മണിയുടെ ഓര്‍മകള്‍ തളം കെട്ടുന്ന അന്തരീക്ഷത്തില്‍തന്നെ ഫ്‌ളവേഴ്‌സ് ചാനലിന്റെ സ്റ്റുഡിയോ ഫ്‌ളോറില്‍നിന്നും വിതുമ്പലോടെ താമരാക്ഷന്‍ പറഞ്ഞു – ആ പാട്ടുകള്‍ എഴുതിയത് ഞാനായിരുന്നു. മലയാളത്തിന്റെ നാട്ടുവഴക്കങ്ങളെ ആസ്വാദനത്തിന്റെ പാരമ്യതയിലെത്തിച്ച താമരാക്ഷനെ ഇപ്പോഴിതാ കേരളം തിരിച്ചറിയുകയാണ്. ഓരോ മലയാളിയും തിരിച്ചറിയുകയാണ്. മണിയുടെ നാദമാധുരിയില്‍ അലയടിക്കുന്ന ആ പാട്ടുകള്‍ ഓരോ മുക്കിലും മൂലയിലും അലയടിക്കുമ്പോള്‍ വിതുമ്പുന്ന മനസ്സോടെ ചുണ്ടനക്കാന്‍ മാത്രമായിരുന്നു താമരാക്ഷന്റെ വിധി. ഇന്ന് അയാള്‍ ലോകത്തോട് വിളിച്ചുപറഞ്ഞിരിക്കുന്നു. അതൊക്കെ എന്റേതായിരുന്നു, എന്റേത് മാത്രം….
Post Your Comments