
യു.എസ് പ്രസിഡന്‍റ് ട്രംപിന്‍െറ നയങ്ങളില്‍ കടുത്ത എതിര്‍പ്പുമായി വിഖ്യാത ഇറാന്‍ സംവിധായകന്‍ അസ്ഗര്‍ ഫര്‍ഹാദി. ട്രംപ് രാജ്യത്തേക്ക് തനിക്ക് പ്രവേശനാനുമതി നല്‍കിയാല്‍പോലും ഓസ്കര്‍ ചടങ്ങില്‍ സംബന്ധിക്കില്ലെന്ന് ഇറാന്‍ സംവിധായകന്‍ അസ്ഗര്‍ ഫര്‍ഹാദി വ്യക്തമാക്കി. ഇത്തവണത്തെ ഓസ്കര്‍ പട്ടികയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ട ‘ദ സെയില്‍സ്മാന്‍’ ചിത്രത്തിന്‍റെ സംവിധായകനാണ് ഫര്‍ഹാദി. നേരത്തേ ഈ സിനിമയിലെ നായിക തെറാനീഹും ട്രംപിന്‍റെ നയത്തില്‍ പ്രതിഷേധിച്ച് ചടങ്ങ് ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
ഇറാന്‍ അടക്കം ഏഴു രാജ്യങ്ങളില്‍ നിന്നുള്ളവരെ അമേരിക്കയില്‍ പ്രവേശിക്കുന്നതിന് 120 ദിവസത്തേക്ക് ട്രംപ് വിലക്കിയിരുന്നു. സിറിയന്‍ അഭയാര്‍ഥികള്‍ക്ക് അനിശ്ചിതകാലത്തേക്കും വിലക്കേര്‍പ്പെടുത്തിയിരുന്നു.ചലച്ചിത്ര മേഖലയിലെ തന്‍െറ സുഹൃത്തുക്കള്‍ക്കൊപ്പം അക്കാദമി പുരസ്കാര ചടങ്ങില്‍ പങ്കെടുക്കാനില്ലെന്ന പ്രസ്താവന നടത്തേണ്ടിവന്നതില്‍ ഖേദമുണ്ടെന്ന് ഫര്‍ഹാദി പറഞ്ഞു.
ഭാവിയിലെ വിഭാഗീയതക്കും ശത്രുതക്കും അടിത്തറ പാകലാണ് ഇത്. മറ്റുള്ളവരുടെ സുരക്ഷയുടെ കപടന്യായം പറഞ്ഞ് ഒരു രാജ്യത്തെ ഇകഴ്ത്തുന്നത് ചരിത്രത്തിലെ പുതിയ പ്രതിഭാസമല്ലയെന്നും തന്‍െറ നാട്ടുകാരും അല്ലാത്തവരുമായ പൗരന്മാര്‍ക്കുമേല്‍ നീതിപരമല്ലാത്ത കാര്യം അടിച്ചേല്‍പിക്കുന്നതിനെ അപലപിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ഫര്‍ഹാദിയുടെ മറ്റൊരു ചിത്രമായ ‘എ സെപ്പറേഷന്‍’ 2012ല്‍ മികച്ച വിദേശ ചിത്രത്തിനുള്ള ഓസ്കര്‍ പുരസ്കാരം നേടിയിരുന്നു. ഫര്‍ഹാദിക്കും അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ചവര്‍ക്കും യു.എസിലേക്ക് പ്രവേശനം വിലക്കുമെന്നത് അത്യധികം കുഴപ്പത്തിലാക്കിയതായി അക്കാദമി വക്താവ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
Post Your Comments