മലയാള സിനിമയും ജാതീയതയും വലിയ ചര്‍ച്ചകളും സംവാദങ്ങളും നടക്കുന്ന വിഷയമാണ്. സിനിമയിലെ സവര്‍ണ്ണ അവര്‍ണ്ണ ബോധങ്ങളെക്കുറിച്ച് നിരൂപകര്‍ പഠനങ്ങള്‍ ധാരാളം പ്രസിദ്ധീകരിച്ചു കഴിഞ്ഞു. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ജാതിയും ജാതിപ്പേരും പേരുകള്‍ക്കൊപ്പം ഉപയോഗിക്കുന്നതിനെക്കുറിച്ച് വലിയ ചര്‍ച്ചകള്‍ നടക്കുകയാണ്. ഇതിനു കാരണം സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍റെ പുതിയ ചിത്രമാണ്.
തന്റെ പുതിയ മോഹന്‍ലാല്‍ ചിത്രം ഫേസ്ബുക്ക് വഴി അനൗണ്‍സ് ചെയ്തതിന് താഴെ രൂപപ്പെട്ട ‘മലയാളസിനിമയിലെ ജാതീയത’യെക്കുറിച്ചുള്ള ചര്‍ച്ചയ്ക്ക് താഴെയാണ് ഉണ്ണികൃഷ്ണന്‍ തന്റെ പേരിന് പിന്നിലെ ‘ജാതിവാലി’നെക്കുറിച്ച് വിശദീകരിക്കുന്നത്.
ബി.ഉണ്ണികൃഷ്ണന്‍ തന്റെ സിനിമകളിലെ ടൈറ്റില്‍ കാര്‍ഡുകളില്‍ ‘ സംവിധായകന്‍ ഉണ്ണികൃഷ്ണന്‍.ബി’ എന്നാണ് ഉപയോഗിക്കാറ്. പക്ഷേ ഫേസ്ബുക്കില്‍ ഉണ്ണികൃഷ്ണനെ സെര്‍ച്ച് ചെയ്താല്‍ ‘ഉണ്ണികൃഷ്ണന്‍ ഭാസ്‌കരന്‍ പിള്ള’ എന്ന അക്കൗണ്ടാണ് ലഭിക്കുന്നത്. ഫേസ്ബുക്ക് അക്കൗണ്ടില്‍ ‘ജാതിവാല്‍’ പേറുന്നതിനുള്ള കാരണം പറയുകയാണ് ബി.ഉണ്ണികൃഷ്ണന്‍.
പുതിയ മോഹന്‍ലാല്‍ ചിത്രത്തിലെ നായകന്റെ പേരിനൊപ്പം ജാതിപ്പേര് ഉണ്ടാവുമോ എന്ന ഒരാളുടെ ചോദ്യത്തിന് താഴെയാണ് സിനിമയിലെ ജാതീയതയെക്കുറിച്ചുള്ള ചര്‍ച്ച രൂപപ്പെട്ടത്. എന്നാല്‍ പുതിയ ചിത്രത്തിന്റെ പേര് പോലും എവിടെയും പറഞ്ഞിട്ടില്ലാത്ത സ്ഥിതിക്ക് അതിലെ നായകന്റെ പേരിനെക്കുറിച്ച് ആധിയുണ്ടാവുന്നത് മനോവിഭ്രാന്തിയാണെന്ന് ഉണ്ണികൃഷ്ണന്‍ പ്രതികരിച്ചു.
ഉണ്ണികൃഷ്ണന്‍റെ വാക്കുകള്‍ ഇങ്ങനെ ” എനിക്ക് ജാതിവാലില്ല. എല്ലാ ഔദ്യോഗിക രേഖകളിലേയും എന്റെ പേര് ഉണ്ണികൃഷ്ണന്‍.ബി എന്നാണ്. എല്ലാ കോമ്പിനേഷനുകളും ഫെയ്‌സ്ബുക്കില്‍ തിരസ്‌ക്കരിക്കപ്പെട്ടപ്പോള്‍, ബി എന്ന എന്റെ ഇനിഷ്യലിനെ വികസിപ്പിച്ച്, എന്റെ അച്ഛന്റെ പേരുകൂട്ടിചേര്‍ത്ത് നല്‍കിയപ്പോള്‍ അത് സ്വീകരിക്കപ്പെട്ടു. അതിനാലാണ് ഫെയ്‌സ്ബുക്ക് പേജില്‍ മാത്രം ഞാന്‍ ഉണ്ണികൃഷ്ണന്‍ ഭാസ്‌ക്കരന്‍പിള്ളയായി മാറിയത്. ഇതൊരു മഹാപാപമല്ല. ഒരാളുടെ സത്തയേയും രാഷ്ട്രീയത്തേയും അയാളുടെ പേരുകൊണ്ടളക്കുക എന്നതിനേക്കാള്‍ വലിയൊരു വിഡ്ഢിത്തമില്ല. ഇപ്പോള്‍ ഇഎംഎസ്സും പികെവിയും ജീവിച്ചിരുന്നെങ്കില്‍, അല്ലെങ്കില്‍ എസ്ആര്‍പി യോട് ഇതേ ചോദ്യം താങ്കള്‍ ചോദിക്കുമെന്ന് കരുതുന്നു”.
മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഉണ്ണികൃഷ്ണന്‍.ബി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം വിശാലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു
Post Your Comments