CinemaGeneralNEWS

തിരുവനന്തപുരം ലോ അക്കാദമിയില്‍ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളോട് ജോയി മാത്യുവിനു പറയാനുള്ളത്

സമകാലിക വിഷയങ്ങളില്‍ തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുന്ന നടന്മാരില്‍ പ്രമുഖനാണ് ജോയി മാത്യു. തിരുവനന്തപുരം ലോ അക്കാദമിയില്‍ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച ജോയി മാത്യു കുട്ടികളെ സഹായിക്കാനെന്ന പേരിൽ എത്തുന്ന രാഷ്‌ട്രീയ പാർട്ടികളെ കഴിവതും ഒഴിവാക്കണമെന്ന് പറയുന്നു. അങ്ങനെ ചെയ്തില്ലെങ്കിൽ വിദ്യാർഥികൾ പടിക്ക് പുറത്താകുമെന്ന് ജോയ് മാത്യു തന്റെ ഫേസ്‍ബുക് പോസ്റ്റില്‍ പറയുന്നു.

ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്

രാഷ്ട്രീയം ഒരു തൊഴിലായി എടുത്തവർ അധികവും വക്കീൽ ഭാഗം പഠിച്ചവരായിരിക്കുന്നതിന്റെ ഗുട്ടൻസ്‌ ഇപ്പോഴാണു മനസ്സിലായത്‌. വിദ്യാഭ്യാസം ഉണ്ടോ എന്നാരെങ്കിലും ചോദിച്ചാൽ ഉണ്ട്‌ എന്ന് പറയാം. അല്ലാതെ ജനങ്ങളുടെ ഏതെങ്കിലും ഒരു പ്രശ്നം സംബന്ധിച്ച്‌ കോടതിയെ സമീപിക്കുകയോ കേസ്‌ നടത്തി വിജയിപ്പിക്കുകയോ ചെയ്യണ്ട ആവശ്യമില്ല. കാരണം പലർക്കും പഠിച്ച പണി അറിയില്ലെന്നത് തന്നെ.

കേരള ബാർ കൗൺസിലിൽ എൻ റൊൾ ചെയ്ത വക്കിലന്മാർ അൻപതിനായിരം വരുമത്രെ അതിൽ മുപ്പതിനായിരം പേർ ഇപ്പോഴും വക്കീലായി പ്രാക്ടീസ്‌ ചെയ്യാനുള്ള യോഗ്യതാ സർട്ടിഫിക്കറ്റുകൾ സമർപ്പിച്ചിട്ടില്ലെന്ന് ഹിന്ദു പത്രം കഴിഞ്ഞ ദിവസം റിപ്പോർട്ട്‌ ചെയ്യുകയുണ്ടായി-

അതിനർഥം ?

ഗേറ്റിലും ലെറ്റർഹെഡ്ഡിലും അഡ്വക്കറ്റ്‌ എന്ന് പേർ വെക്കാനുള്ള കടലാസേ ഇവരുടെ കയ്യിലുള്ളൂ എന്നാണു-നമ്മുടെ നാട്ടിൽ രാഷ്ട്രീയം കളിക്കാനും കല്ല്യാണം കഴിക്കാനും ഇത്‌ ധാരാളമാണല്ലോ (പി .എസ്‌ .ശ്രീധരൻ പിള്ള, സുരേഷ്‌‌ കുറുപ്പ്‌ എന്നിങ്ങിനെ വിരലിലെണ്ണാവുന്ന പണി അറിയാവുന്ന വക്കീൽ -രാഷ്ട്രീയക്കാർ മേൽപ്പറഞ്ഞതിന് അപവാദമാണെന്നുകൂടി പറഞ്ഞുകൊള്ളട്ടെ)
അപ്പോൾ നമുക്ക്‌ ചെയ്യാവുന്നത്‌

അടുത്ത തെരഞ്ഞെടുപ്പിലെങ്കിലും സ്‌ഥാനാർഥിയാകാനുള്ള ഒരു യോഗ്യതയായി അവരവരുടെ പ്രൊഫഷനിൽ (-ഇവിടെ വക്കീൽ പണിയെപ്പറ്റിയാണു പറയുന്നത്‌ .കാരണം ഒരു ഡോക്ടറയോ എഞ്ചിനീയറെയോ അതുപോലെ ഉയർന്ന വിദ്യാഭ്യാസമുള്ള ആരേയും
നമ്മുടെ സഥാനാർഥിയായി കിട്ടില്ലല്ലോ-) പ്രാവീണ്യംതെളിയിച്ചവരായിരിക്കണം എന്നോരു തീരുമാനം ഇലക്ഷൻ കമ്മീഷനായിട്ട്‌ എടുക്കാൻ സാദ്ധ്യതയില്ലാത്തതിനാൽ നമ്മൾ വോട്ടർമാർ തീരുമാനിക്കേണ്ടിയിരിക്കുന്നു

വക്കീൽ പണി ഒരു ജീവിത മാർഗ്ഗമാക്കാൻ കഷ്ടപ്പെട്ടു പഠിക്കുന്ന വിദ്യാർഥികളെ പരിഹസിക്കുന്ന ഇടപാടല്ലേ ലോ അക്കാദമി പോലുള്ള സംവിധാനങ്ങൾ? മാർക്കിന്റെ അടിസ്‌ഥാനത്തിലല്ലാതെ ശുപാർശയുടെ ബലത്തിൽ പ്രവേശനം നേടുകയും പിന്നീട്‌ രാഷ്ട്രീയം വയറ്റുപിഴപ്പാക്കുകയും ചെയ്തവരുടെ ഒരു ലിസ്റ്റ്‌ കിട്ടണമെങ്കിൽ തിരുവനന്തപുരം ലോ അക്കാദമിയിൽ അന്വേഷിച്ചാൽ മതിയെന്ന് പലരും പറയുന്നു-

സംഘടനാപരമായ വിയോജിപ്പുകൾക്കതീതമായി നീതിക്ക്‌ വേണ്ടി ഒറ്റക്കെട്ടായി പോരാടുന്ന ലോ അക്കാദമി വിദ്യാർഥികൾക്കെന്റെ ഐക്യദാർഡ്യം.
കുട്ടികൾ ശ്രദ്ധിക്കുക : നിങ്ങളെ സഹായിക്കാനാണെന്ന് പറഞ്ഞുവരുന്ന രാഷ്ട്രീയ പാർട്ടികളെ കഴിവതും പടിക്ക്‌ പുറത്ത്‌ നിർത്തുക ഇല്ലങ്കിൽ നിങ്ങൾ പടിക്ക്‌ പുറത്താകും

shortlink

Related Articles

Post Your Comments


Back to top button