മലയാള ചലച്ചിത്രലോകത്ത് അഭിനയം സംവിധാനം എന്നീ രംഗങ്ങളില്‍ നിലനില്‍ക്കുമ്പോഴും അതില്‍ നിന്നുമെല്ലാംമാറി തിരക്കഥയിലൂടെ പ്രേക്ഷകപ്രിയമേറ്റുവാങ്ങിയ പ്രതിഭയാണ് ശ്രീനിവാസന്. സത്യന് അന്തിക്കാടും പ്രിയദര്‍ശനും കമലുമൊക്കെ ദൃശ്യാവിഷ്കാരം നല്കിയ അന്‍പതിലേറെ സിനിമകള്‍ക്ക് തിരക്കഥകള്‍ ശ്രീനിവാസന് ഒരുക്കിയിട്ടുണ്ട്. പച്ചയായ ഗ്രാമീണ ജീവിതമാവിഷ്കരിച്ച ആ ചിത്രങ്ങള്‍ ഭൂരിഭാഗവും വന്‍ വിജയമായിരുന്നു.
മലയാളി മനസ്സില്‍ എന്നും തങ്ങിനില്ക്കുന്ന ഒരു പിടി ചിത്രങ്ങള്‍ മോഹന്‍ലാല്‍-സത്യന് അന്തിക്കാട്-ശ്രീനിവാസന് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയിട്ടുണ്ട്. അതിമാനുഷികരല്ലാത്ത പച്ച മനുഷ്യ ജീവിതമാവിഷ്കരിച്ച, ഓര്‍ത്തിരിക്കാവുന്ന നിരവധി വേഷങ്ങള്‍ സമ്മാനിച്ച ഈ കൂട്ടുകെട്ടില്‍ വീണ്ടുമൊരു ചിത്രം കൂടി വരുന്നു. ശ്രീനിവാസന്റെ തിരക്കഥയില്‍ ഒരു മോഹന്‍ലാല്‍ ചിത്രം വൈകാതെ സംഭവിക്കുമെന്ന് സത്യന് അന്തിക്കാട് വെളിപ്പെടുത്തിയിരുന്നു. ദുല്‍ഖര്‍ നായകനായി ഇപ്പോള്‍ തീയേറ്ററുകളിലോടുന്ന ‘ജോമോന്റെ സുവിശേഷങ്ങള്‍’ക്ക് ശേഷം ചെയ്യുന്ന ചിത്രം ഒരുപക്ഷേ അതാവാമെന്നും സംവിധായകന് സത്യന് പറഞ്ഞിരുന്നു. പക്ഷേ ശ്രീനിവാസന് അടുത്തതായി തിരക്കഥയൊരുക്കുന്ന ചിത്രം സത്യന് കൂട്ടുകെട്ടിലുള്ള മോഹന്‍ലാല്‍ ചിത്രമല്ല.
നവാഗതനായ ശ്രീകൃഷ്ണന് സംവിധാനം ചെയ്യുന്ന ‘പവിയേട്ടന്റെ മധുരച്ചൂരല്‍’ എന്ന ചിത്രമാണ് ശ്രീനിവാസന്റെ തിരക്കഥയില്‍ അടുത്തതായി പുറത്തുവരിക. ചിത്രത്തിന്റെ സംഭാഷണമൊരുക്കുന്നതും നായകനാവുന്നതും ശ്രീനി തന്നെ. വ്യത്യസ്ത മതങ്ങളില്‍ നിന്ന് പ്രണയവിവാഹിതരായ പവിത്രന് മാഷും ആനി ടീച്ചറുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. ഇരുവരുടെയും ദാമ്പത്യം നേരിടുന്ന പ്രശ്നങ്ങളാണ് സിനിമയുടെ ഇതിവൃത്തം.
പവിത്രന് മാഷായി ശ്രീനിവാസനും ആനി ടീച്ചറായി ലെനയും എത്തുന്നു. ചിത്രത്തില്‍ ഹരിശ്രീ അശോകന്, വിജയരാഘവന്, ലിഷോയ്, വിജയന് കാരന്തൂര്‍, നന്ദു പൊതുവാള് തുടങ്ങിയവര്‍ അഭിനയിക്കുന്നു. സഞ്ജീവനി ക്രിയേഷന്‍സിന്റെ ബാനറില്‍ വി.സി.സുധന്, സി.വിജയന് എന്നിവര്‍ നിര്‍മ്മിക്കുന്ന സിനിമയുടെ ചിത്രീകരണം കണ്ണൂരില്‍ ആരംഭിച്ചു.
Post Your Comments