മലയാളി മനസ്സില്‍ എന്നും തങ്ങിനില്‍ക്കുന്ന ഒരു പിടി ചിത്രങ്ങള്‍ മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട്-ശ്രീനിവാസന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയിട്ടുണ്ട്. അതിമാനുഷികരല്ലാത്ത പച്ച മനുഷ്യന്‍റെ ജീവിതമാവിഷ്കരിച്ച ടി.പി.ബാലഗോപാലന്‍ എംഎ, ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റ്, സന്മനസ്സുള്ളവര്‍ക്ക് സമാധാനം ഇങ്ങനെ മോഹന്‍ലാലിന്റെ അഭിനയജീവിതം പരിഗണിക്കുമ്പോഴും ഓര്‍ത്തിരിക്കാവുന്ന നിരവധി വേഷങ്ങള്‍ സമ്മാനിച്ചവയാണ് ആ കൂട്ടുകെട്ട്.
ഇടയ്ക്ക് മോഹന്‍ലാലിന്റെ താരപ്രഭാവം വര്‍ധിച്ചതോടെ ആ കൂട്ടുകെട്ടില്‍ സിനിമകള്‍ കുറഞ്ഞു. നീണ്ട 12 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം 2006ല്‍ പുറത്തിറങ്ങിയ രസതന്ത്രമെന്ന സത്യന്‍ ചിത്രത്തില്‍ വീണ്ടും മോഹന്‍ലാല്‍ അഭിനയിച്ചു. പിന്നീട് 2015ല്‍ പുറത്തെത്തിയ ‘എന്നും എപ്പോഴും’ എന്ന ചിത്രത്തിലും. എന്നാല്‍ ഈ രണ്ടു ചിത്രാങ്ങളുടെയും തിരക്കഥ ശ്രീനിവാസന്റെ ആയിരുന്നില്ല. രസതന്ത്രത്തിന്റെ തിരക്കഥ സംവിധായകന്റെയും ‘എന്നും എപ്പോഴും’ എഴുതിയത് രഞ്ജന്‍ പ്രമോദുമായിരുന്നു. അപ്പോഴും സത്യന്‍-ശ്രീനി-ലാല്‍ കൂട്ടുകെട്ട് സംഭവിക്കാതെ ഒഴിഞ്ഞുനിന്നു.
പോയവര്‍ഷം ‘സന്ദേശം’ സിനിമയുടെ 25-ആം വാര്‍ഷികത്തിന്റെ സമയത്ത് മലയാളത്തിന്റെ എവര്‍ഗ്രീന്‍ കൂട്ടുകെട്ട് തിരിച്ചുവരവിനെപ്പറ്റി സത്യന്‍ അന്തിക്കാട് പറഞ്ഞിരുന്നു. മോഹന്‍ലാലും ശ്രീനിവാസനുമൊത്ത് ഒരു ചിത്രം വൈകില്ല എന്നായിരുന്നു അദ്ദേഹം അന്ന് പറഞ്ഞത്. ഏഷ്യാനെറ്റ് ന്യൂസിന്റെ വാര്‍ത്താപ്രഭാതത്തില്‍ അതിഥിയായെത്തിയ സത്യന്‍ അന്തിക്കാട് മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട്-ശ്രീനിവാസന്‍ കൂട്ടുകെട്ടില്‍ പുതിയ ചിത്രം വരുന്നതിനെക്കുറിച്ച് പറയുന്നു.
“ഞാനും ശ്രീനിവാസനും മോഹന്‍ലാലും കുറേനാളായി ആഗ്രഹിക്കുന്ന കാര്യം തന്നെയാണത്. ശ്രീനിവാസനൊപ്പം വര്‍ക് ചെയ്തിട്ട് 13 വര്‍ഷമായി. യാത്രക്കാരുടെ ശ്രദ്ധയ്ക്കാണ് ഞങ്ങളുടെ അവസാനചിത്രം. ബോധപൂര്‍വ്വം തന്നെയായിരുന്നു ആ മാറിനില്‍പ്പ്. എന്റെ 24 സിനിമകളില്‍ നായകനായ ആളാണ് മോഹന്‍ലാല്‍. ഒരിക്കലും അഭിനയിപ്പിച്ച് മതിയാവാത്ത നടനാണ് അദ്ദേഹം. ലാല്‍ ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കുമ്പോള്‍ അതിന്റെ പിന്നില്‍ നിന്ന് സിനിമയുണ്ടാക്കുക സന്തോഷമുള്ള കാര്യമാണ്. ഒപ്പം ശ്രീനിവാസനുംകൂടി വരുമ്പോള്‍ രസകരമാണ് ആ കെമിസ്ട്രി. ഞാന്‍ അടുത്തകാലത്ത് ശ്രീനിയോട് പറഞ്ഞു. ഇങ്ങനെ ജൈവകൃഷിയില്‍ മാത്രം ശ്രദ്ധിക്കാതെ സിനിമയിലേക്ക് വരൂ എന്ന്..”
ഏറെക്കാലമായി മനസില്‍ ആഗ്രഹിക്കുന്നത് വൈകാതെ സംഭവിക്കുമെന്നു പറയുന്നു സത്യന്‍ അന്തിക്കാട്. ഞാനും ശ്രീനിയും മോഹന്‍ലാലും കൂടി ഒന്നിക്കുന്ന ഒരു പ്രോജക്ട് സജീവ പരിഗണനയിലാണ്. അടുത്ത സിനിമ അതാവണമെന്ന് ആഗ്രഹമുണ്ട്. അധികം വൈകാതെ ഞങ്ങള്‍ പ്രേക്ഷകരുടെ മുന്നിലെത്തുമെന്ന് സത്യന്‍ പറയുന്നു.
Post Your Comments