രജപുത് റാണിയായ പത്മാവതിയെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ആരോപിച്ച് സംവിധായകനെ ക്രൂരമായി ആക്രമിച്ച സംഭവത്തില്‍ ബോളിവുഡ് താരങ്ങളും സംവിധായകരും നിര്‍മാതാക്കളും രംഗത്ത് . പത്മാവതിയുടെ ലൊക്കേഷനില്‍ വച്ചാണ് സംവിധായകന് സഞ്ജയ് ലീല ബന്‍സാലിക്ക് മര്‍ദനമേറ്റത്. ലൊക്കേഷനിലെത്തിയ പ്രക്ഷോഭകര്‍ ചിത്രീകരണം തടസ്സപ്പെടുത്തുകയും ഷൂട്ടിങ് ഉപകരണങ്ങൾ തകർക്കുകയും ചെയ്തു.
സിനിമയിലെ നായിക ദീപിക പദുകോണും നായകന് രണ്‍വീര്‍ സിങ്ങും ബന്‍സാലിയെ പിന്തുണച്ച് ട്വീറ്റ് ചെയ്തു.സിനിമാ ചിത്രീകരണത്തിനിടെ നടന്ന അക്രമത്തെ ബോളിവുഡ് നിര്‍മാതാവ് കരണ്‍ ജോഹര്‍, സംവിധായകന് അനുരാഗ് കാശ്യപ്, താരങ്ങളായ പ്രിയങ്ക ചോപ്ര, അലിയ ഭട്ട്, ഹൃതിക് റോഷന്, സോനം കപൂര്‍, അനുഷ്ക ശര്‍മ, ഋഷി കപൂര്‍, ഫര്ഹാന് അക്തര്‍, ഒമംങ് കുമാര്‍, സുധീര്‍ മിശ്ര എന്നിവര്‍ അപലപിച്ചു.
ദൗര്‍ഭാഗ്യകരമായ സംഭവത്തില്‍ സിനിമാ ലോകം സംവിധായകന് സഞ്ജയ് ലീല ബന്‍സാലിക്കൊപ്പം നില്കണമെന്ന് കരണ്‍ ജോഹര്‍ ആവശ്യപ്പെട്ടു. വിഷയത്തില്‍ ‘പത്മാവതി’ എന്ന സിനിമയെയും സംവിധായകന് ബന്‍സാലിയെയും പിന്തുണക്കുന്നതായും കരണ്‍ വ്യക്തമാക്കി.
സിനിമയില്‍ ചരിത്രത്തെ വളച്ചൊടിച്ചിട്ടില്ല. ശക്തയും നെഞ്ചുറപ്പുമുള്ള ഒരു യുവതിയുടെ കഥയാണ് സിനിമ ലോകത്തിന് മുന്നില്‍ പങ്കുവെക്കുന്നതെന്ന് ദീപിക ട്വീറ്റ് ചെയ്തു.
രാജസ്ഥാനിലെ ജനങ്ങളുടെയും രജ്പുത് വിഭാഗങ്ങളുടെയും വികാരങ്ങളും പ്രതികരണ ശക്തിയും ‘പത്മാവതി’ എന്ന സിനിമ മുന്നോട്ടുവെക്കുന്നതെന്ന് രണ്‍വീര്‍ ട്വീറ്റ് ചെയ്തു. സഞ്ജയ് ലീല ബന്‍സാലി ഇന്ത്യയിലെ മികച്ച സംവിധായകനാണെന്നും അദ്ദേഹം ആരുടെയും വികാരങ്ങള്‍ വൃണപ്പെടുത്തില്ലെന്നും രണ്‍വീര്‍ വ്യക്തമാക്കി.
രാജസ്ഥാനിലെ ജയ്ഗഢ് ഫോർട്ടിലായിരുന്നു ചരിത്രസിനിമയുടെ ചിത്രീകരണം നടന്നിരുന്നത്. ദീപിക പദുക്കോണും രൺവീർ സിങ്ങുമാണ് റാണി പത്മിനിയുടേയും അലാവുദീൻ ഖിൽജിയുടേയും വേഷങ്ങൾ അഭിനയിക്കുന്നത്. റാണിയും ഖിൽജിയും തമ്മിലുള്ള പ്രണയമാണ് സിനിമ കൈകാര്യം ചെയ്യുന്നതെന്ന് പ്രതിഷേധക്കാർ ആരോപിക്കുന്നു. ചരിത്രം വളച്ചൊടിക്കുന്നതെന്ന് പ്രതിഷേധര് വ്യക്തമാക്കി.ബൻസാലിക്ക് പിന്തുണയുമായി നിരവധി സിനിമ പ്രവർത്തകർ രംഗത്തെത്തിയിട്ടുണ്ട്. സിനിമയുടെ ചിത്രീകരണം തൽക്കാലത്തേക്ക് നിർത്തിവെച്ചിരിക്കുകയാണ്.
Post Your Comments