സിനിമാപ്രേമികള്‍ ഒരിക്കലും മറക്കാത്ത ഷാരൂഖ് ഹിറ്റ് ചിത്രമാണ് ദില്‍സേ. മണിരത്‌നം സംവിധാനം ചെയ്ത് 1998ല്‍ പുറത്തിറങ്ങിയ ദില്‍സേയും ഗാനങ്ങളും ഇന്നും ജനം ഓര്‍ക്കുന്നത് മനോഹരമായ ഒരു നൃത്ത രംഗത്തിലൂടെയാണ്. ചല്‍ ഛയ്യ ഛയ്യ എന്ന വരികള്‍ക്ക് അകമ്പടിയായിപാഞ്ഞുപോകുന്ന ട്രെയിനിന് മുകളില്‍ ആടിത്തിമര്‍ക്കുന്ന ഷാരൂഖ് ഖാനും മലൈയ്ക അറോറയും. ഗുല്‍സാറിന്റെ വരികള്‍ എ.ആര്‍.റഹ്മാന്റെ ഇമ്പമാര്‍ന്ന ഈണത്തില്‍ സുഖ്വിന്ദര്‍ സിംഗും സപ്ന അശ്വതിയും ചേര്‍ന്നാലപിച്ച ഈ ഗാനരംഗത്തെ സന്തോഷ് ശിവന്‍ ഒപ്പിയെടുത്ത മനോഹര ദൃശ്യങ്ങള്‍ കൂടുതല്‍ മികവുറ്റതാക്കി.
ഈ സൂപ്പര്‍ഹിറ്റ് ഗാനത്തിന്റെ ചിത്രീകരണ രഹസ്യം വെളിപ്പെടുത്തുകയാണ് ഷാരൂഖ് ഖാന്‍. ഗാനരംഗത്തിന്‍റെ ചിത്രീകരണം അതീവ സാഹസികമായിട്ടായിരുന്നു. പുതിയ ചിത്രമായ റയീസിന്റ് പ്രചരണവുമായി ബന്ധപ്പെട്ട പരിപാടിയില്‍ പിടിഐ ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഷാരൂഖ് ഇത് വെളിപ്പെടുത്തിയത്.
പത്തൊമ്പത് വര്‍ഷം മുമ്പ് സാങ്കേതിക വിദ്യകളെയൊന്നും ആശ്രയിക്കാതെ സ്വാഭാവികമായി എടുത്ത ഗാനരംഗമാണ് ഛയ്യ ഛയ്യയുടെത്. താനൊഴികെ എല്ലാവരും മുന്‍കരുതലെന്നോണം കയര്‍ ഉപയോഗിച്ച് ശരീരത്തെ ട്രെയിനുമായി ബന്ധിപ്പിച്ചിരുന്നു. അതുകൊണ്ട് എനിക്ക് മാത്രമാണ് നന്നായി ഓടാനും ചാടാനും സാധിച്ചത്. ട്രെയിന്‍ പതുക്കെയാണ് ഓടിയിരുന്നത്. എന്നാല്‍ ഞങ്ങളുടെ പാതയില്‍ ഒരുപാട് പാലങ്ങളും മറ്റും തടസങ്ങളുണ്ടായിരുന്നു.
അപകടത്തെപ്പറ്റി മുന്നറിയിപ്പ് നല്‍കാന്‍ ഇന്നത്തെ പോലെ കാര്യമായ ആശയവിനിമയ സംവിധാനങ്ങളൊന്നും അന്നില്ല. ഒരു വെളുത്ത തുണി ഉപോയോഗിച്ചാണ് ആശയ വിനിമയം. നൃത്തരംഗങ്ങള്‍ സംവിധാനം ചെയ്യുന്ന ഫറാ ഖാന്‍ തുണി വീശുമ്പോള്‍ പാലത്തില്‍ തല മുട്ടാതിരിക്കാന്‍ എല്ലാവരും കുനിഞ്ഞിരിക്കണമെന്നാണ് അര്‍ഥം. അങ്ങനെയാണ് ഗാനരംഗം മുഴുവനും ചിത്രീകരിച്ചത്. ഷാരൂഖ് പറയുന്നു.
Post Your Comments