Uncategorized

സിനിമാക്കാരനല്ലാത്ത ബാലചന്ദ്രമേനോന്‍റെ മറ്റൊരു വേഷം!

എഴുത്തും സംവിധാനവുമടക്കമുള്ള ജോലികള്‍ മലയാള സിനിമയില്‍ ഒറ്റയ്ക്ക് നിര്‍വഹിക്കുന്ന പ്രേക്ഷകരുടെ സ്വന്തം ബാലചന്ദ്രമേനോന്‍ സിനിമയ്ക്ക് പുറത്തെ മറ്റൊരു വേഷത്തെക്കുറിച്ച് പങ്കുവെയ്ക്കുകയാണ്. വക്കീലിന്റെ കുപ്പായമണിഞ്ഞ ഫോട്ടോ പങ്കുവെച്ചുകൊണ്ട് ഭൂതകാലത്തെ മറ്റൊരു മുഖം തുറന്നുകാട്ടുകയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ബാലചന്ദ്രമേനോന്‍.
ബാലചന്ദ്രമേനോന്‍റെ ഫേസ്ബുക്ക് പോസ്റ്റ്‌ വായിക്കാം
ഇങ്ങനെ ഒരു ഫോട്ടോ നിങ്ങൾ ഇപ്പോൾ ഒരിക്കലും പ്രതീക്ഷിച്ചുകാണില്ല എന്നെനിക്കറിയാം ..
“അല്ലാ..എന്താ..ഇപ്പൊ…ഇങ്ങനെ…”എന്നൊക്കെയാവും നിങ്ങളോരോരുത്തരും കരുതുക.
കാണിച്ചു സമർത്ഥിക്കാൻ സംവിധായകനാവണം; പറഞ്ഞു സമർത്ഥിക്കാൻ വക്കീലാകണം എന്ന് എങ്ങനെയോ ഒരു പ്രേരണ ഉള്ളിൽ ഉണ്ടായതുകൊണ്ടാണ് ഞാൻ നിയമബിരുദം എടുത്തതെന്ന് തോന്നുന്നു. 22 വയസ്സ് കഴിഞ്ഞപ്പോൾ ഞാൻ സംവിധായകന്റെ മെഗാഫോൺ (അങ്ങിനെ ഒരു സാധനം ഉണ്ടെങ്കിൽ!) കൈയിലെടുത്തപ്പോൾ വക്കീലിന്റെ കുപ്പായമണിയാൻ നീണ്ട ഇരുപത്തഞ്ചു വർഷങ്ങൾ വേണ്ടി വന്നു എന്നത് ഞാനും എന്റെ ചുറ്റുപാടുകളും തമ്മിൽ നടത്തിയ നിയമ യുദ്ധത്തിന്റെ ഒരു ഉദാഹരണമാണ് .
അല്ലെങ്കിലും ഒന്നും എനിക്ക് എന്റെ ജീവിതത്തിൽ ‘ചുമ്മാ’ അങ്ങ് കിട്ടിയിട്ടില്ല. ആരെയെങ്കിലും സഹായത്തിനു വിളിച്ചാൽ അവരുടെ പ്രവർത്തികൾ നേരിട്ടും അല്ലാതെയും എനിക്കിട്ടു പണി തരും. ‘നിങ്ങൾ എന്ത് കൊണ്ടും യോഗ്യനായിരുന്നു . പക്ഷെ പേരിന്റെ നീളക്കൂടുതൽ കാരണം അവസാനം ഉൾപ്പെടുത്താൻ കഴിഞ്ഞില്ല ‘എന്ന് വരെ ഞാൻ പറഞ്ഞു കേട്ടിട്ടുണ്ട് . നിയമ ബിരുദം സ്വന്തമാക്കാനും എനിക്ക് ഒരുപാട് പ്രതിസന്ധികൾ തരണം ചെയ്യേണ്ടി വന്നു.. ഇന്നത്തെ വിവാദവിഷയമായ ലോ അക്കാഡമിയിൽ സായാഹ്ന കോഴ്‌സിലാണ് ഞാൻ പഠിച്ചത്. പരീക്ഷ അടുത്തെത്തുമ്പോൾ മാത്രം ഉണ്ടായ ചില മരണങ്ങൾ, അല്ലെങ്കിൽ കല്യാണങ്ങൾ ഏറ്റവും ഒടുവിൽ എല്ലാം ഒന്നൊത്തു വന്നപ്പോൾ എന്നെ തേടിവന്ന ആരോഗ്യപ്രശ്നങ്ങൾ എല്ലാവരും നന്നേ കിണഞ്ഞു പരിശ്രമിച്ചു എന്നെ നിലം പരിശാക്കാൻ ആവുന്നത്ര ശ്രമിച്ചു …ദൈവാനുഗ്രഹത്തിന്റെ ആനുകൂല്യത്തിൽഞാൻ ഒടുവിൽ
2012 ൽ വക്കീലായി സന്നതെടുത്തു …
അതിനുശേഷം രണ്ടാഴ്ചക്കു ‘മുൻപ് ഭൂതകാലത്തിന്റെ മച്ചിൻ പുറത്തു ‘നിന്നു ഞാൻ ആ കോട്ടും ഗൗണും കണ്ടെത്തി ഒന്നണിഞ്ഞു . അപ്രതീക്ഷമായ ഒരു ഫോട്ടോ സെഷൻ ആയിരുന്നു പിന്നെ . ഫോട്ടോ എടുക്കാൻ വന്ന നവീൻ എന്ന പയ്യൻ തന്നെ വിചാരിച്ചതു ഏതോ സിനിമക്കുള്ള ആവശ്യമായിരിക്കുമെന്നാണ്. നിയമ പഠനകാലത്ത്‌ വേണ്ട നിർദേശങ്ങൾ നൽകിയിരുന്ന അഡ്വക്കേറ്റ് ശങ്കരൻ കുട്ടിയെയും ഞാൻ കൂട്ടിനു കൊണ്ടുപോയി. വക്കീലിന്റെ വേഷഭൂഷകളിൽ ഒരു പിശക് വരാതിരിക്കാനായിരുന്നു അത്. പുള്ളികാരനും അന്തിച്ചുകാണണം. വക്കീൽ പണി തുടരാനാണ് പദ്ധതിയെങ്കിൽ ആശംസകളും അർപ്പിച്ചിട്ടു പോയി .
‘വിളംബരം’ എന്ന സിനിമയിൽ ഞാൻ ‘ മീശയില്ലാത്ത ‘ നമ്പൂതിരിവാക്കീലായി വന്നത് നിങ്ങൾ ഓർക്കുമല്ലോ. ‘സൈലൻസ്’ എന്ന ഒരു ടീവി പരമ്പരയിലും ഞാൻ അനൂപ് മേനോനും ജ്യോതിര്മയിയുമൊത്തു ഒരു ‘ചീഫ് വക്കീൽ’ ആയി. ‘കുഞ്ഞനന്തന്റെ കട ‘ എന്ന ചിത്രത്തിൽ മമ്മൂട്ടി കഥാപാത്രത്തെ ഉപദേശിക്കുന്ന മൊയ്തു എന്ന വക്കീലായി ഞാൻ വന്നു. അധികം പറയാനുമുണ്ടായില്ല കോടതിയിൽ പോകേണ്ട കാര്യമില്ലാത്തതുകൊണ്ടു വക്കീൽ ഗൗൺ അണിയേണ്ടി വന്നതുമില്ല. അത്ര തന്നെ എന്റെ വക്കീൽ പുരാണം ..

shortlink

Related Articles

Post Your Comments


Back to top button