CinemaGeneralNEWS

‘വിമാനം’ ആദ്യം ‘എബി’ പറത്തും; സംവിധായകന്‍ പ്രദീപ് നല്‍കിയ ഹര്‍ജി കോടതി തള്ളി

വിനീത് ശ്രീനിവാസന്‍ നായകനായി എത്തുന്ന എബി എന്ന ചിത്രത്തിന്‍റെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് ‘വിമാനം’ എന്ന ചിത്രത്തിന്‍റെ സംവിധായകൻ പ്രദീപ് എം നായര്‍ നല്‍കിയ ഹര്‍ജി കോടതി തള്ളി. എറണാകുളം മുൻസിഫ് കോടതിയുടേതാണ് വിധി. എബി എന്ന സിനിമ കാണുകയും രണ്ട് ചിത്രങ്ങളുടെ തിരക്കഥയും വായിക്കുകയും ചെയ്ത ശേഷമാണ് വിധി. എബി എന്ന സിനിമയ്ക്ക് എതിർ ഭാഗം ആരോപിച്ച സജി തോമസിന്റെ കഥയുമായി ബന്ധമില്ലെന്നും കോടതി പറഞ്ഞു.

വിമാനം, എബി എന്നീ ചിത്രങ്ങളിലെ കഥകള്‍ തമ്മിലുണ്ടായ സാദൃശ്യമാണ് കോടതിവരെ എത്തിച്ചത്. ജന്മനാ ബധിരനും മൂകനുമായ സജി തോമസ് എന്ന തൊടുപുഴക്കാരന്‍ സ്വന്തമായി ഒരു വിമാനം നിര്‍മിച്ച് പറത്തിയതുമായി ബന്ധപ്പെട്ട സംഭവ വികാസങ്ങളാണ് അടിസ്ഥാനമായി ചിത്രങ്ങള്‍ക്ക് പ്രചോദനം.

ഈ രണ്ടു ചിത്രങ്ങളുടെയും കഥകള്‍ സാമ്യമാണെന്ന തരത്തില്‍ തുടങ്ങിയ വാഗ്വാദങ്ങള്‍ ഹൈക്കോടതി വരെ എത്തി. എബി എന്ന ചിത്രം റൈറ്റ് സഹോദരന്മാരുടെ ജീവിതത്തില്‍ നിന്നുമുണ്ടായ പ്രചോദനത്തില്‍ തുടങ്ങിയതാണെന്നും തിരക്കഥയുടെ പൂര്‍ത്തീകരണത്തിനിടയില്‍ സജിയെ കുറിച്ച് അറിയുകയും അദ്ദേഹത്തിന്‍റെ ജീവിതത്തിലെ ചില മുഹൂര്‍ത്തങ്ങള്‍ തിരക്കഥയില്‍ ചേര്‍ക്കുകയും ചെയ്തിരുന്നതായി എബിയുടെ തിരകഥാകൃത്ത്‌ സന്തോഷ്‌ എച്ചിക്കാനം പറയുന്നു.

2015ല്‍ ആദ്യം പ്രഖ്യാപിച്ച ചിത്രമാണ് എബി അത് കഴിഞ്ഞാണ് പ്രിഥ്വിരാജ് നായകനാക്കി വിമാനം എന്ന പേരില്‍ ഒരു സിനിമ പ്രദീപ്‌ അനൌണ്സ് ചെയ്യുന്നത്. ചിത്രങ്ങള്‍ക്കു സാമ്യമുണ്ടെന്ന പേരില്‍ വിമാന സിനിമയുടെ പ്രവര്‍ത്തകര്‍
ഫെഫ്കയില്‍ പരാതി കൊടുക്കുകയും അവിടെ നിന്നും നീതി ലഭിച്ചിട്ടില്ലെന്ന പേരില്‍ എറണാകുളം മുന്‍സിഫ് കോടതിയില്‍ വ്യക്തിത്വ നിയമലംഘനമെന്ന പേരില്‍ പരാതി നല്കി. മലയാള സിനിമാ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരത്തിലുള്ള ഒരു കേസ് ഉണ്ടാകുന്നത്. പകര്‍പ്പാവകാശ നിയമലംഘനത്തിന്റെ പേരിലാണ് ഇതുവരെയും സിനിമ മേഖലയില്‍ പരാതികള്‍ കൊടുത്തിരുന്നതെങ്കില്‍ എബിയുടെ കേസില്‍ വ്യക്തിത്വ നിയമലംഘനത്തിനാണ് കേസ് നല്‍കിയത്. തിരക്കഥ സജി തോമസിന് വായിക്കാന്‍ കൊടുക്കണമെന്നായിരുന്നു മുന്‍സിഫ് കോടതി നിര്‍ദേശിച്ചത്. എന്നാല്‍ അതിനെ എബിയുടെ പ്രവര്‍ത്തകരും തിരക്കഥാകൃത്ത് സന്തോഷും നിശിതമായി എതിര്‍ത്തു . തുടര്‍ന്ന് കേസ് ഹൈക്കോടതിയിലെത്തി. മുന്‍സിഫ് കോടതിയുടെ നിര്‍ദേശത്തിനെതിരെ സ്‌റ്റേ അനുവദിച്ചിരിക്കുകയാണ് ഹൈക്കോടതി.

എബിയുടെ ഷൂട്ടിങ് ഇതിനോടകം തന്നെ പൂര്‍ത്തിയായിക്കഴിഞ്ഞു. സെന്‍ട്രല്‍ പിക്‌ചേഴ്‌സാണ് ചിത്രം തീയറ്ററുകളിലെത്തിക്കുന്നത്. വന്‍ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കിടയിലും സന്തോഷ് ഏച്ചിക്കാനം തിരക്കഥയെഴുതി നവാഗതനായ ശ്രീകാന്ത് മുരളി സംവിധാനം ചെയ്യുന്ന എബി പ്രദര്‍ശനത്തിന് ഒരുങ്ങുകയാണ്

shortlink

Post Your Comments


Back to top button