മലയാള സിനിമയില്‍ ചരിത്രം കുറിച്ച ചിത്രമാണ് വൈശാഖ്- മോഹന്‍ലാല്‍ ടീമിന്റെ പുലിമുരുകന്. എന്നാല്‍ ഈ ചിത്രത്തില്‍ സംഘട്ടന രംഗങ്ങളില്‍ ഉപയോഗിച്ചത് ബൊമ്മ കടുവയാണെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ച ഉയര്‍ത്തിയിരുന്നു.
ചിത്രത്തിന്റെ ക്ലൈമാക്സ് രംഗങ്ങളില്‍ ബൊമ്മ കടുവയുടെ അടുത്തു നില്ക്കുന്ന മോഹന്‍ലാലിന്റെ ചിത്രങ്ങളാണ് ഈ സംശയത്തിന് കാരണം. യഥാര്‍ത്ഥ കടുവയെ സംഘട്ടന രംഗത്ത് ഉപയോഗിച്ചുവെന്നുള്ള അണിയറ പ്രവര്‍ത്തകരുടെ വാദം തെറ്റാണെന്നുള്ള വാദ പ്രതിവാദങ്ങള്‍ ശക്തമാകുമ്പോള്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന് വൈശാഖ്.
യഥാര്‍ത്ഥ ചിത്രീകരണം നടത്തും മുന്‍പ് കടുവയുടെ ഡമ്മി വച്ച് റിഹെഴ്സല് നോക്കിയിരുന്നതിന്റെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നതെന്ന് വൈശാഖ് പറയുന്നു. മികച്ച റിസള്‍ട്ട് ലഭിക്കുന്നതിനായി ജീവനുള്ള കടുവയുടെ അതേ വലുപ്പത്തിലും ഭാരത്തിലുമുള്ള ഡമ്മി നിര്‍മ്മിച്ചെടുക്കുകയും ക്യാമറയുടെ ദൂരവും ആംഗിളും സെറ്റ് ചെയ്യുന്നത് റിഹെഴ്സലിലൂടെ ശരിയാക്കുകയും ചെയ്യുന്നതിനായാണ് ഈ ഡമ്മിയുണ്ടാക്കിയത്. തീര്‍ത്തും സാങ്കേതികമായ ഒരു ജോലിയാണിത്. സിനിമയുടെ സാങ്കേതിക പ്രവര്‍ത്തകര്‍ക്ക് ഇതിനെക്കുറിച്ച് അറിയാവുന്നതാണ്. .
ചിത്രീകരണത്തിനു മുന്‍പ് നടീ നടന്മാരെ വെച്ച് റിഹെഴ്സല് നോക്കുന്നത് സാധാരണമാണ്. കടുവയെ വെച്ച് റിഹെഴ്സല് നോക്കാന്‍ പറ്റില്ലല്ലോ. അതിനാല്‍ ഡമ്മി ഉപയോഗിച്ചു ഫ്രെയിം ഫിക്സ് ചെയ്യേണ്ടി വന്നു. അത് ചിത്രത്തിന്റെ മികവിനായാണ് ചെയ്തത്. കൂടാതെ ഫേസ് ബുക്കില്‍ കിടക്കുന്ന ചിത്രത്തില്‍ കാണുന്ന കടുവയുടെ പാവവെച്ച് എങ്ങനെയാണ് കടുവയുടെ മൂവ്മെന്റ് സാധ്യമാകുകയെന്നും വൈശാഖ് ചോദിക്കുന്നു പിന്നെ കടുവ ബൊമ്മയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചത് ചിത്രത്തിന്റെ കലാസംവിധായകനായ ജോസഫ് നെല്ലിക്കല്‍ തന്നെയാണ്. ഇത് സംബന്ധിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ പറയുവാന്‍ ജോസഫ് നെല്ലിക്കലിന് കഴിയുമെന്നും വൈശാഖ് പറയുന്നു.
Post Your Comments