രണ്ടായിരത്തില്‍ അധികം പാട്ടുകള്‍ പാടിയിട്ടുണ്ടെങ്കിലും ഒരൊറ്റ പാട്ടിലൂടെ ലഭിച്ച സ്വീകാര്യത മിന്‍മിനി എന്ന ഗായികയ്ക്ക് വേറെ ലഭിച്ചിട്ടില്ല. റോജ എന്ന ചിത്രത്തിലെ ചിന്ന ചിന്ന ആസൈ എന്ന മനോഹരമായ ഗാനം മിന്‍മിനിക്ക് സമ്മാനിച്ചത് എ.ആര്‍ റഹ്മാനാണ്. ആ പാട്ടിന് ലഭിച്ച സ്വീകാര്യത പക്ഷേ മിന്‍മിനിയുടെ കരിയറില്‍ തുടര്‍ന്നുണ്ടായില്ല. പല കാരണം കൊണ്ടും മിന്‍മിനിക്ക് സിനിമയില്‍ അവസരങ്ങള്‍ നഷ്ടപ്പെട്ടു. അതില്‍ പ്രധാനമായിരുന്നു ശബ്ദത്തിനുണ്ടായ ചില പ്രശ്‌നങ്ങള്‍. ശബ്ദം തിരിച്ചുകിട്ടിയപ്പോഴാകട്ടെ അവസരങ്ങള്‍ മിന്‍മിനിയെ തേടിയെത്തിയതുമില്ല. അവസരങ്ങള്‍ തേടിപ്പോകാത്ത മിന്‍മിനി സംഗീത സംവിധായകന്‍ അല്ക്‌സ് പോളില്‍ നിന്നും ദുഃഖിപ്പിക്കുന്ന ഒരനുഭവമുണ്ടായത് തുറന്നു പറയുന്നു.
പൃഥ്വിരാജും കാവ്യമാധവനും താരങ്ങളായ വാസ്തവം എന്ന ചിത്രത്തിലെ ഒരു ഗാനം പാടാന്‍ അല്ക്‌സ് പോള്‍ വിളിച്ചു. ഏറെ സന്തോഷത്തോടെ ‘അരപ്പവന്‍ പൊന്നുകൊണ്ട് അരയിലൊരേലസ്’ എന്ന പാട്ട് പാടുകയും റെക്കോഡിങ്ങും നടത്തുകയും ചെയ്തു. എന്നാല്‍ പാട്ട് പുറത്തുവന്നപ്പോള്‍ അത് റിമി ടോമിയുടെ ശബ്ദത്തിലായിരുന്നു.
പാടുന്നതിന് മുന്‍പ് താന്‍ പാടിയത് ട്രാക്കാണെന്ന് അലക്‌സ് പോളോ മറ്റോ പറഞ്ഞിരുന്നെങ്കില്‍ ഇത്രയും സങ്കടം തനിക്കു തോന്നില്ലായിരുന്നുവെന്ന് മിന്‍ മിനി പറയുന്നു. ‘റിമി പാടിയതിലല്ല എനിക്ക് സങ്കടം, മറിച്ച് അത് എന്നോട് പറയാതിരുന്നതിലാണ്’. ഞാന്‍ അലക്‌സ് പോളിനെ കണ്ട് ഇക്കാര്യത്തിലുള്ള എന്റെ പ്രതികരണം അറിയിക്കുകയും ചെയ്തിരുന്നു’ – മിന്‍മിനി പറയുന്നു.
പാപ്പനെക്കുറിച്ചും വര്‍ക്കിയെക്കുറിച്ചും എന്ന സിനിമയില്‍ ആനന്ദ് മധുസൂദനന്റെ സംഗീതത്തില്‍ കല്ല്യാണം കല്ല്യാണം.. എന്നാ ഗാനമാണ് മിന്‍മിനി അവസാനമായി സിനിമയിൽ പാടിയത്.
Post Your Comments