മലയാളത്തില്‍ പുരുഷന്മാര്‍ മാത്രം തിളങ്ങിനിന്ന കോമഡി റോളുകളിലേക്ക് ധൈര്യ പൂര്‍വ്വം കടന്നു വന്ന അതുല്യ പ്രതിഭയാണ് കല്‍പ്പന. മലയാളത്തിന്റെ ഹാസ്യറാണി കല്‍പ്പന നമ്മെ വിട്ട് പോയെന്ന് ഇന്നും ഉള്‍ക്കൊള്ളാന്‍ മലയാളിക്കാവില്ല. ചിരിയുടെ പൂരങ്ങള്‍ തീര്‍ത്തു കുടുംബ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ കല്‍പ്പന ഓര്‍മ്മയായിട്ട് ഒരു വര്ഷം.
എം.ടി. വാസുദേവന്‍ നായര്‍ സംവിധാനം ചെയ്ത് 1983ല്‍ പുറത്തിറങ്ങിയ മഞ്ഞ് എന്ന ചലച്ചിത്രത്തിലൂടെ തുടങ്ങിയ അഭിനയസപര്യ 33 വര്‍ഷം മലയാള സിനിമയെ സമ്പന്നമാക്കി. 2015 ല്‍ പ്രദര്‍ശനത്തിനെത്തിയ ചാര്‍ലി എന്ന അവസാന ചിത്രത്തിലെ വേഷം മനോഹരമാക്കിയാണ് കല്‍പ്പന യാത്രയായത്.
മലയാളത്തിലെ എണ്ണം പറഞ്ഞ ഹാസ്യ സാമ്രാട്ടുകളോടൊപ്പം ചേര്‍ത്ത് വയക്കാന്‍ കല്‍പനയെന്നല്ലാതെ മറ്റൊരു പേര് കണ്ടത്തുക അസാധ്യം. ഡോക്ടര്‍ പശുപതിയിലെ സൊസൈറ്റി ലേഡി, സിഐഡി ഉണ്ണികൃഷ്മനിലെ കുക്ക്, തുടങ്ങി മലയാളിയെ ഇന്നും ചിരിപ്പിക്കുന്ന ഒട്ടേറെ ചിത്രങ്ങള്‍ കല്‍പ്പനയുടെ പേരിലുണ്ട്.
എന്നാല്‍ ആരും ശ്രദ്ധിക്കാത്ത ഒന്നുണ്ട്. ഹാസ്യമായിരുന്നില്ല കല്പനയുടെ ആദ്യതട്ടകം. ശിവന്‍ സംവിധാനം ചെയ്ത യാഗം എന്ന ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രത്തിലും അരവിന്ദന്‍ സംവിധാനം ചെയ്ത പോക്കുവെയില്‍ എന്ന ചിത്രത്തിലും നായിക കല്പ്പനയായിരുന്നു. കെ.ജി. ജോര്‍ജിന്റെ പഞ്ചവടിപ്പാലത്തിലെ അനാര്‍ക്കലി, അതുകഴിഞ്ഞ് പെരുവണ്ണാപുരത്തെ വിശേഷങ്ങളിലെ മോഹിനി എന്നീ കഥാപാത്രങ്ങളിലൂടെയാണ് മലയാളസിനിമയിലെ പെണ്‍ഹാസ്യതാരപട്ടികയില്‍ ഒന്നാം സ്ഥാനം കല്‍പ്പന നേടിയത്. അതിനുമുന്‍പ് ശ്രീലതയും മീനയുമെല്ലാം ഹാസ്യം ചെയ്തിരുന്നുവെങ്കിലും ഒരു പുരുഷ കഥാപാത്രത്തിന്റെ സപ്പോര്‍ട്ട് പൂര്‍ണ്ണമായുമില്ലാതെ ആ കഥാപാത്രങ്ങള്‍ക്ക് അസ്ഥിത്വം ഉണ്ടായിരുന്നില്ലാ. അവിടെയാണ് കല്പന മാറിനില്‍ക്കുന്നത്.
ഹാസ്യതാരം എന്നതില്‍ നിന്ന് സ്വഭാവ നടിയെന്ന നിലയിലേക്കുള്ള കല്‍പ്പനയുടെ വളര്‍ച്ചയായിരുന്നു ഏറ്റവുമൊടുവില്‍ നാം കണ്ടത്. ബ്രിഡ്ജിലേയും ചാര്‍ലിയിലേയുമൊക്കെ കഥാപാത്രങ്ങള്‍ അത്തരത്തില്‍ പ്രേക്ഷകന്റെ ഉള്ളില്‍ പതിഞ്ഞവയാണ്. ദേശീയ അവാര്‍ഡ് നേടിയ ബാബു തിരുവല്ലയുടെ ‘തനിച്ചല്ല ഞാനി’ലെ റസിയാബീവി യഥാര്‍ഥജീവിതത്തിലെ ഒരു കഥാപാത്രമായിരുന്നു. അതില്‍ മറ്റാരെയെങ്കിലും നായികയാക്കാനും സാറ്റലൈറ്റ് റൈറ്റ് പോലുള്ള സിനിമയുടെ കച്ചവടതാത്പര്യങ്ങള്‍ ഹനിക്കപ്പെടാതിരിക്കാനും സംവിധായകനോടു കല്പനതന്നെ പറഞ്ഞിട്ടുണ്ട്. എന്നാല്‍ ബാബു തിരുവല്ല തന്റെ ചിത്രത്തില്‍ കല്പന മതിയെന്ന് നിര്‍ബന്ധം പിടിക്കുകയും ചെയ്തു. എന്തുതന്നെയായാലും ആ ചിത്രത്തിലൂടെ പ്രേക്ഷക അംഗീകാരം മാത്രമല്ല ദേശീയ പുരസ്കാരവും നേടുവാന്‍ കല്‍പ്പനയ്ക്കു സാധിച്ചു.
നാടകപ്രവര്‍ത്തകരായ ചവറ വി പി നായരുടെയും വിജയലക്ഷ്മിയുടെയും മകളായി ജനിച്ച കല്‍പ്പന ഭാഗ്യരാജിനൊപ്പം ‘ചിന്നവീട്’ എന്ന ചിത്രത്തിലൂടെ തമിഴകത്തും സാന്നിധ്യമറിയിച്ചു. ‘സതി ലീലാവതി’ ഉള്‍പ്പടെ നിരവധി തമിഴ് ചിത്രങ്ങളിലും കല്‍പ്പന വേഷമിട്ടിട്ടുണ്ട്. കലാരംഗത്തുള്ള കലാരഞ്ജിനി, ഉര്‍വശി എന്നിവര്‍ സഹോദരങ്ങളാണ്.
Post Your Comments