ചെന്നൈയില്‍ ജല്ലിക്കെട്ട് നിരോധിച്ചതിനെതിരെ പ്രക്ഷോഭം സമാധാനപരമായി നടക്കുന്നതിനിടെ അണികളെ ഒഴിപ്പിക്കാന്‍ നോക്കിയത് അക്രമത്തില്‍ കലാശിച്ചു. ഇതില്‍ പോലീസുകാര്‍ക്കും വലിയ തോതില്‍ പങ്കുണ്ടെന്ന് തോന്നിപ്പിക്കുന്ന തരത്തില്‍ വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്.
പ്രക്ഷോഭകരെ നേരിടുന്നതിനിടെ ഓട്ടോറിക്ഷ കത്തിക്കുന്ന പൊലീസുകാരന്റെ വീഡിയോ നവമാധ്യമങ്ങളിലടക്കം വലിയതോതില്‍ ചര്‍ച്ചയാകുകയാണ്. തമിഴ് സൂപ്പര്‍സ്റ്റാര്‍ കമലഹാസന്‍, അരവിന്ദ് സ്വാമി തുടങ്ങി നിരവധി പേര്‍ ഈ വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്. ‘എന്താണിത്? ആരെങ്കിലും വിശദീകരിച്ച് തരുമോ’- എന്ന് ചോദിച്ചുകൊണ്ട് ട്വിറ്ററിലാണ് കമല്‍ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.
What is this. Please explain some one pic.twitter.com/MMpFXHSOVk
— Kamal Haasan (@ikamalhaasan) January 23, 2017
വീഡിയോയുടെ ആധികാരികത ഉറപ്പില്ലെങ്കിലും സംഭവത്തില്‍ വസ്തുതയുണ്ടെങ്കില്‍ കര്‍ശന നടപടിയെടുക്കുമെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ കെ ശങ്കര്‍ പ്രതികരിച്ചു. എന്നാല്‍ വൈറലാകുന്ന വീഡിയോ വ്യാജമാണെന്നും സംഭവം അന്വേഷിച്ചുവരുകയാണെന്നും മറ്റൊരു പൊലീസ് ഉദ്യോഗസ്ഥന്‍ ടികെ രാജേന്ദ്രന്‍ പറഞ്ഞു
സമാധാനപരമായി നടന്ന ജല്ലിക്കെട്ട് പ്രക്ഷോഭം അക്രമാസക്തമാക്കിയത് പൊലീസ് ആണെന്ന ആരോപണം ഉയരുന്നതിനിടെയാണ് വീഡിയോ പുറത്തുവന്നിരിക്കുന്നത്. റിപ്ലബിക് പരേഡിന് വേണ്ടി ബീച്ച് ഒഴിഞ്ഞ് നല്‍കണമെന്ന ആവശ്യം പ്രതിഷേധക്കാര്‍ അംഗീകരിക്കാത്തതിനെ തുടര്‍ന്ന് ചെന്നൈ മറീന ബീച്ചില്‍ തമ്പടിച്ചിരുന്ന ജല്ലിക്കെട്ട് പ്രക്ഷോഭകരെ പൊലീസ് തിങ്കളാഴ്ച്ച ബലം പ്രയോഗിച്ച് നീക്കിയിരുന്നു. പൊലീസ് ലാത്തി വീശിയതോടെ പ്രക്ഷോഭകര്‍ അക്രമാസക്തരായി. കല്ലുകളും ചെരുപ്പുകളും കൊണ്ട് പ്രതിഷേധക്കാര്‍ പൊലീസുകാരെ നേരിട്ടു. പൊലീസ് വാഹനങ്ങള്‍ അഗ്നിക്കിരയായി. പ്രതിഷേധക്കാര്‍ക്കിടയില്‍ നുഴഞ്ഞുകയറിയ പുറത്ത് നിന്നുള്ളവരാണ് അക്രമത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്.
Post Your Comments