CinemaGeneralNEWS

മലയാളികളുടെ സമരം കെഎസ്‌ആര്‍ടിസി ബസിന് കല്ലെറിയലും കണ്ണില്‍ക്കണ്ടതെല്ലാം നശിപ്പിക്കലുമാണ്- മമ്മൂട്ടി

ജെല്ലിക്കെട്ട് നിരോധത്തിനെതിരെ തമിഴ്നാട്ടിലെമ്പാടും നടക്കുന്ന പ്രക്ഷോഭത്തെ പിന്തുണച്ച മമ്മൂട്ടി ജാതി മത രാഷ്ട്രീയ വ്യത്യാസമില്ലാതെ, ഒരു നേതാവില്ലാതെ, മൊട്ടുസൂചി കൊണ്ട് പോലും അക്രമം നടത്താതെയുള്ള ജെല്ലിക്കട്ട് പ്രക്ഷോഭം മലയാളികള്‍ക്ക് സ്വപ്നം കാണാന്‍ സാധിക്കാത്തതാണെന്ന് അഭിപ്രായപ്പെട്ടു. വികെ ശ്രീരാമന്‍ നേതൃത്വം നല്‍കുന്ന സാംസ്കാരിക കൂട്ടായ്മയായ ഞാറ്റുവേല സംഘടിപ്പിച്ച ‘ജനാധിപത്യത്തിന്റെ വര്‍ത്തമാനം’ എന്ന ചര്‍ച്ചയിലാണ് മമ്മൂട്ടി തന്റെ നിലപാട് വ്യക്തമാക്കിത്.

കെഎസ്‌ആര്‍ടിസി ബസിന് കല്ലെറിയലും കണ്ണില്‍ക്കണ്ടതെല്ലാം നശിപ്പിക്കലുമാണ് നമ്മുടെ സമരം, സമരം നടക്കുമ്പോള്‍ വീട്ടില്‍ ഇരിക്കുന്നവരും അതിനെ തള്ളിപ്പറയുന്നവരുമാണ് മലയാളികള്‍. എന്നാല്‍ തമിഴ്നാട്ടില്‍ അഞ്ചു ലക്ഷത്തോളം പേര്‍ ഒരു നേതാവു പോലും ഇല്ലാതെ നടത്തിയ സമരം തന്നെ വല്ലാതെ ആകര്‍ഷിച്ചെന്നും മമ്മൂട്ടി അറിയിച്ചു.

കേരളത്തില്‍ മത്സ്യതൊഴിലാളികള്‍ നടത്തിയ സമരത്തിനെ എതിര്‍ത്തു പലരും സംസാരിച്ചത് നമ്മള്‍ കണ്ടതാണ്. അവര്‍ പിടിക്കുന്ന മത്സ്യം, അവര്‍ മാത്രമല്ല കഴിക്കുന്നതെന്ന് ആരും ഓര്‍ത്തില്ല. കാളയെ ഉപദ്രവിക്കലോ, വെട്ടിപ്പിടിക്കലോ അല്ല ജല്ലിക്കട്ട്. പാശ്ചാത്യ രാജ്യങ്ങളിലേത് പോലെ കുത്തിക്കൊല്ലുന്നുമില്ല. പൗരുഷത്തിന്റെയും ഹീറോയിസത്തിന്റെയും പ്രകടനമാണിതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

മനുഷ്യത്വമില്ലാത്ത മൃഗവും മൃഗത്വമുള്ള മനുഷ്യനും തമ്മിലുള്ള ഇടപെടലായ ജെല്ലിക്കെട്ട് തമിഴ്നാട്ടുകാരുടെ വികാരമാണ്. കുത്തക കമ്പനികള്‍ക്കെതിരെയും തമിഴ്നാട്ടില്‍ സമരം രൂപപ്പെട്ടുവരുന്നുണ്ടെന്നും മമ്മൂട്ടി പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button