കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ഫിലിം ഫെയര്‍ അവാര്‍ഡില്‍ മികച്ച പുതുമുഖ നടനുള്ള പുരസ്കാരം തനിക്ക് നല്കാതിരുന്നതില് പ്രതിഷേധിച്ച് ബോളിവുഡ് യുവതാരം ഹര്ഷവര്ദ്ധന് കപൂര്‍. രായേഷ് ഓം പ്രകാശ് മെഹ് റ സംവിധാനം ചെയ്ത മിര്സിയയിലൂടെ അനില്‍ കപൂറിന്റെ മകനും സോനം കപൂറിന്റെ സഹോദരനുമായ ഹര്ഷവര്ദ്ധന് ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചിരുന്നു. പുരസ്കാരം ലഭിക്കാത്തതില്‍ തനിക്ക് കടുത്ത നിരാശയുണ്ടെന്ന് മിഡ് ഡേയ്ക്ക് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
ഉട്താ പഞ്ചാബിലൂടെ അരങ്ങേറ്റം കുറിച്ച ദില്‍ജിത്ത് ദോസാഝിനായിരുന്നു ഫിലിം ഫെയര്‍ മികച്ച പുതുമുഖ നടനുള്ള പുരസ്കാരം നല്‍കിയത്. നേരത്തേ പഞ്ചാബി ചിത്രങ്ങളില്‍ സജീവമായിരുന്ന ദില്‍ജിത്തിന്റെ ആദ്യ ബോളിവുഡ് ചിത്രമാണ് ഉട്താ പഞ്ചാപ്.
മിര്സിയയിലെ അഭിനയത്തിന് എനിക്ക് രണ്ട് പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഫിലിം ഫെയര്‍ അവാര്‍ഡ് ഞാന്‍ പ്രതീക്ഷിച്ചിരുന്നു. അരങ്ങേറ്റത്തിനുള്ള പുരസ്കാരം നല്‍കേണ്ടത് ആദ്യമായി സിനിമയിലെത്തുന്ന ഒരു അഭിനേതാവിനാണ്. ഇപ്പോള്‍ പുരസ്കാരം നേടിയ നടന് മറ്റൊരു ഭാഷയില്‍ വര്‍ഷങ്ങളായി സജീവമായിരുന്നു. ലിയണാര്‍ഡോ ഡി കാപ്രിയോ ആദ്യമായി ഹിന്ദിയില്‍ അഭിനയിക്കുകയാണെങ്കില്‍ അദ്ദേഹത്തിന് ആരെങ്കിലും പുതുമുഖ താരത്തിനുള്ള പുരസ്കാരം നല്‍കുമോ?- ഹര്ഷവര്ദ്ധന് ചോദിക്കുന്നു.
കടുത്ത നിരാശയുണ്ടെങ്കിലും ഇപ്പോള്‍ അതൊന്നും ആലോചിക്കുന്നില്ലെന്നും വരും സിനിമകളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുമെന്നും ഹര്ഷവര്ദ്ധന് അഭിമുഖത്തില്‍ പറഞ്ഞു
Post Your Comments