തെറ്റുകള്‍ക്കിടയിലെ ശരിയും ശരികള്‍ക്കിടയിലെ തെറ്റുകളും ഒരേസമയം ചര്ച്ചക്കുവിധേയമാക്കുകയാണ് അകം പുറം എന്ന ഹ്രസ്വചിത്രം. പൂജപ്പുര ജയിലില്‍നിന്നും വഞ്ചിയൂര്‍ കോടതിയില്‍ ഹാജരാക്കാന്‍ ഒരു പ്രതിയെയും കൊണ്ടുപോകുന്ന രണ്ടുപൊലീസുകാരുടെ യാത്രയിലൂടെയാണ് ചിത്രം വികസിക്കുന്നത്. ഒരേ സമയം കൃത്യനിര്വഹണബോധവും അതേ സമയം കുടുംബബന്ധങ്ങളോടുള്ള കടപ്പാടും നിറയുന്ന ഒരു പൊലിസുകാരന്റെ പ്രതിസന്ധികളിലൂടെയാണ് അകം പുറത്തിന്റെ പ്രയാണം.
കൃത്യനിര്‍വഹണ ഡ്യൂട്ടിക്കിടെ ആശുപത്രിയില്‍ അത്യാസന്ന നിലയില്‍ കിടക്കുന്ന അമ്മയെക്കുറിച്ച് ആകുലതകളുമായി നീറുന്ന ആ പൊലീസുകാരനും പിഴച്ചുപോയ അമ്മയെ കൊലപ്പെടുത്തി ജയിലിലെത്തുന്ന കുറ്റവാളിയും ഇവിടെ പ്രതിനിധാനം ചെയ്യുന്നത് ജീവിതത്തിന്റെ വിഭിന്നധ്രുവങ്ങളെയാണ്. അതേസമയം തീര്‍ത്തും അജ്ഞാതയും അപരിചിതയുമായ മറ്റൊരമ്മയ്ക്കുവേണ്ടി രക്തം നല്കാന് സ്വന്തം അമ്മയെ കൊലപ്പെടുത്തിയ പ്രതി കാണിക്കുന്ന മനസ്സ് – ഒറ്റവാക്കില്‍ അകം പുറം തിരയുന്നത് നന്മ തിന്മകള്‍ക്കിടയിലെ ഈ നേര്‍രേഖ തന്നെയാണ്.
ജീവിത സാഹചര്യങ്ങളും വ്യക്തിബന്ധങ്ങളും ഓരോരുത്തര്‍ക്കും എത്രമേല്‍ പ്രിയപ്പെട്ടതാണെന്നും വെറുക്കപ്പെട്ടതാണെന്നും ഒരേസമയം കാട്ടിത്തരാന്‍ അകം പുറത്തിന് കഴിയുന്നുണ്ട്. ചലച്ചിത്രതാരങ്ങളായ ശരത് ദാസും പ്രേം ലാലും പൊലീസുകാരായി എത്തുമ്പോള്‍ ഫോട്ടോഗ്രാഫറായ അരുണ്‍ പുനലൂരാണ് പ്രതിയുടെ വേഷത്തില്‍ അഭിനയിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് ബാങ്ക് ഉദ്യോഗസ്ഥനായ അരുണ്‍ പുരുഷോത്തമന്റെ ആദ്യ സംവിധാന സംരംഭമായ അകം പുറം ഇതിനകം മൂന്ന് വിദേശ ചലച്ചിത്രമേളകളിലടക്കം നിരവധി മത്സരവേദികളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം യൂട്യൂബില്‍ റിലീസ് ചെയ്ത അകം പുറം ഇതിനകം നിരവധി പ്രേക്ഷകരുടെയും മികച്ച അഭിപ്രായത്തിന് അര്‍ഹമായി. ലിജി അമ്പലംകുന്നിന്റെ ഛായാഗ്രഹണവും മിഥുന് മുരളിയുടെ പശ്ചാത്തല സംഗീതവും അകം പുറത്തെ ശ്രദ്ധേയമാക്കുന്നു.
അകം പുറം കാണാം:
Post Your Comments