നിർമാതാക്കളുടെ ഹൃദയംതകരുമ്പോൾ മമ്മൂട്ടിയുടെ മൗനമാണ് ഞെട്ടിപ്പിച്ചത് ; ഹൃദയ ശസ്ത്രക്രിയ നടത്തുന്നവരും ബ്ലോഗെഴുതുന്നവരും സമരത്തിൽ ഇടപെടാത്തതിൽ പ്രതിഷേധമുണ്ട്;. ഇവർക്കെതിരെ സംസാരിക്കാൻ മറ്റുള്ളവർക്ക് മടി കാണും, എനിക്കാ മടിയില്ല – നിർമാതാവ് ജി. സുരേഷ് കുമാറുമായി അഭിമുഖം
മുന്‍പെങ്ങും കണ്ടിട്ടില്ലാത്ത തരത്തിൽ വിചിത്രമായ സമരത്തിന് മുന്നില്‍ പകച്ചു നില്‍ക്കുകയായിരുന്നു കഴിഞ്ഞ മാസം മലയാള സിനിമ. തീയറ്ററുകളിൽ നിന്ന് ഏറ്റവും കൂടുതൽ വരുമാനം കിട്ടുന്ന ഉത്സവ സീസണിൽ , സൂപ്പർ താര ചിത്രങ്ങളടക്കം റിലീസിന് തയ്യാറെടുക്കുമ്പോഴാണ് ഒരു കൂട്ടം തിയേറ്റർ മുതലാളികൾ അവസരം മുതലാക്കി ബ്ലാക്‌മെയ്‌ലിംഗ് സമരവുമായി രംഗത്തിറങ്ങിയത്. ചരിത്രത്തില്‍ ആദ്യമായാണ് സിനിമയിൽ ഇങ്ങനെയൊരു ‘മുതലാളി സമരം’ നടക്കുന്നത്. ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന ഏര്‍പ്പാടാണ് ഇതെന്ന് അവരില്‍ ചിലര്‍ക്കെങ്കിലും ഇപ്പോള്‍ തോന്നിയപ്പോഴാണ് സമരം പിൻവലിക്കാനും, നടൻ ദിലീപിന്റെ നേതൃത്വത്തിലുള്ള പുതിയ സംഘടനയിൽ പ്രവർത്തിക്കാനും അവർ തയാറായത്.
ഇങ്ങനെയൊരു സാഹചര്യത്തിൽ മലയാള സിനിമയിലെ സീനിയേഴ്സ് ആയ മമ്മൂട്ടിയും മോഹൻലാലും പ്രശ്നത്തിൽ പാലിച്ച മൗനം തെറ്റാണെന്നു തുറന്നു പറയുകയാണ് നിർമാതാവ് സുരേഷ് കുമാർ.എക്സിബിറ്റേഴ്സ് അസോസിയേഷന്റെ ഏകപക്ഷീയമായ നിലപാടുകളിൽ പൊറുതിമുട്ടിയാണ് പുതിയ സംഘടന രൂപീകരിച്ചത്. പഴയ എക്സിബിറ്റേഴ്സ് ഫെഡറേഷന്റെ മുട്ടുന്യായങ്ങളെ ശക്തമായി പ്രതിരോധിക്കുകയും , ഭീഷണികൾക്ക് വഴങ്ങിക്കൊടുക്കാതെ ശക്തമായ നിലപാടുകളുമായി ഉറച്ചുനിൽക്കുകയും ചെയ്ത പ്രൊഡ്യൂസഴ്സ് അസോസിയേഷൻ പ്രസിഡന്റ് കൂടിയായ ജി സുരേഷ് കുമാർ ഈസ്റ് കോസ്റ്റ് ഡെയ് ലിയുമായി സംസാരിക്കുന്നു
ചോ: സർക്കാർ പോലും ഏകപക്ഷീയം എന്ന് വിലയിരുത്തിയ സിനിമ സമരം കൊണ്ട് മലയാള സിനിമയ്ക്കുണ്ടായ നഷ്ടത്തിന്റെ വ്യാപ്‌തി എന്താണ് ?
നഷ്ടമെന്നു പറഞ്ഞാൽ മുഴുവൻ നഷ്ടമല്ലേ . ഫെസ്റ്റിവൽ സീസണിൽ ഉണ്ടാകുമായിരുന്ന കളക്ഷൻ പ്രധാനമായും വലിയ നഷ്ടമാണ് . ആ സമയത്ത് വേറെ എതിരാളികളൊന്നും ആ സിനിമകൾക്കില്ലായിരുന്നു . എന്തായാലും ആ അവസ്ഥ ഇനി ഉണ്ടാകില്ല . അടുത്ത ആഴ്ചയോടെ സൂര്യയുടെ സിംഗം 3 അടക്കമുള്ള വമ്പൻ താര ചിത്രങ്ങൾ എവിടെയെത്തും . അത് വലിയ ഭീഷണി അല്ലെങ്കിലും ഒരു കൂട്ടം പ്രേക്ഷകർ ആ സിനിമകളിലേക്ക് തിരിയും . സമരം നടന്ന സമയത്ത് ദങ്കൽ ഒഴികെ മലയാള സിനിമകൾക്ക് മറ്റെതിരാളികൾ ഒന്നുമില്ലായിരുന്നു. അങ്ങനെ വരുമ്പോൾ ഉണ്ടായിട്ടുള്ള നഷ്ടം വളരെ വലുതാണ്. 30 കോടിരൂപയുടെ അധിക കളക്ഷൻ ഉണ്ടാകേണ്ട സമയത് 10 കോടി രൂപയുടെ നഷ്ടം ആണുണ്ടായത് .
ചോ:എക്സിബിറ്റേഴ്സ് ഫെഡറേഷന്റെ ഭാഗമായിരുന്ന 73 ഓളം തിയേറ്ററുകളും , ഫെഡറേഷന്റെ ട്രഷറർ ആയിരുന്ന സാജു ജോണി അടക്കം പ്രമുഖരും സമരമവസാനിപ്പിച്ച് പുതിയ സംഘടനയിലേക്ക് വന്നുകഴിഞ്ഞു . ഇത്തരം ഒരു തീരുമാനത്തിലേക്ക് അവരെ നയിച്ച സാഹചര്യം എന്താവും ?
സാജു ജോണി മാത്രമല്ല . ഇ വി എം ഗ്രൂപ്പ്, മുത്തൂറ്റ് ഗ്രൂപ്പ് ,കാർണിവൽ ഗ്രൂപ്പ് , ആന്റണി പെരുമ്പാവൂർ തുടങ്ങിയ പ്രമുഖരെല്ലാം ഞങ്ങൾക്കൊപ്പം വന്നു കഴിഞ്ഞു. ഇവരുടെ തീയേറ്ററുകൾ എടുത്തു കഴിഞ്ഞാൽ തന്നെ അൻപതോളം തീയേറ്ററുകൾ ഉണ്ട്. ഏക പക്ഷീയമായ തീരുമാനങ്ങൾ അടിച്ചേൽപ്പിക്കാൻ ശ്രമിച്ചതാണ് അവരെ ഇത്തരമൊരു തീരുമാനത്തിലേക്ക് നയിച്ചത് .അവിടെയും നല്ല ആൾക്കാരുണ്ടായിരുന്നു. അവർ ചെയ്ത തെറ്റ് ലിബർട്ടി ബഷീറിനെ പിന്തുണച്ചു എന്നതാണ്. ഈ സമരം വിട്ടുകൊടുക്കാൻ ഞങ്ങൾ തയ്യാറായിരുന്നില്ല . പത്തുശതമാനം എന്നാൽ 300 കോടി ടേൺ ഓവർ ഉണ്ടാകുന്ന ഒരു വ്യവസായത്തിൽ 30 ഓളം കോടി രൂപയാണ്. ആ നഷ്ടം ഒരു വലിയ നഷ്ടമാണ് .
ചോ: അവർ ഉന്നയിക്കുന്ന ഒരു പ്രശ്നം മൾട്ടി പ്ലെക്സുകൾക്ക് 50:50 എന്ന നിരക്ക് നിങ്ങൾ അനുവദിച്ചു കൊടുക്കുന്നുവെന്നാണ്?
മൾട്ടി പ്ലെക്‌സും സാധാരണ തിയേറ്ററുകളും തമ്മിൽ താരതമ്യം ചെയ്യാൻ പറ്റില്ല . തട്ടുകടയും ഫൈവ്സ്റ്റാർ ഹോട്ടലും തമ്മിലുള്ള വ്യത്യാസം രണ്ടും തമ്മിലുണ്ട്. ഫൈവ് സ്റ്റാറിൽ പോയാൽ അവർ നൽകുന്ന സൗകര്യങ്ങൾ അനുസരിച്ച് അവർക്ക് പണം നൽകേണ്ടി വരും. ഫൈവ്സ്റ്റാർ സൗകര്യങ്ങളാണ് മൾട്ടി പ്ലെക്‌സുകൾ തരുന്നത് . അതുകൊണ്ട് അവർക്ക് കൂടുതൽ പണം കൊടുക്കേണ്ടി വരും. മറ്റു സംസ്ഥാനങ്ങളിൽ അവർ 55 ശതമാനമാണ് അവർ ഈടാക്കുന്നത്. ഇവിടെ നമ്മൾ 5 ശതമാനം കുറിച്ചല്ലേ കൊടുക്കുന്നത് ?.
ചോ:പുതിയ സംഘടന ഒരു സമ്മർദ്ദ തന്ത്രമാണെന്നാണ് ലിബർട്ടി ബഷീറും സംഘവും പറയുന്നത്?
പഴയ സംഘടനയിൽ മനം മടുത്തവരാണ് പുതിയ സംഘടനയിൽ എത്തിയത് . അവർക്ക് കൂടുതൽ പരിഗണന ലഭിക്കുന്ന ഒരു സംഘടനയുടെ ആവശ്യമുണ്ടായിരുന്നു. തീരുമാനങ്ങൾ അടിച്ചേൽപ്പിക്കുന്ന രീതിയായിരുന്നു പഴയ സംഘടനയിൽ. അതൊരു ജനാതിപത്യ രീതിയല്ലല്ലോ. ഭൈരവ പോലുള്ള വലിയ റിലീസുകൾ വരാനിരിക്കെ പത്താം തീയതി തീയറ്ററുകൾ അടച്ചിടാൻ ആർക്കും താല്പര്യമില്ലായിരുന്നു. ഇത്തരത്തിലുള്ള തീരുമാനങ്ങളൊക്കെ ആരുടേയും അഭിപ്രായം കേൾക്കാതെയാണ് ലിബർട്ടി ബഷീറും സംഘവും എടുത്തത്. അടച്ചിടരുതെന്ന് പറഞ്ഞവരെ യോഗത്തിൽ എഴുന്നേൽപ്പിച്ചു നിർത്തി. ഇങ്ങനെയുള്ള നടപടികൾ ഏത് സംഘടനയിലാണ് നടക്കുന്നത് . ഇതെന്താ ഫാസിസ്റ്ഭരണമാണോ. ഇതുകൊണ്ടൊക്കെയാണ് സമൂഹത്തിന്റെ മുന്നിൽ അവർ ഒറ്റപ്പെട്ടത്.
ചോ:പ്രശ്നത്തിൽ നടൻ ദിലീപിന്റെ ഇടപെടൽ എങ്ങനെയായിരുന്നു ?
പ്രശ്നങ്ങൾക്ക് പരിഹാരമായി ഒരു ബദൽ സംഘടന ഉണ്ടാവണം എന്ന ആലോചന ഉണ്ടായപ്പോൾ തിയേറ്റർ ഉടമകളായ നിർമ്മാതാക്കളുമായി സംസാരിക്കുകയുണ്ടായി . ആന്റണി പെരുമ്പാവൂരും , വിനോദ് ഷൊർണൂരും, ദിലീപും , കാർണിവൽ ഗ്രൂപ്പുമൊക്കെ ആ ലിസ്റ്റിൽ വരും . ഇവരിൽ ഒരാളെ പ്രൊജക്റ്റ് ചെയ്ത് നിർത്തിക്കൊണ്ട് പുതിയ സംഘടന പ്രഖ്യാപിക്കണമായിരുന്നു . അങ്ങനെ വന്നപ്പോൾ ഏറ്റവും യോജിച്ചയാൾ ദിലീപാണെന്ന് തോന്നി . അയാൾക്കതിനുള്ള കഴിവുമുണ്ട്. അങ്ങനെ ദിലീപുമായി ഇക്കാര്യം സംസാരിക്കുകയായിരുന്നു . ദിലീപ് കള്ളപ്പണം കൊണ്ടാണ് തിയേറ്റർ ഉണ്ടാക്കിയതെന്നാണ് ലിബർട്ടി ബഷീർ പറഞ്ഞു നടക്കുന്നത് . ദിലീപിൻറെ കിംഗ് ലെയർ എന്ന സിനിമ ഓടിക്കൊണ്ടിരിക്കുന്ന സമയത്താണ് അഞ്ചാം ദിവസം തീയറ്റർ സമരം പ്രഖ്യാപിച്ച് ലക്ഷങ്ങളുടെ നഷ്ടമുണ്ടാക്കിയത് . ഇത്തരത്തിലുള്ള സമരങ്ങൾകൊണ്ട് നിര്മാതാക്കൾക്കുണ്ടാകുന്ന നഷ്ടം ആര് തരും . ഇവരെകൊണ്ട് പൊറുതിമുട്ടിയിട്ടാണ് ഞങ്ങൾ പുതിയ സംഘടനയിലേക്ക് വന്നത്. അടുത്ത ആഴ്ചയോടെ സമ്മേളനം വിളിച്ച് സംഘടനയുടെ ഔദ്യോഗിക പ്രഖ്യാപനം നടത്തും.
ചോ: പ്രശ്നത്തിൽ മോഹൻലാലും, മമ്മൂട്ടിയും കാര്യമായി ഇടപെട്ടില്ല എന്ന് പറഞ്ഞിരുന്നു. മലയാള സിനിമകൊണ്ട് വലിയ നേട്ടമുണ്ടാക്കിയവർ മൗനം പാലിച്ചപ്പോൾ എന്ത് തോന്നി ?
ഞാൻ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു . അവർ മലയാള സിനിമയിലെ പ്രധാനപ്പെട്ട ആൾക്കാരാണ്. അവരെക്കാൾ സീനിയറായ മധുസാർ പോലും വിളിച്ച് നിർദേശങ്ങൾ നൽകി. അടൂർ സാർ സംസാരിച്ചു. ഇന്നസെന്റ്, മുകേഷ്, സുരേഷ് ഗോപി എന്നിവരെല്ലാം ഈ വിഷയത്തെപ്പറ്റി കാര്യമായി നമ്മളോട് സംസാരിക്കുമ്പോൾ ഇവർ രണ്ടുപേരും മൗനം പാലിച്ചു എന്ന് പറയുന്നത് ഞങ്ങളിൽ വിഷമവും , പ്രതിഷേധവും ഉണ്ടാക്കിയ കാര്യമാണ്. മമ്മൂട്ടിയുടെ മൗനമാണ് പ്രത്യേകിച്ച് ഞെട്ടലുണ്ടാക്കിയത് .മോഹൻലാൽ കുറെ നാളായി സ്ഥലത്തില്ലായിരുന്നു എന്നെങ്കിലും പറയാം. ഈ പ്രശ്നത്തിനിടെയിയിൽ മമ്മൂട്ടിയെ ഒരു ചടങ്ങിൽ വെച്ച് കണ്ടു . ഈ വിഷയത്തിൽ ഒരക്ഷരം മിണ്ടാൻ അദ്ദേഹം തയ്യാറായില്ല. ഞാനും ഒന്നും മിണ്ടാൻ പോയില്ല . അദ്ദേഹം അമ്മയെന്ന സംഘടനയുടെ സെക്രെട്ടറിയാണ്. ഞാൻ പ്രൊഡ്യൂസേർസ് അസോസിയേഷന്റെ പ്രസിഡന്റും. ആ രീതിയിലെങ്കിലും സംസാരിക്കാമായിരുന്നല്ലോ. എന്നെ എടാ എന്നാണ് വിളിക്കുന്നത് . ഫോണിലെങ്കിലും ഒന്ന് വിളിക്കാമല്ലോ. അതുണ്ടാവാത്തതിൽ എനിക്ക് വിഷമമുണ്ട്. ഇവരെപ്പോലുള്ള ആൾക്കാർ മുൻകൈ എടുത്ത് തീർപ്പാക്കേണ്ട പ്രശ്നമാണിത്. ഒരഭിപ്രായമെങ്കിലും പറയാമായിരുന്നു. ബ്ലോഗെഴുതുന്നവരും ഹൃദയ ശസ്ത്രക്രിയ നടത്തുന്നവരുമെല്ലാം നിർമാതാക്കളുടെ ഹൃദയം പൊട്ടുമ്പോൾ എവിടെയായിരുന്നു . ഞങ്ങളുടെ പ്രശ്നത്തോടുള്ള ഇവരുടെ മനോഭാവത്തിൽ പ്രതിഷേധമുണ്ട് . വേണമെങ്കിൽ ഒറ്റയാൾ പ്രതിഷേധമായി കണ്ടോളു. ഇവർക്കെതിരെ സംസാരിക്കാൻ മറ്റുള്ളവർക്ക് മടി കാണും, എനിക്കാ മടിയില്ല.
ചോ: സർക്കാർ മേൽനോട്ടത്തിൽ തിയേറ്റർ പ്രവർത്തനങ്ങളിൽ ഓൺലൈൻ സംവിധാനം ഏർപ്പെടുത്തുന്നതിനെ എങ്ങനെ കാണുന്നു?
എല്ലാം വരട്ടെ . തിയേറ്റർ ടിക്കറ്റിങ്ങിൽ മാത്രമല്ല എല്ലാ കാര്യങ്ങളിലും ഇടപെടൽ വേണം. അടൂർ ഗോപാലകൃഷ്ണൻ കമ്മറ്റി റിപ്പോർട്ട് നടപ്പാക്കാനുള്ള നടപടികൾ വേഗത്തിലാക്കാൻ സർക്കാരിനോട് പറഞ്ഞുകൊണ്ടിരിക്കുകയാണ്. ഗവണ്‍മെന്റ് അനുകൂലമായി പ്രതികരിക്കുന്നുണ്ട് .
ചോ:പുതിയ സംഘടനയിലുള്ള പ്രതീക്ഷകൾ. അതോടൊപ്പം മുടങ്ങിക്കിടക്കുന്ന സിനിമകളുടെ റിലീസുകൾ എങ്ങെനയാണ് പ്ലാൻ ചെയ്യുന്നത്?
കൂടുതൽ പേർ സംഘടനയിലേക്ക് വന്നുകൊണ്ടിരിക്കുന്നുണ്ട്. മലയാള സിനിമയുടെ നന്മക്കുവേണ്ടിയുള്ള സംഘടനയാണിത്. റിലീസ് മുടങ്ങിയ സിനിമകളിൽ ജോമോന്റെ സുവിശേഷങ്ങൾ ആദ്യം റിലീസ് ചെയ്യും. ഇരുപതാം തീയതി മുന്തിരിവള്ളികൾ തളിർക്കുമ്പോഴും അടുത്തമാസം മൂന്നാം തീയതി ഫുക്രിയും റിലീസ് ചെയ്യും, അതിനു ശേഷമായിരിക്കും ഇസ്രയുടെ റിലീസ് . ഇരുപത്താറാം തീയതി സിംഗം 3 വരുന്നത് കൊണ്ടാണ് അതിനിടയിൽ റിലീസ് വെയ്ക്കാത്തത്.
Post Your Comments