ഓരോ പ്രേക്ഷകനും ഒരു ചിത്രം മുഴുവനോ ചിലപ്പോള്‍ ചില സീനുകള്‍ മാത്രമോ ഇഷ്ടപെടുക സ്വാഭാവികമാണ്. മലയാള സിനിമാ ചരിത്രത്തില്‍ ഫാസിൽ സംവിധാനം ചെയ്ത മണിച്ചിത്രത്താഴ് എന്ന ചിത്രവും പ്രത്യേകിച്ചു ശോഭനയുടെ നാഗവല്ലിയെയും കണ്ടവരാരും തന്നെ മറക്കില്ല.
1993-ല്‍ പുറത്തിറങ്ങിയ മണിച്ചിത്രത്താഴിന്റെ തിരക്കഥ മധു മുട്ടമാണ്. മോഹൻലാൽ, ശോഭന, സുരേഷ് ഗോപി എന്നിവര്‍ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന ഈ ചിത്രത്തില്‍ മനുഷ്യ മനോനിലയുമായി ബന്ധപ്പെട്ട സ്തോഭജനകമായ ജീവിതമാണ് ചിത്രീകരിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്ത് നടന്ന ചില രസകരമായ അനുഭവങ്ങള്‍ പങ്കുവയ്ക്കുകയാണ് സംവിധായകന്‍ ഫാസില്‍ തന്റെ ‘മണിച്ചിത്രത്താഴും മറ്റ് ഓര്‍മകളും’ എന്ന പുസ്തകത്തില്‍.
നാഗവല്ലി ആവേശിച്ച ഗംഗ ഒറ്റക്കൈ കൊണ്ട് കട്ടില്‍ പൊക്കിയെടുക്കുന്ന ആ രംഗം ഇന്നും ഓരോ പ്രേക്ഷകനെയും പിന്തുടരുന്നുണ്ട്. രണ്ടു പതിറ്റാണ്ടിനിപ്പുറത്തും അതെങ്ങനെ സംഭവിച്ചുവെന്ന് അറിയാന്‍ ആരാധകര്‍ കാത്തിരിക്കുന്നു. അതിവൈകാരികമായ ആ രംഗം ചിത്രീകരിച്ചതിനെ കുറിച്ച് ഫാസില്‍ പറയുന്നു.
ശോഭന ഈ രംഗം ഷൂട്ട് ചെയ്യുന്ന സമയം ആകെ നെര്‍വസ് ആയിരുന്നു. കട്ടില്‍ ഉയാര്‍ത്താന്‍ പറ്റുമോ എന്ന ആശങ്ക ശോഭനയ്ക്കുണ്ടായിരുന്നു. ആ രംഗം ഷൂട്ട് ചെയ്തത് ഒരു ചെറിയ സൂത്രപണിയിലൂടെയാണെന്നു തുറന്നു പറയുകയാണ് ഫാസില്‍. ആ കഥയിങ്ങനെ…
‘ഉന്നെക്കൊന്ന് ഉന്‍ രത്തത്തെ കുടിപ്പേന്‍’ എന്നുപറഞ്ഞ് നാഗവല്ലി ഇടതുകൈകൊണ്ട് കട്ടില്‍ പൊക്കുന്നു. നകുലന്‍ ഗംഗേ എന്ന് ഉറക്കെ വിളിച്ചുകൊണ്ടു നാഗവല്ലിയില്‍ നിന്നും ഗംഗയുണരുന്നു. അതിനുശേഷം ‘ഞാനെന്താ പറഞ്ഞേ, ഞാനിപ്പം എന്താ പറഞ്ഞേ നകുലേട്ടാ’ എന്ന് അലറിക്കരഞ്ഞ് ഗംഗ മോഹാലസ്യപ്പെട്ട് വീഴുന്നു. ഗംഗയിലെ രോഗി ചെയ്തതും പറഞ്ഞതും ഗംഗ അറിഞ്ഞില്ലായെന്ന്, അതിശക്തമായിത്തന്നെ പ്രേക്ഷകന് ബോധ്യപ്പെടുത്തിക്കൊടുക്കാന്‍ ഇതിലും മനോരമായി സാധിക്കുമായിരുന്നില്ല.
ഈ രംഗം ചിത്രീകരിക്കും മുന്‍പ് ഫാസില്‍ പറഞ്ഞു കൊടുത്ത രീതികളെല്ലാം ശ്രദ്ധിച്ചുവെങ്കിലും കട്ടില്‍ പൊക്കുന്നതെങ്ങനെ എന്ന ആശങ്ക ശോഭനയ്ക്കുണ്ടായിരുന്നത് മാറിയില്ല. അതുകൊണ്ട് തന്നെ ‘സാര്‍, എനിക്കീ കട്ടില്‍ ഒറ്റ കൈകൊണ്ട് പൊക്കാന്‍ പറ്റില്ല.’യെന്നു ശോഭന ആവര്‍ത്തിച്ചു. ‘നാഗവല്ലിയായി മാറിക്കഴിയുമ്പോള്‍ ശോഭന അത് ഒരു വിരല്‍കൊണ്ട് പൊക്കിക്കൊള്ളു’മെന്നു താന്‍ പറഞ്ഞപ്പോള്‍ വല്ലാത്ത ഒരു നോട്ടം നോക്കികൊണ്ട് ശോഭന ടച്ചപ്പിന് പോയെന്നു ഫാസില്‍ പറയുന്നു.
ആ കിട്ടിയ കുറച്ചു സമയം കൊണ്ട് താന്‍ ഒരു സൂത്രമൊപ്പിച്ചു. ശോഭന തിരികെവന്നപ്പോള്‍, താന്‍ പറഞ്ഞു, ദേ, കണ്ടോ… എന്നിട്ട് നാഗവല്ലിയുടെ തമിഴ് സംഭാഷണം പറഞ്ഞഭിനയിച്ച് കട്ടില്‍ ഒരു വിരല്‍കൊണ്ട് പൊക്കിനിര്‍ത്തി കാണിച്ചു കൊടുത്തു. സംവിധാന സഹായികളിലാരോ സാര്‍ എന്ന് അലറി വിളിച്ചപ്പോള്‍, കട്ടില്‍ താഴെയിട്ട് താന്‍ കഥാപാത്രത്തില്‍ നിന്നും മാറിയതായി കാണിച്ചു. അന്തിച്ചുപോയ ശോഭന ഒന്നും മനസ്സിലാകാതെ ചുറ്റുമുള്ളവരെ
നോക്കി. പിന്നെ എന്തോ സംശയത്തില്‍ ഓടിവന്ന് കട്ടിലിനടിയിലേക്ക് കുനിഞ്ഞു നോക്കി.
അവിടെ ഒളിച്ചിരുന്ന് കട്ടില്‍ പോക്കിതന്ന സെറ്റ് അസിസ്റ്റന്റ് അലിയെകണ്ട് ശോഭന ചിരിച്ചു. സംഭാഷണത്തിന്റെ ഒരു ഘട്ടത്തില്‍, കിറുകൃത്യ ടൈമിങ്ങില്‍, അലി രണ്ടുകൈകൊണ്ടും കട്ടില്‍ ഒറ്റ പൊക്കാണ്. കഥാപാത്രം പൊക്കിയതുപോലെത്തന്നെയുണ്ടാകും. വേഗം എല്ലാവരും സീരിയസ് ആകുകയും അതിശ്രദ്ധയോടെയും മനോഹരവുമായി അ സീന്‍ ചിത്രീകരിക്കാന്‍ കഴിഞ്ഞുവെന്നു ഫാസില്‍ പുസ്തകത്തില്‍ വെളിപ്പെടുത്തുന്നു
ഗംഗ എന്ന കേന്ദ്രകഥാപാത്രത്തെ അനശ്വരമാക്കിയ ശോഭനയ്ക്ക് ഏറ്റവും നല്ല നടിക്കുള്ള ദേശീയപുരസ്കാരം ലഭിക്കുകയുണ്ടായി.
ഈ ചിത്രത്തിന്റെ തകർപ്പൻ ജയം പത്തുവർഷങ്ങൾക്ക് ശേഷമാണെങ്കിലും ഇന്ത്യയിലെ വിവിധ ഭാഷകളിൽ പുനർനിർമ്മിക്കുവാൻ കാരണമായി. കന്നടയിൽ ആപ്തമിത്ര, തമിഴിലും തെലുങ്കിലും ചന്ദ്രമുഖി, ഹിന്ദിയിൽ ഭൂൽ ഭുലയ്യ എന്നീ പേരുകളില്‍ ഇറങ്ങിയ ചിത്രങ്ങള്‍ വന്‍ വിജയവുമായിരുന്നു.
Post Your Comments