ജമ്മുകശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയെ സന്ദര്‍ശിച്ചതിന് സോഷ്യല്‍ മീഡിയയുടെ കടന്നാക്രമണം നേരിട്ടിരിക്കുകയാണ് നടി സൈറ വസീം. ദംഗലിലൂടെ ശ്രദ്ധേയയായ നടിയാണ് സൈറ വസീം. ചിത്രത്തില്‍ ഗീത ഫൊഗട്ടിന്റെ കുട്ടിക്കാലം അവതരിപ്പിച്ച സൈറ, സാമൂഹ്യമാധ്യമങ്ങളില്‍ വിമർശനങ്ങളും ആക്ഷേപങ്ങളും പരിധിവിട്ടതോടെ ക്ഷമചോദിച്ചു.
ശനിയാഴ്ചയാണ് സൈറ ജമ്മുകശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബയെ കണ്ടത്. ശ്രീനഗര്‍ സ്വദേശിയായ സൈറ മെഹബൂബയുമായുള്ള കൂടിക്കാഴ്ചയില്‍ പെണ്‍കുട്ടികള്‍ക്ക് വിദ്യഭ്യാസം നല്‍കേണ്ട ആവശ്യകതയെക്കുറിച്ചും സ്ത്രീ സുരക്ഷയെക്കുറിച്ചുമാണ് സംസാരിച്ചത്. കാശ്മീരി യുവജനങ്ങള്‍ക്ക് പിന്തുടരാന് പറ്റിയ മാതൃകയാണ് സൈറയെന്ന് മെഹബൂബ അഭിപ്രായപ്പെട്ടു. തുടര്‍ന്ന് സോഷ്യല്‍ മീഡിയകളില്‍ സൈറക്കെതിരെ പരിഹാസ വര്‍ഷമായിരുന്നു.
മെഹ്ബൂബയ്ക്കൊപ്പമുള്ള ചിത്രങ്ങള്‍ പുറത്തുവന്നതോടുകൂടി ഇതിനെ വിമര്‍ശിച്ച് സമൂഹമാധ്യമങ്ങളില്‍ ഒട്ടേറെ ട്രോളുകളും പ്രചരിച്ചു. ഇതേത്തുടര്‍ന്നാണ് 16കാരിയായ സൈറ ക്ഷമ ചോദിച്ചത്.
കശ്മീരികളുടെ വികാരത്തെ വ്രണപ്പെടുത്തിയതിന് താന്‍ ക്ഷമചോദിക്കുന്നതായി തിങ്കളാഴ്ച സമൂഹമാധ്യമത്തിലൂടെത്തന്നെ സൈറ അറിയിക്കുകയായിരുന്നു. തനിക്കെതിരെയുള്ള വിമർശനങ്ങള്‍ കൂടിയപ്പോള്‍ മാപ്പ് ചോദിച്ചുകൊണ്ട് സൈറ ട്വിറ്ററില്‍ തുറന്ന കത്ത് പോസ്റ്റ് ചെയ്യുകയായിരുന്നു.
ഈ അടുത്ത് ഞാന്‍ ചെയ്ത ചില പ്രവര്‍ത്തികള്‍ നിങ്ങളില്‍ വിഷമം ഉണ്ടാക്കിയെന്ന് മനസ്സിലാക്കുന്നു. അതിനാല്‍ ഞാന്‍ എല്ലാവരോടും മാപ്പ് ചോദിക്കുന്നു. എനിക്ക് നിങ്ങളുടെ വികാരം തിരിച്ചറിയാന്‍ സാധിക്കുന്നുണ്ട്. ഞാന്‍ കാശ്മീര്‍ യുവജനങ്ങള്‍ക്ക് മാതൃകയാണെന്ന് പലരും അഭിപ്രായപ്പെട്ടു. എന്നാല്‍ നിങ്ങളാരും എന്നെ മാതൃകയാക്കേണ്ട. എന്റെ പാത പിന്തുടരുകയും വേണ്ടയെന്നും ട്വിറ്ററില്‍ കുറിച്ച കത്തില്‍ സൈറ പറയുന്നു.
അതേസമയം, സൈറയ്ക്ക് പിന്തുണയുമായി കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള രംഗത്തെത്തി. മുഖ്യമന്ത്രി മെഹ്ബൂബയുമായി കൂടിക്കാഴ്ച നടത്തിയതിന് ഒരു പതിനാറുകാരിയെ ക്ഷമചോദിക്കാന്‍ നിര്ബന്ധിക്കരുതായിരുന്നെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
Post Your Comments