ഇന്ത്യ പാക് അതിര്‍ത്തി കേരളത്തില്‍. റെഡ് റോസ് ക്രിയേഷന്‍സിന്റെ ബാനറില്‍ മേജര്‍ രവി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘1971: ബിയോണ്ട് ബോര്‍ഡേഴ്സ്’ എന്ന സിനിമയുടെ ഷൂട്ടിങ്ങിനായാണ് ഇന്ത്യ പാക് അതിര്‍ത്തി സെറ്റിട്ടിരിക്കുന്നത്.
പെരുമ്പാവൂര്‍ നഗരത്തിന് സമീപത്തുള്ള നാല്പതേക്കറോളമുള്ള നിലം നികത്തിയെടുത്ത സ്ഥലമാണ് മോഹന്‍ലാല്‍-മേജര്‍ രവി ചിത്രത്തിനു വേണ്ടി ഇന്ത്യ-പാക് അതിര്‍ത്തിയാവുന്നത്.
ഉത്തരേന്ത്യന്‍ ഗ്രാമത്തിന്റേതു പോലെയുള്ള ചുറ്റുപാടുകളാണ് ഇവിടം ലൊക്കേഷനായി തിരഞ്ഞെടുക്കാന്‍ കാരണമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. 1971-ലെ ഇന്ത്യ-പാക് യുദ്ധം പ്രമേയമാക്കുന്ന സിനിമയുടെ ഷൂട്ടിങ്ങിനു വേണ്ടി രാജ്യാതിര്‍ത്തിയിലുള്ളതു പോലെ ഇരുമ്പുവേലികളും ട്രഞ്ചുകളും ഇവിടെ സെറ്റിട്ടിരിക്കുകയാണ്. നികത്തിയെടുത്ത 40 ഏക്കര്‍ വിസ്തൃതിയുള്ള പാടശേഖരം തരിശായി കിടക്കുകയായിരുന്നു.
മോഹന്‍ലാല്‍ മേജര്‍ മഹാദേവനായി അഭിനയിച്ച കീര്‍ത്തിചക്ര (2006), കുരുക്ഷേത്ര (2008), കാണ്ടഹാര്‍ (2010) എന്നീ സിനിമകളുടെ തുടര്‍ച്ചയാണ് പുതിയ ചിത്രവും. ചിത്രത്തില്‍ പ്രധാന കഥാപാത്രമായ മേജര്‍ മഹാദേവനായും അച്ഛന്‍ മേജര്‍ സഹദേവനായും ഇരട്ട റോളുകളിലാണ് മോഹന്‍ലാല്‍ എത്തുന്നത്. തിങ്കളാഴ്ച രാവിലെ തന്നെ സൈനിക വേഷത്തില്‍ മോഹന്‍ലാല്‍ ലൊക്കേഷനിലെത്തി. രാത്രിയും പകലും ഇവിടെ ഷൂട്ടിംഗ് നടക്കുകയാണ്. കശ്മീര്‍, പഞ്ചാബ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലായാണ് സിനിമയുടെ ഷൂട്ടിംഗ് പ്രധാനമായും നടത്തിയത്.
Post Your Comments