ബോളിവുഡില്‍ കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് ജൈത്രയാത്ര തുടരുന്ന ആമിര്ഖാന് ചിത്രമാണ് ദംഗല്‍. ചിത്രത്തില്‍ ആമിര്‍ അഭിനയിക്കാന്‍ താത്പര്യം കാണിച്ചില്ലെങ്കില്‍ ആ വേഷം മലയാളത്തിന്റെ സൂപ്പര്‍ താരം മോഹന്‍ലാലിനെ കൊണ്ട് അഭിനയിപ്പിക്കാന്‍ ആലോചിച്ചിരുന്നുവെന്നു ദംഗലിന് പിന്നിലെ മലയാളി സാന്നിധ്യവും യുടിവി മോഷന്‍ പിക്ചേഴ്സിന്റെ ക്രിയേറ്റീവ് ഹെഡുമായ ദിവ്യ റാവു പറയുന്നു.
മഹാവീര്‍ സിംഗ് ഫോഗട്ടാകാന്‍ ആമിര്ഖാന് വിസമ്മതിച്ചിരുന്നെങ്കില്‍ അടുത്ത ഊഴം മോഹന്‍ലാലിനെയോ, കമല്‍ ഹാസനെയോ തേടിയെത്തുമായിരുന്നൂവെന്ന് ദിവ്യ റാവു വ്യക്തമാക്കുന്നു. ദംഗല്‍ എന്ന സിനിമയുടെ ആശയം ആദ്യം ഉദിച്ചത് ഈ മലയാളി ക്രിയേറ്റീവ് ഹെഡിന്റെ ആശയത്തിലാണ്.
തന്റെ പെണ്മക്കളെ ഗുസ്തിയില്‍ ലോകോത്തര ചാമ്പ്യന്മാരാക്കാന് പരിശീലനം നല്കിയ മഹാവീര്‍ സിങ്ങ് എന്ന പിതാവിനെ കുറിച്ചു 2012ല്‍ വന്ന ഒരു പത്ര വാര്‍ത്തയില്‍ ആകൃഷ്ടയായ ദിവ്യ സിദ്ധാര്‍ഥ് റോയ് കപൂറിന്റെയും മറ്റ് അംഗങ്ങളെ ഇത് കാണിച്ചു. തുടര്‍ന്ന് ദിവ്യ ഉള്‍പ്പെടുന്ന ടീം ആശയവുമായി സംവിധായകന് നിതേഷ് തിവാരിയെ സമീപിക്കുകയും ആമിര്‍ ഖാനും ചിത്രത്തില്‍ താത്പര്യം പ്രകടിപ്പിക്കുകയും ചെയ്തതിലൂടെ ദംഗല്‍ പൂര്‍ണ്ണമായെന്നു ദിവ്യ പറയുന്നു.
ആമിറിനൊപ്പം പ്രവര്‍ത്തിച്ചത് സ്വപ്നതുല്യമെന്നു വിശേഷിപ്പിച്ച ദിവ്യ യഥാര്‍ത്ഥ സംഭവം തന്നെ സിനിമയാക്കുന്നതുകൊണ്ട് മഹാവീര്‍ സിംഗ് ഫോഗട്ടിന്റെ കുടുംബത്തെ കണ്ട് അനുവാദം വാങ്ങിയെന്നും കൂട്ടിച്ചേര്‍ത്തു.
മലയാളിയായ ദിവ്യ ആദ്യമായി ഭാഗമായ ചിത്രമാണ് ദംഗല്‍. അത് ചരിത്ര വിജയമായതിന്റെ സന്തോഷം ദിവ്യ പങ്കുവയ്ക്കുന്നുണ്ട്. ഗ്ലോബല്‍ പ്രൊഡക്ഷന്‍ ടീമിനൊപ്പം ഫ്രീലാന്‍സറായി ജോലി ചെയ്യുകയാണ് ദിവ്യ ഇപ്പോള്‍.
Post Your Comments