ബോളിവുഡിലെ ഏറ്റവും താരമൂല്യമുള്ള നടന്മാരാണ് ഷാരൂഖ് ഖാൻ, അമീർ ഖാൻ, ഹൃതിക് റോഷൻ, സല്മാന് ഖാൻ എന്നിവർ. സിനിമാ ലോകത്ത് മത്സര ബുദ്ധിയോടെ പ്രവര്‍ത്തിക്കുന്ന ഈ താരങ്ങള്‍ സ്വകാര്യ ജീവിതത്തിൽ പരസ്പരം ബന്ധപ്പെടാറുണ്ടോ, അതോ പ്രൊഫഷണൽ മത്സരം ജീവിതത്തിലും തുടരാറുണ്ടോ എന്നൊക്കെ ആരാധകര്‍ ഇപ്പോഴും ആകാംഷയോടെ നോക്കാറുണ്ട്. പക്ഷെ ഏറ്റവും വലിയ സത്യം എന്തെന്നാൽ ഇവർ തമ്മിലെല്ലാം തന്നെ മികച്ച രീതിയിലുള്ള സ്വകാര്യ ബന്ധം കാത്ത് സൂക്ഷിക്കുന്നുണ്ട് എന്നതാണ്.
സിനിമകളുടെ റിലീസ് സമയത്ത് പരസ്പരം ആശംസകള്‍ നേരാനും, ചിലതിൽ അതിഥി വേഷങ്ങളിലെത്തി പ്രോത്സാഹിപ്പിക്കാനും ഇവര്‍ തമ്മിൽ തയ്യാറാവുന്നുണ്ട്. അമീര്‍ ഖാന്റെ ‘ദംഗല്‍’ റിലീസ് ചെയ്ത സമയത്ത് സൽമാൻ ഖാൻ അതിനെക്കുറിച്ച് വളരെ മികച്ച അഭിപ്രായം പറയുകയും, സ്വന്തം ചിത്രമായ സുൽത്താനേക്കാൾ മികച്ചതാണ് ‘ദംഗൽ’ എന്ന് വിലയിരുത്തുകയും ചെയ്തു. ഇപ്പോള്‍ ഷാരൂഖിന്റേയും ഹൃതിക്കിന്റേയും പുതിയ സിനിമകളുടെ റിലീസ് സമയത്തും സല്മാന് ആശംസാ ട്വീറ്റുമായെത്തിയിരിക്കുകയാണ്.
21 വര്‍ഷം മുന്‍പുള്ള ഒരു ചിത്രമാണ് സല്മാന് ട്വിറ്ററില്‍ പങ്കുവച്ചത്. സല്‍മാനും ഹൃതിക്കും ഷാരൂഖുമാണ് ചിത്രത്തില്‍. 1995ല്‍ കരണ്‍ അര്ജുന് എന്ന സിനിമയുടെ സെറ്റില്‍ വച്ച് എടുത്തതാണ് ചിത്രം. സല്‍മാന്‍ഖാനും ഷാരൂഖ് ഖാനുമായിരുന്നു കരണ്‍ അര്‍ജുനിലെ നായകന്മാര്. അന്ന് ഹൃത്വിക് അഭിനയം തുടങ്ങിയിട്ടില്ല. അച്ഛന് രാകേഷ് റോഷന് സംവിധാനം ചെയ്ത കരണ്‍ അര്‍ജ്ജുന്റെ ചിത്രീകരണത്തില്‍ അസിസ്റ്റന്റ് ആയി പ്രവര്‍ത്തിച്ച ഹൃത്വിക്കും കൂടെ നില്കുന്ന ഒരു ചിത്രമാണത്.
ചിത്രത്തിന് സല്മാന് രാകേഷ് റോഷനോട് നന്ദി പ്രകടിപ്പിക്കുന്നുമുണ്ട്. റിലീസ് ചെയ്തിട്ട് 17 വര്‍ഷമായ കഹോനാ പ്യാര് ഹെ എന്ന ചിത്രത്തേയും ട്വീറ്റില്‍ പരാമര്‍ശിച്ച സല്മാന് ഷാരൂഖിന്റേയും ഹൃതിക്കിന്റേയും പുതിയ ചിത്രങ്ങളായ റയീസിനും കാബിലിനും ആശംസയും നേരുന്നു. ട്വീറ്റ് വന്ന് നിമിഷങ്ങള്‍ക്കകം ഹൃതിക് സല്മാന് നന്ദിയുമറിയിച്ചു. റയീസും കാബിലും റിലീസ് ചെയ്യുന്നത് ഈ മാസം 25നാണ്.
സല്‍മാന്‍ഖാനും ഷാരൂഖ് ഖാനും സഹോദരന്മാരായി അഭിനയിച്ച കരണ്‍ അര്ജുന് 1995 ജനുവരി 13 നാണ് റിലീസായത്. ബോക്സോഫീസ് തകര്‍ത്ത് മുന്നേറിയ ചിത്രത്തിലെ രാജേഷ് റോഷന് ഈണമിട്ട ഗാനങ്ങള്‍ക്ക് ഇന്നും ആസ്വാദകര്‍ ഏറെയാണ്.
Post Your Comments