ബാലതാരമായി കടന്നു വന്നു മുന്‍നിര താരമായി ബോളിവുഡില്‍ വളര്‍ന്ന ഋഷി കപൂര്‍ ബോബി എന്ന ചിത്രത്തിലെ അഭിനയത്തിന് പണം കൊടുത്ത് അവാര്‍ഡ് വാങ്ങിയിട്ടുണ്ടെന്ന് വെളിപ്പെടുത്തല്‍. തന്റെ ആത്മകഥയായ ഖുല്ലം ഖുല്ല എന്ന പുസ്തകത്തിലാണ് ഋഷി കപുര്‍ ഈ വെളിപ്പെടുത്തല്‍ നടത്തുന്നത്. ബോബി എന്ന ചിത്രത്തിലെ അഭിനയത്തിന് താന്‍ പണം കൊടുത്ത് അവാര്‍ഡ് വാങ്ങിയിട്ടുണ്ട്. പണം കൊടുത്ത് അവാര്‍ഡ് വാങ്ങിയത് തന്നെ ഇപ്പോഴും വേദനിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
തന്റെ പിതാവും ബോളിവുഡ് താരവുമായിരുന്ന രാജ് കപൂര്‍ നായകനായ മേരാനാം ജോക്കര്‍ എന്ന ചിത്രത്തിലൂടെയാണ് ഋഷി കപൂര്‍ അഭിനയരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്‌കാരം അദ്ദേഹത്തിനു ലഭിച്ചു. ഈ ദേശീയ പുരസ്‌കാര നേട്ടം തന്നെ അല്‍പ്പം അഹങ്കാരിയാക്കി മാറ്റിയതായി ഋഷി കപൂര്‍ പറയുന്നു.
1973ല്‍ ബോബി എന്ന ചിത്രത്തിലൂടെയാണ് ഋഷി കപൂര്‍ നായകനായി അരങ്ങേറുന്നത്. ചിത്രം സാമ്പത്തികമായി വിജയിച്ചെങ്കിലും അവാര്‍ഡുകളൊന്നും കിട്ടിയില്ല. അപ്പോള്‍ വാശിയായിയെന്നും അതുകൊണ്ടുതന്നെ ഒരു പ്രശസ്ത മാസികയുടെ അവാര്‍ഡ് പണം കൊടുത്തു വാങ്ങിയെന്നുമാണ് ഋഷി കപൂര്‍ വെളിപ്പെടുത്തുന്നത്. ഇരുപതു വയസ്സുള്ള ഒരു പയ്യന്റെ അവിവേകമാണതെന്നും ആദ്ദേഹം പറയുന്നു.
താന്‍ അവാര്‍ഡ് സ്വന്തമാക്കിയ ആ സമയത്ത് അമിതാബ് ബച്ചന്‍ തന്നോട് അധികം സംസാരിച്ചിരുന്നില്ലയെന്നും സജ്ജീറിലെ അഭിനയത്തിന് ബച്ചന്‍ അവാര്‍ഡ് പ്രതീക്ഷിച്ചിരുന്നുവെന്നു തോന്നുന്നുവെന്നും ഋഷി കപൂര്‍ പറയുന്നു. പിന്നീടൊരിക്കലും ഞാന്‍ അങ്ങനെ പണം കൊടുത്ത് അവാര്‍ഡ് സ്വന്തമാക്കിയിട്ടില്ലയെന്നും ഋഷി കപൂര്‍ പറയുന്നു.
Post Your Comments