അത്ര വെളുപ്പല്ലാത്ത തന്റെ നിറം തനിക്ക് വില്ലത്തിയായിട്ടുണ്ടെന്നു സീരിയല്‍ താരം ശ്രീപത്മ. കറുത്ത നിറത്തിന്റെ പേരില്‍ ഒട്ടേറെ പ്രോജക്ടുകള്‍ തനിക്കു നഷ്ടമായിട്ടുണ്ട്. കളറിന്റെ പേരില്‍ തഴയപ്പെട്ടപ്പോള്‍ കരഞ്ഞുപോയിട്ടുണ്ടെന്നും ശ്രീപത്മ പറയുന്നു.
ഓരോ പ്രോജക്ടിനും ഫോട്ടോ അയച്ചുകൊടുത്താല്‍ ഉടന്‍ വിളി വരുമായിരുന്നു. പക്ഷേ ഓഡിഷനു ചെന്നുകഴിഞ്ഞാല്‍ സ്ഥിതിയാകെ മാറും. ഫോട്ടോയില്‍ കണ്ട വെളുത്ത കുട്ടിക്കു പകരം കറുത്ത പെണ്‍കുട്ടി. കളറില്ലെന്നു വിധിയെഴുത്ത്.’ ശ്രീപത്മ പറയുന്നു. മനോരമ ഓണ്‍ലൈനിനു നല്‍കിയ അഭിമുഖത്തിലാണ് നിറത്തിന്റെ പേരില്‍ അവഗണന നേരിട്ടകാര്യം ശ്രീപത്മ പറയുന്നത്.
കളറിന്റെ പേരില്‍ അവസരം നഷ്ടപ്പെട്ട് നിരാശയോടെ മടങ്ങിയ നാളുകള്‍ ഇന്നും തന്റെ മനസ്സില്‍ ഒരു വേദനയായി കിടപ്പുണ്ടെന്ന് താരം തുറന്നു പറയുന്നു.
എന്നാല്‍ ഇത്തരം വേദനകളില്‍ നിന്നും എല്ലാ നിരാശയില്‍ നിന്നും തന്നെ മാറ്റിയത് ജയ ടി.വിയില്‍ വന്ന ‘അവളപ്പടിതാന്‍’ എന്ന സീരിയലാണെന്നും ശ്രീപത്മ പറയുന്നു. ഈ സീരിയലിലെ രണ്ടു നായികമാരിലൊരുവളായി എത്തിയത് ശ്രീപത്മയായിരുന്നു. ഇതോടെ സിനിമയിലും സീരിയലിലും ധാരാളം അവസരം ലഭിച്ചുതുടങ്ങി. മലയാളത്തില്‍ കറുത്തമുത്തിലെ അഞ്ജന എന്ന കഥാപാത്രം ഏറെ ശ്രദ്ധനേടി തന്നുവെന്നും അവര്‍ പറയുന്നു.
‘ഇപ്പോള്‍ ഞാന്‍ വളരെ ഹാപ്പിയാണ്. കറുപ്പിന്റെ ഒരു വേവലാതിയും ഇപ്പൊ തന്നെ അലട്ടുന്നില്ല. എവിടെയും തലയുയര്‍ത്തി നില്‍ക്കാമെന്നു നല്ല വിശ്വാസമുണ്ട്.’ ശ്രീപത്മ വ്യക്തമാക്കി.
നല്ല അവസരം ലഭിച്ചാല്‍ സിനിമയിലേക്ക് ചുവടുമാറ്റുവാന്‍ ആഗ്രഹിക്കുന്ന ശ്രീപത്മ നല്ല അവസരങ്ങള്‍ തന്നെതേടി വരുമെന്നുതന്നെയാണു കരുതുന്നതെന്നും ആരും തന്നെ തഴയുമെന്ന് തോന്നുന്നില്ലയെന്നും കൂട്ടിച്ചേര്‍ത്തു.
Post Your Comments