
കഴിഞ്ഞ ഡിസംബര്‍ മാസത്തില്‍ ആരംഭിച്ച സിനിമ സമരം ആന്റി ക്ലൈമാക്സിലേക്ക് അടുക്കുന്നു. തിയേറ്റര്‍ വരുമാനത്തിന്റെ പകുതി ലഭിക്കണമെന്ന ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്റെ നിലപാടിനെ പൊളിച്ചെഴുതി കൊണ്ടാണ് സമരത്തിന് പരിഹാരമാകുന്നത്. നടന് ദിലീപിന്റെ ഇടപെടലാണ് ഒരു മാസത്തോളം നീണ്ടുനിന്ന സിനിമാ സമരത്തിനു അന്ത്യം കുറിക്കാന്‍ കാരണമായത്. ദിലീപിന്റെ നേതൃത്വത്തില്‍ പുതിയ സംഘടന രൂപികൃതമാകുന്നതോടെ ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന് രണ്ടായി പിളര്‍ന്നു മറ്റൊരു മാറ്റത്തിനാണ് തുടക്കം കുറിക്കുന്നത്.
തിയേറ്റര്‍ ഉടമകളുടെ പിടിവാശിമൂലം സിനിമ സമരം രൂക്ഷമാകുന്ന സാഹഹര്യത്തിലായിരുന്നു ദിലീപിന്റെ തന്ത്രപരമായ ഇടപെടല്‍. കഴിഞ്ഞ ദിവസം കേരളത്തിലെ ചില എ ക്ലാസ് തിയേറ്ററുകളില്‍ വിജയ് ചിത്രം ‘ഭൈരവ’ പ്രദര്‍ശിപ്പിച്ചിരുന്നു. ‘ഭൈരവ’ പ്രദര്‍ശിപ്പിച്ച തീയേറ്റര്‍ പ്രതിനിധികളൊക്കെ പുതിയ സംഘടനയുടെ ഭാഗമാകും. പുതിയ നേതൃത്വത്തിലുള്ള സംഘടനയുടെ യോഗം നാളെ ചേരാനാണ് തീരുമാനം. ഇനിയും സമരം നീണ്ടാല്‍ തിയറ്ററുകള്‍ തുടര്‍ന്നും അടഞ്ഞുകിടക്കുമെന്ന് മനസിലായതോടെയാണ് ഫെഡറേഷനൊപ്പമുള്ള തിയേറ്ററുകളില്‍ ഭൈരവ കളിയ്ക്കാന്‍ തിയേറ്റര്‍ ഉടമകള്‍ തയ്യാറായത്. ഇതോടെ ലിബര്‍ട്ടി ബഷീറിന്റെ നേതൃത്വത്തിലുള്ള ഫെഡറേഷന്റെ തന്ത്രം പൊളിയുകയായിരുന്നു
Post Your Comments